LATEST NEWS » WORLD
  Apr 04, 2013
പാക് തിരഞ്ഞെടുപ്പില്‍ 'സ്ഥാനാര്‍ഥികള്‍ക്ക് വോട്ടില്ല' എന്നും ഇനി രേഖപ്പെടുത്താം
ഇസ്‌ലാമാബാദ്: പാകിസ്താനിലെ തിരഞ്ഞെടുപ്പില്‍ ഇത്തവണ ബാലറ്റ്‌പേപ്പറില്‍ സ്ഥാനാര്‍ഥികള്‍ക്ക് വോട്ടില്ല എന്ന് രേഖപ്പെടുത്താനും അവസരമുണ്ടായേക്കും. മെയ് 11-ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറില്‍ സ്ഥാനാര്‍ഥികളുടെ പേരിനടിയിലായി 'മുകളിലുള്ള ആര്‍ക്കുമല്ലാതെ' എന്ന പേരില്‍ ഒരു കോളം ഇതിനായി ഒഴിച്ചിടും.

51 ശതമാനം വോട്ടര്‍മാര്‍ ഈ പുതിയ കോളത്തില്‍ വോട്ടു രേഖപ്പെടുത്തുന്ന അവസ്ഥയുണ്ടായാല്‍ ആ മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തും. ആദ്യമായാണ് പാകിസ്താന്‍ തിരഞ്ഞെടുപ്പില്‍ ഇത്തരമൊരു പരീക്ഷണം. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഫക്രുദ്ദീന്‍ ജി. എബ്രാഹിമിന്റെ നേതൃത്വത്തിലുള്ള ഇലക്ഷന്‍ പാനലിന്‍േറതാണ് നിര്‍ദേശം.

നിയമപരമായ അനുമതി ലഭിക്കേണ്ടതിനാല്‍ ഇതു സംബന്ധിച്ച് ഓര്‍ഡിനന്‍സ് ഇറക്കണമെന്നാവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രധാനമന്ത്രിക്ക് കത്തയയ്ക്കും. പ്രശ്‌നബാധിത മണ്ഡലങ്ങളില്‍ ഉപഗ്രഹ നിരീക്ഷണമേര്‍പ്പെടുത്താനും തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. 17,186 സ്ഥാനാര്‍ഥികള്‍ ഇതുവരെയായി പത്രിക സമര്‍പ്പിച്ചു. അന്തിമ സ്ഥാനാര്‍ഥിപ്പട്ടിക ഏപ്രില്‍ 19-ന് പുറത്തിറക്കും.

അതിനിടെ, സ്ഥാപക നേതാവ് സുള്‍ഫിക്കര്‍ അലി ഭൂട്ടോയുടെ ചരമദിനാചരണത്തിന് നിശ്ചയിച്ചിരുന്ന റാലി പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടി (പി.പി.പി.) റദ്ദാക്കി. തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഈ റാലിയില്‍ നടത്താനായിരുന്നു പി.പി.പി. തീരുമാനം. സുരക്ഷാ പ്രശ്‌നങ്ങളുമുള്ളതിനാലാണ് റാലി റദ്ദാക്കിയതെന്ന് പി.പി.പി. വക്താക്കള്‍ അറിയിച്ചു.

Latest news