LATEST NEWS » KERALA
  Mar 24, 2013
വിവാഹ മോചനത്തിനു മുന്‍പ് താത്കാലിക ജീവനാംശം നിയമാനുസൃതമല്ല
കൊച്ചി: വിവാഹ മോചനത്തിനു മുന്‍പ് ഒന്നിച്ചൊരു തുക ജീവനാംശം നല്‍കാന്‍ ഭാര്യയും ഭര്‍ത്താവും ഒപ്പുവെക്കുന്ന കരാര്‍ നിയമാനുസൃതമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. തിരുവനന്തപുരം കോടതിയില്‍ വിവാഹ മോചന അപേക്ഷയും ജീവനാംശത്തിനുള്ള നിയമാനുസൃത അപേക്ഷയും നിലനില്‍ക്കേ തയ്യാറാക്കിയ കരാര്‍ റദ്ദാക്കിക്കൊണ്ടാണ് ജസ്റ്റിസ് പയസ് സി. കുര്യാക്കോസും ജസ്റ്റിസ് ബാബു മാത്യു പി. ജോസഫും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ ഈ ഉത്തരവ്.

വിവാഹമോചന ഹര്‍ജി തീര്‍പ്പാകും മുന്‍പ് ഉഭയസമ്മതപ്രകാരം വേറിട്ടു താമസിക്കുന്ന ഭാര്യാഭര്‍ത്താക്കന്മാരാണ് ഇടക്കാല കരാറുണ്ടാക്കിയത്. ഭാര്യക്ക് 1.5 ലക്ഷം രൂപ ഒറ്റത്തവണ ജീവനാംശമായി നല്‍കാനായിരുന്നു കരാര്‍. ഇതു സംബന്ധിച്ച കുടുംബക്കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്താണ് ഭര്‍ത്താവ് ഹൈക്കോടതിയില്‍ എത്തിയത്. ഭാര്യക്ക് നിയമപരമായി ലഭിക്കാവുന്ന ജീവനാംശം ഒഴിവാക്കുന്നതോ നിഷേധിക്കുന്നതോ നിയമത്തിന് വിരുദ്ധമാണ്. അതിനാലാണ് പ്രസ്തുത കരാര്‍ റദ്ദാക്കുന്നതെന്ന് കോടതി വ്യക്തമാക്കുന്നു.

ക്രിമിനല്‍ നടപടിക്രമത്തിലെ 125-ാം വകുപ്പ് ഭാര്യക്ക് ജീവനാംശം ഉറപ്പാക്കാനുള്ളതാണ്. നിയമാനുസൃതമുള്ള ഈ നഷ്ടപരിഹാരം സ്ത്രീകളെ സംരക്ഷിക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്. അതില്‍ വെള്ളം ചേര്‍ക്കാന്‍ ഭര്‍ത്താവിനോ ഭാര്യക്കോ അര്‍ഹതയില്ലെന്ന് കോടതി വ്യക്തമാക്കി. ജീവനാംശത്തിനായി ഭാര്യ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കുന്നതില്‍ നിന്ന് കുടുംബക്കോടതിയെ ഒഴിവാക്കി നിര്‍ത്താന്‍ ഭാര്യക്കോ ഭര്‍ത്താവിനോ അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി.

Latest news