LATEST NEWS
  Mar 24, 2013
ഡല്‍ഹി ടെസ്റ്റ്: ഇന്ത്യയ്ക്ക് ചരിത്രവിജയം
ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയ്ക്ക് എതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യയ്ക്ക് ചരിത്ര വിജയം. തുടര്‍ച്ചയായ നാല് വിജയങ്ങള്‍ നേടിയാണ് ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചത്. പരമ്പരയിലെ നാലു ടെസ്റ്റും ഇന്ത്യ വിജയിക്കുന്നത് ആദ്യമായാണ്. രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദി മാച്ച്. ആര്‍ അശ്വിന്‍ മാന്‍ ഓഫ് ദി സീരീസ്.

43 വര്‍ഷത്തിനിടെ ആദ്യമായാണ് ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പരയില്‍ 4 - 0 ന് പരാജയപ്പെടുന്നത്. ദക്ഷിണാഫ്രിക്കയുമായി 1969 ലാണ് അവര്‍ മുന്‍പ് ഇത്തരത്തിലുള്ള പരാജയം ഏറ്റുവാങ്ങുന്നത്. 92 പന്തുകളില്‍നിന്ന് 82 റണ്‍സ് നേടിയ ചേതേശ്വര്‍ പൂജാരയുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. 11 ബൗണ്ടറികള്‍ പൂജാര നേടി. വിരാട് കോലി 41 ഉം, ധോണി പുറത്താകാതെ എട്ടു റണ്‍സുമെടുത്തു.

നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ആറുവിക്കറ്റിനാണ് ഇന്ത്യയുടെ വിജയം. 155 റണ്‍സെന്ന വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 31.2 ഓവറില്‍ വിജയംകണ്ടു. ചേതേശ്വര്‍ പൂജാരയും വിരാട് കോലിയുമാണ് ഇന്ത്യയുടെ റണ്‍വേട്ടയ്ക്ക് തുടക്കം കുറിച്ചത്. ചെന്നൈ, ഹൈദരാബാദ്, മൊഹാലി ടെസ്റ്റുകള്‍ നേരത്തെ ഇന്ത്യ വിജയിച്ചിരുന്നു.

Latest news