OBITUARY
  Mar 24, 2013
ലോറിയും കാറും കൂട്ടിയിടിച്ച് സഹോദരങ്ങളടക്കം മൂന്നുപേര്‍ മരിച്ചു
കായംകുളം: ദേശീയപാതയില്‍ രാമപുരത്ത് ലോറിയും കാറും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന സഹോദരങ്ങളടക്കം മൂന്നുപേര്‍മരിച്ചു. ഒരാളെ ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൊല്ലം ശക്തികുളങ്ങര കവറാട്ട് കിഴക്കതില്‍ സുനില്‍കുമാര്‍(44) സഹോദരി കൊല്ലം വള്ളിക്കീഴ് കൈരളി നഗര്‍-141-ല്‍ ആസാദിന്റെ ഭാര്യ ഷീല(48), സുനില്‍കുമാറിന്റെ ഭാര്യാസഹോദരന്‍ ചവറ പുതുക്കാട് ഭദ്രാലയത്തില്‍ വിശ്വഭദ്രന്‍(35) എന്നിവരാണ് മരിച്ചത്.

സുനിലിന്റെ മറ്റൊരു സഹോദരി കൊല്ലം മുളങ്കാടകം നാണിയില്‍ ഹരിഹരന്റെ ഭാര്യ ഷീജ(40) യെയാണ് ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ആസാദിനെ കാണാന്‍ പോകുമ്പോള്‍ ശനിയാഴ്ച രാവിലെ 7 നായിരുന്നു അപകടം. ഗ്യാസ് സിലിന്‍ഡറുമായി കൊല്ലത്തേക്കു പോകുകയായിരുന്ന ലോറി കാറിലിടിക്കുകയായിരുന്നു. ലോറിയുടെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു.

ലോറിയില്‍നിന്നിറങ്ങിയോടി കരീലക്കുളങ്ങര സ്‌റ്റേഷനില്‍ കീഴടങ്ങിയ ലോറിഡ്രൈവര്‍ പുനലൂര്‍ ഇളമ്പല്‍ മുകുളുവിളയില്‍ ഷിജു തന്നെയാണ് ഇക്കാര്യം പോലീസിനോട് പറഞ്ഞത്.

അപകടത്തില്‍ പൂര്‍ണമായും തകര്‍ന്ന കാറിനുള്ളില്‍ കുടുങ്ങിക്കിടന്നവരെ നാട്ടുകാരും ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് കാര്‍ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. വിശ്വഭദ്രനും സുനില്‍കുമാറും സംഭവസ്ഥലത്തു തന്നെ മരിച്ചു. ആശുപത്രിയിലേക്കു കൊണ്ടുപോകുംവഴിയാണ് ഷീല മരിച്ചത്.

വെളുപ്പിന് അഞ്ചുമണിയോടെ കൊല്ലത്തുനിന്ന് യാത്ര തിരിച്ച അമ്മയും ബന്ധുക്കളും എവിടെയെത്തിയെന്നറിയാന്‍ ഷീലയുടെ മക്കള്‍ ഫോണ്‍ വിളിച്ചിരുന്നു. മൊബൈല്‍ ഫോണ്‍ എടുത്ത പോലീസ് അപകടവിവരമാണ് മക്കളെ അറിയിച്ചത്.

ഷീലയുടെ മക്കള്‍. ആഷിക്ക്, അഖില്‍. സുനില്‍ കുമാറിന്റെ ഭാര്യ.സീന.

ലോറി ഡ്രൈവര്‍ ഷിജുവിനെ പോലീസ് അറസ്റ്റു ചെയ്തു.



Other News in this section
മിനിബസ്സിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു; അഞ്ചുപേര്‍ക്ക് പരിക്ക്‌
രാമനാട്ടുകര: നിയന്ത്രണംവിട്ട മിനിബസ്സിടിച്ച് കാല്‍നടയാത്രക്കാരന്‍ മരിച്ചു. ബസ് യാത്രക്കാരും സ്‌കൂട്ടര്‍ യാത്രക്കാരനുമുള്‍പ്പെടെ അഞ്ചുപേര്‍ക്ക് പരിക്കുപറ്റി. ചേലേമ്പ്ര പടിഞ്ഞാറ്റിന്‍ പൈ ഇയ്യത്തൊടിയിലെ പുന്നത്ത് വാസു (60) ആണ് മരിച്ചത്. ബസ് യാത്രക്കാരായ ഐക്കരപ്പടി ചെറിങ്ങപുറായി ബിന്ദു (35), കൊണ്ടോട്ടി ചെട്ടിലക്കുന്ന് സിന്ധു (34), വാഴക്കാട് അനന്തായൂര്‍ പിലാത്തോട്ടത്തില്‍ ..

Latest news