LATEST NEWS » KERALA
  Mar 24, 2013
ലാഭപ്രഭ തുടങ്ങി; ആദ്യം ചേര്‍ന്നത് ഉമ്മന്‍ചാണ്ടിയും ആര്യാടനും
തിരുവനന്തപുരം: വൈദ്യുതി ലാഭിച്ചാല്‍ സമ്മാനം കിട്ടുന്ന ലാഭപ്രഭയ്ക്ക് തുടക്കമായി. ആദ്യം ഇതില്‍ ചേര്‍ന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വൈദ്യുതിമന്ത്രി ആര്യാടന്‍ മുഹമ്മദും.

ക്ലിഫ് ഹൗസിലെ വൈദ്യുതി ഉപയോഗം കുറയ്ക്കാനാണ് മുഖ്യമന്ത്രി രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ അവിടെ തനിക്കും കുടുംബത്തിനും പുറമേ ജീവനക്കാരുടെ ക്വാര്‍ട്ടേഴ്‌സുകളുമുള്ളതിനാല്‍ എത്ര ശ്രമിച്ചാലും കഴിയുമോ എന്ന സംശയമുണ്ട് മുഖ്യമന്ത്രിക്ക്. ഉപയോഗം കുറച്ചില്ലെങ്കില്‍ പിഴയില്ലെന്നതാണ് തനിക്കാശ്വാസം നല്‍കുന്നത്. ശിക്ഷ ഏര്‍പ്പെടുത്താത്തതിന്റെ ഗുണം ആദ്യം കിട്ടാന്‍പോകുന്നതും തനിക്കായിരിക്കുമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. അതുകൊണ്ട് കുറയ്ക്കുന്നവര്‍ക്ക് സമ്മാനം നല്‍കുന്നതുപോലെ കുറയ്ക്കാത്തവര്‍ക്ക് പിഴയുംവേണമെന്ന് അദ്ദേഹം പറഞ്ഞു.

എന്നാല്‍ നിലമ്പൂരിലെ തന്റെ വീടിന്റെ കണ്‍സ്യൂമര്‍ നമ്പരാണ് മന്ത്രി ആര്യാടന്‍ രജിസ്റ്റര്‍ ചെയ്തത്.
ഉപയോഗം കുറച്ചാല്‍ സമ്മാനത്തിനുപുറമെ അതിന്റെ പകുതിക്ക് തുല്യം പണവും കിട്ടുന്ന ലാഭപ്രഭ പദ്ധതി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് ഉദ്ഘാടനം ചെയ്തത്. പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കി അതിരപ്പിള്ളി ഉള്‍പ്പെടെയുള്ള ജലവൈദ്യുത പദ്ധതികള്‍ വേണമെന്നാണ് സര്‍ക്കാരിന്റെ നിലപാടെന്ന് മുഖ്യമന്ത്രി പറഞ്ഞു. നോ ലോഡ്‌ഷെഡ്ഡിങ് പ്രചാരണവും ഉദ്ഘാടനംചെയ്തു.
കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ ഊര്‍ജോത്പാദനത്തിന് പാരമ്പര്യേതര മാര്‍ഗങ്ങളിലേക്ക് തിരിയുമെന്ന് ആധ്യക്ഷ്യം വഹിച്ച മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. സര്‍ക്കാര്‍ ഓഫീസുകളില്‍ വൈദ്യുതിബോര്‍ഡ് തന്നെ സൗരോര്‍ജ പ്ലാന്‍റുകള്‍ സ്ഥാപിക്കും. ബോര്‍ഡംഗം അന്നമ്മാജോണ്‍, പബ്ലിക് റിലേഷന്‍സ് ഡയറക്ടര്‍ എസ്.ഡി. പ്രിന്‍സ് എന്നിവരും പങ്കെടുത്തു.

വൈദ്യുതി ഉപഭോഗം 63 ദശലക്ഷം യൂണിറ്റ് കടന്നു


വെള്ളിയാഴ്ച വൈദ്യതി ഉപഭോഗം 63.3 ദശലക്ഷം യൂണിറ്റായി ഉയര്‍ന്നതായി ബോര്‍ഡ് ചെയര്‍മാന്‍ എം.ശിവശങ്കര്‍ പറഞ്ഞു. ഇത് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ ഉപഭോഗമാണ്. കഴിഞ്ഞവര്‍ഷം മാര്‍ച്ച് 21 നായിരുന്നു സര്‍വകാല റെക്കോഡ്-63.45 ദശലക്ഷം യൂണിറ്റ്. ഓരോ ഉപഭോക്താവും ദിവസം ഒരുമിനിട്ടുവീതം ശ്രദ്ധിച്ചാല്‍ ഓരോ ദിവസത്തെയും ഉപഭോഗം വിലയിരുത്തി അത് കുറയ്ക്കാനാവുമെന്ന് അദ്ദേഹം പറഞ്ഞു.

ലാഭപ്രഭയ്ക്ക് രജിസ്റ്റര്‍ ചെയ്യേണ്ടത് ഇങ്ങനെ


ലാഭപ്രഭയില്‍ ചേരാന്‍ ഉപഭോക്താക്കള്‍ 9287088808 എന്ന നമ്പരിലേക്ക് എസ്.എം.എസ് അയയ്ക്കണം. കെ.എസ്.ഇ.ബി. സ്‌പെയ്‌സ് സെക്ഷന്‍ കോഡ് സ്‌പെയ്‌സ് കണ്‍സ്യൂമര്‍ നമ്പര്‍ എന്നതാണ് ഫോര്‍മാറ്റ്. സെക്ഷന്‍ കോഡ് വൈദ്യുതി ബില്ലില്‍ ഏറ്റവും മുകളിലായി സെക്ഷന്റെ പേരിനൊപ്പം ബ്രായ്ക്കറ്റില്‍ നല്‍കിയിട്ടുണ്ട്. ആദ്യസന്ദേശം കിട്ടിയാല്‍ ഉപഭോക്താവിന്റെ ശരാശരി ഉപഭോഗം തിരികെ എസ്.എം.എസായി ബോര്‍ഡ് അറിയിക്കും. വൈദ്യുതി ലാഭിക്കാനുള്ള വഴികളെക്കുറിച്ചും വിവരം നല്‍കും. മീറ്റര്‍ റീഡിങ് സ്വയംനോക്കി എന്നൊക്കെ രോഖപ്പെടുത്തണമെന്നും അറിയിക്കും. ഇതിനുള്ള ഫോര്‍മാറ്റ് പത്രങ്ങളില്‍ പരസ്യംചെയ്യും. ഇങ്ങനെ ലാഭിക്കുന്ന യൂണിറ്റ് കണക്കാക്കി സമ്മാനം അല്ലെങ്കില്‍ യൂണിറ്റ് വിലയുടെ പകുതി തിരികെനല്‍കും.

വൈദ്യുതി ലാഭിക്കുന്ന 50,000 പേര്‍ക്ക് ആഴ്ചതോറും സി.എഫ്.എല്‍ നല്‍കും. ആയിരംപേര്‍ക്ക് സൗരോര്‍ജ റാന്തല്‍, ടേബിള്‍ ലാമ്പ്, എല്‍.ഇ.ഡി, ടി-5 ട്യൂബ് ലൈറ്റ്, സോളാര്‍ വാട്ടര്‍ ഹീറ്റര്‍ എന്നീ സമ്മാനങ്ങളുമുണ്ട്. ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കുന്ന 100 ലാഭപ്രഭകള്‍ക്ക് ഒരുകിലോവാട്ട് സൗരോര്‍ജപ്ലാന്‍റും ലഭിക്കും.

Latest news

- -