LATEST NEWS » INDIA
  Apr 04, 2013
സര്‍ക്കാറിനോട് കളിച്ചാല്‍ സി.ബി.ഐ.യെ ഉപയോഗിച്ച് അകത്താക്കും - മുലായം
ലഖ്‌നൗ: ''സര്‍ക്കാറിനോട് പോരാടുക എളുപ്പമല്ല. സര്‍ക്കാറിന് ആയിരം കൈകളാണ്. സി.ബി.ഐ.യെ ഉപയോഗിച്ച് അവര്‍ നമ്മളെ ജയിലിലിട്ടുകളയും'' - സമാജ്‌വാദി പാര്‍ട്ടി മേധാവി മുലായം സിങ് യാദവിന്‍േറതാണ് ഈ പരിദേവനം. പാര്‍ട്ടി ജില്ലാ പ്രസിഡന്‍റുമാരുടെ യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീഷണപ്പെടുത്തിയാണ് കോണ്‍ഗ്രസ് പിന്തുണ ഉറപ്പാക്കുന്നത്. യു.പി.എ. സര്‍ക്കാറിനെ അതിന്റെ മോശം കാലങ്ങളില്‍ ഞാന്‍ പിന്തുണച്ചിട്ടുണ്ട്. പക്ഷേ, അതിനുശേഷം അവര്‍ സി.ബി.ഐ.യെ എന്റെ പിന്നാലെ വിടും - മുലായം പറഞ്ഞു. സി.ബി.ഐ.യെ കോണ്‍ഗ്രസ് ദുരുപയോഗം ചെയ്യുന്നതായി നേരത്തേയും മുലായം പരാതിപറഞ്ഞിരുന്നു.

സോഷ്യലിസ്റ്റ് നേതാവ് റാം മനോഹര്‍ ലോഹ്യയെ ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി പ്രശംസിച്ചതിനെക്കുറിച്ച് ചോദിച്ചപ്പോള്‍, അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കില്‍ അത് നല്ലകാര്യമാണെന്നായിരുന്നു മുലായത്തിന്റെ മറുപടി. ''ഞാന്‍ അദ്വാനിയെ എപ്പോഴെങ്കിലും പ്രശംസിച്ചാല്‍ അപ്പോള്‍ മാധ്യമങ്ങളില്‍ നിറംപിടിപ്പിച്ച കഥകള്‍ വരും. നല്ലകാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഒരാളെ അഭിനന്ദിക്കുന്നതില്‍ എന്താണ് തെറ്റ്. പകരം ഞാന്‍ അയാളെ അധിക്ഷേപിക്കണമെന്നാണോ പറയുന്നത്?'' - മുലായം ചോദിച്ചു.

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാന്‍ മുലായം ജില്ലാ പ്രസിഡന്‍റുമാരോട് ആഹ്വാനം ചെയ്തു.

Latest news