LATEST NEWS » INDIA
  Apr 04, 2013
ജെ.പി.സി. മുമ്പാകെ ഹാജരാകില്ലെന്ന് പ്രധാനമന്ത്രി
2 ജി: ഒന്നും മറച്ചുവെക്കാനില്ല


ന്യൂഡല്‍ഹി: 2 ജി ഇടപാട് അന്വേഷിക്കുന്ന സംയുക്ത സഭാസമിതി മുമ്പാകെ ഹാജരാകണമെന്ന ബി.ജെ.പി.യുടെ ആവശ്യം പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് തള്ളി. ബി.ജെ.പി. നേതാവ് യശ്വന്ത് സിന്‍ഹ തനിക്കയച്ച കത്തില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തള്ളിയ പ്രധാനമന്ത്രി, മൊഴി നല്‍കുന്നതിന് ആരെ വിളിക്കണമെന്നത് സഭാസമിതിയാണ് തീരുമാനിക്കേണ്ടതെന്ന് ചൂണ്ടിക്കാട്ടി.

2 ജി ഇടപാടില്‍ തനിക്കൊന്നും മറയ്ക്കാനില്ലെന്നും യശ്വന്ത് സിന്‍ഹയ്ക്ക് അയച്ച മറുപടിയില്‍ പ്രധാനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ കൈവശമുള്ള എല്ലാ രേഖകളും സമിതിക്ക് മുന്നിലുണ്ടെന്നും അദ്ദേഹം സിന്‍ഹയെ അറിയിച്ചു. ഏതെല്ലാം രേഖകള്‍ തേടണമെന്നും ആരെയൊക്കെ വിളിക്കണമെന്നുമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടത് സഭാസമിതിയും അതിന്റെ ചെയര്‍മാനുമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.

മുന്‍ ടെലികോം മന്ത്രി എ. രാജ സഭാസമിതിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തില്‍ തന്റെ ഭാഗം വിശദീകരിക്കാന്‍ ഹാജരാകണമെന്ന് പ്രധാനമന്ത്രിക്കയച്ച കത്തില്‍ യശ്വന്ത് സിന്‍ഹ ആവശ്യപ്പെട്ടിരുന്നു. ഹാജരാകാന്‍ മടിക്കുന്നത്, മറയ്ക്കാന്‍ എന്തോ ഉണ്ടെന്ന സംശയത്തിന് വഴിവെക്കുമെന്നും സിന്‍ഹ മുന്നറിയിപ്പു നല്‍കിയിരുന്നു.

2 ജി ഇടപാടിലെ സി.എ.ജി. റിപ്പോര്‍ട്ട് പി.എ.സി. പരിശോധിക്കുമ്പോള്‍ ആ സമിതിക്കു മുന്നില്‍ ഹാജരാകാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി പറഞ്ഞ കാര്യം സിന്‍ഹ ഓര്‍മിപ്പിച്ചു. എന്നാല്‍, നിരവധി അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും സഭാസമിതിക്കു മുന്നില്‍ ഹാജരാകാന്‍ താങ്കള്‍ തയ്യാറായിട്ടില്ലെന്ന് കത്തില്‍ സിന്‍ഹ കുറ്റപ്പെടുത്തുന്നു. അതേസമയം, സിന്‍ഹയുടെ കത്ത് 'രാഷ്ട്രീയ സ്റ്റണ്ട'ാണെന്ന് സഭാസമിതി ചെയര്‍മാന്‍ പി.സി. ചാക്കോ അഭിപ്രായപ്പെട്ടിരുന്നു.

Latest news