LATEST NEWS
  Mar 24, 2013
വധഭീഷണി അവഗണിച്ച് മുഷറഫ് വീണ്ടും പാക് മണ്ണില്‍
കറാച്ചി: നാലുവര്‍ഷത്തെ വിദേശവാസത്തിനുശേഷം പാകിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വെസ് മുഷറഫ് രാജ്യത്ത് മടങ്ങിയെത്തി. മെയ് 11 ന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ പങ്കെടുക്കാനാണ് താലിബാന്‍ തീവ്രവാദികളുടെ വധഭീഷണി അവഗണിച്ച് അദ്ദേഹം കറാച്ചിയിലെത്തിയത്. പാര്‍ട്ടി പ്രവര്‍ത്തകരും മാധ്യമ പ്രവര്‍ത്തകരും അടങ്ങിയ 150 അംഗ സംഘത്തോടൊപ്പം പ്രത്യേക എമിറേറ്റ്‌സ് വിമാനത്തിലാണ് 69 കാരനായ മുഷറഫ് ഞായറാഴ്ച ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.

സ്ത്രീകളും കുട്ടികളും അടക്കം ആയിരക്കണക്കിന് പേര്‍ മുഷറഫിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. പാര്‍ട്ടി പതാകകളും പാകിസ്താന്റെ ദേശീയപതാകയുമായി കാത്തുനിന്ന അനുയായികള്‍ മുഷറഫിന്റെ വിമാനം ലാന്‍ഡുചെയ്ത ഉടന്‍ അദ്ദേഹത്തിന് മുദ്രാവാക്യങ്ങള്‍ മുഴക്കി.

പാകിസ്താന്‍ താലിബാന്റെ വധഭീഷണിയെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കനത്ത സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നു. പോലീസും അര്‍ധസൈനിക വിഭാഗവും ചേര്‍ന്നാണ് വിമാനത്താവളത്തിന് അകത്തും പുറത്തും മുഷറഫിന് സുരക്ഷ ഒരുക്കിയത്. സ്‌കാനര്‍ ഉപയോഗിച്ച് പരിശോധന നടത്തിയ ശേഷമാണ് ജനങ്ങളെയും വാഹനങ്ങളെയും വിമാനത്താവളത്തിലേക്ക് കടത്തിവിട്ടത്. ഡോഗ് സ്‌ക്വാഡും വിമാനത്താവളത്തില്‍ പരിശോധന നടത്തി.

താന്‍ ഉച്ചയോടെ പാകിസ്താനില്‍ എത്തുമെന്ന് ദുബായില്‍നിന്ന് വിമാനത്തില്‍ കയറിയ ഉടന്‍ അദ്ദേഹം ട്വിറ്ററില്‍ രേഖപ്പെടുത്തി. അവിടുത്തെ വീട്ടില്‍നിന്ന് ഇറങ്ങുന്നതിന്റെ ചിത്രവും വിമാനത്തില്‍ ഇരിക്കുന്നതിന്റെ ചിത്രവും അദ്ദേഹം ട്വീറ്റ് ചെയ്തു. പാകിസ്താന്‍ തനിക്ക് ഗൃഹാതുരത്വം ഉണര്‍ത്തുന്ന ഓര്‍മ്മകള്‍ നല്‍കുന്നുവെന്നും അവിടുത്തെ ജനങ്ങള്‍ ആഗ്രഹിക്കുന്ന കാര്യങ്ങള്‍ തന്നെ നടക്കുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

നാട്ടില്‍ മടങ്ങിയെത്തിയാല്‍ അദ്ദേഹത്തെ വധിക്കുമെന്നാണ് പാക് താലിബാന്റെ ഭീഷണി. ഇതിനായി പരിശീലനം നല്‍കിയ പ്രത്യേകഗ്രൂപ്പിനെ നിയോഗിച്ചിട്ടുണ്ടെന്നും താലിബാന്‍ പുറത്തിറക്കിയ വീഡിയോസന്ദേശത്തില്‍ പറയുന്നു. എന്നാല്‍, എന്തുതന്നെ സംഭവിച്ചാലും മടങ്ങിവരാനുള്ള തീരുമാനത്തില്‍ മാറ്റമില്ലെന്ന നിലപാടില്‍ മുഷറഫ് ഉറച്ചുനിന്നു.

അമേരിക്കയുടെ നേതൃത്വത്തില്‍ തുടങ്ങിയ ഭീകരവിരുദ്ധയുദ്ധത്തെ മുഷറഫ് പിന്തുണച്ചതാണ് താലിബാനെ പ്രകോപിപ്പിക്കാന്‍ കാരണം. 1999ല്‍ പ്രസിഡന്റായി അധികാരമേറ്റ മുന്‍ പട്ടാളജനറല്‍ കൂടിയായ മുഷറഫ്, പാര്‍ലമെന്റില്‍ ഇംപീച്ച്‌മെന്റ് വരുന്നതിന് മുന്‍പ് 2008ലാണ് രാജിവെച്ചത്. ഇതേത്തുടര്‍ന്ന് പാകിസ്താന്‍വിട്ട് ദുബായിലും ലണ്ടനിലുമായി കഴിയുകയായിരുന്നു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പങ്കാളിയാകുമെന്ന് മുഷറഫ് പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ കേസുകളില്‍ മുഷറഫിന് പാക് ഹൈക്കോടതി വെള്ളിയാഴ്ചയാണ് ജാമ്യം അനുവദിച്ചത്.

Latest news