LATEST NEWS » KERALA
  Mar 24, 2013
ചേലേമ്പ്ര ബാങ്ക് കവര്‍ച്ച: മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം കഠിനതടവും പിഴയും
മൂന്ന് കുട്ടികളുടെ അമ്മയാണെന്നതിനാല്‍ നാലാംപ്രതിക്ക് ശിക്ഷയിളവ്


മഞ്ചേരി: മലപ്പുറം ചേലേമ്പ്രയിലെ സൗത്ത് മലബാര്‍ ഗ്രാമീണബാങ്ക് കവര്‍ച്ചക്കേസിലെ ആദ്യ മൂന്ന് പ്രതികള്‍ക്ക് 10 വര്‍ഷം വീതം കഠിനതടവും പിഴയും മഞ്ചേരി ഒന്നാം അതിവേഗകോടതി വിധിച്ചു. മൂന്ന് കുട്ടികളുടെ അമ്മയാണെന്ന പരിഗണനയില്‍ നാലാംപ്രതിയുടെ ശിക്ഷ അഞ്ച് വര്‍ഷമാക്കി കുറച്ചു. തെളിവ് നശിപ്പിച്ചതിന് രണ്ടാം പ്രതിക്ക് രണ്ട് വര്‍ഷം കൂടുതല്‍ തടവ് ശിക്ഷയുണ്ട്.

കേസിലെ ഒന്നാംപ്രതി കോട്ടയം മേലുകാവ് ഉള്ളനാട് വാണിയംപുരയ്ക്കല്‍ ജോസഫ് എന്ന ജയ്‌സണ്‍ (ബാബു-46), രണ്ടാം പ്രതി തൃശ്ശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി കടവില്‍ ഷിബു(രാകേഷ്-32), മൂന്നാം പ്രതി കൊയിലാണ്ടി മൂടാടി നങ്ങലത്ത് രാധാകൃഷ്ണന്‍(51), നാലാം പ്രതിയും രാധാകൃഷ്ണന്റെ ഭാര്യയുമായ വടകര പുറമേരി കോടഞ്ചേരി മാലോര്‍ കനകേശ്വരി(34) എന്നിവരാണ് ശിക്ഷിക്കപ്പെട്ടവര്‍.

ഒന്നും മൂന്നും നാലും പ്രതികള്‍ 50,000 രൂപ വീതവും രണ്ടാംപ്രതി 60,000 രൂപയും പിഴയൊടുക്കണം. അല്ലാത്തപക്ഷം തടവ് ശിക്ഷ അനുഭവിക്കണം. പ്രതികളില്‍നിന്ന് പിടികൂടിയ 73 ലക്ഷത്തോളം രൂപയും 64.12 കിലോഗ്രാം സ്വര്‍ണവും ബാങ്കിന് നല്‍കണം. പ്രതികളുടെ പക്കല്‍നിന്ന് പിടിച്ചെടുത്ത കാറുകള്‍ കണ്ടുകെട്ടാനും നിര്‍ദേശിച്ചു.

ജഡ്ജി എസ്. സതീഷ്ചന്ദ്രബാബുവാണ് ശിക്ഷ വിധിച്ചത്. മൂന്നുവര്‍ഷത്തോളം നീണ്ട വിചാരണയില്‍ 80 സാക്ഷികളെ കോടതി വിസ്തരിച്ചു.

ഇതില്‍ രണ്ടുപേര്‍ കൂറുമാറി. 302 രേഖകളും 362 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി. മൊഴികള്‍ മാത്രം 3000 പേജുണ്ട്. 300 പേജോളം വരുന്നതാണ് വിധിന്യായം.

പ്രതികള്‍ ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി. ഇപ്പോള്‍ പ്രതികള്‍ റിമാന്‍ഡ് കാലാവധി അഞ്ച്‌വര്‍ഷം പൂര്‍ത്തിയാക്കിയിട്ടുണ്ട്. അതിനാല്‍ പിഴ അടച്ചാല്‍ കനകേശ്വരിക്ക് പുറത്തിറങ്ങാം. മറ്റ് പ്രതികള്‍ അഞ്ച് വര്‍ഷം കൂടി ജയില്‍ശിക്ഷ അനുഭവിക്കണം. പിഴയടയ്ക്കാന്‍ പണമില്ലെന്നും കുഞ്ഞുങ്ങളുണ്ടെന്നും വെറുതെ വിടണമെന്നുമുള്ള കനകേശ്വരിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല.

കോടതിവിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീലിന് പോകുമെന്ന് പ്രതിഭാഗം വക്കീല്‍ അറിയിച്ചു. തുടര്‍ന്ന് കനകേശ്വരിയെ കണ്ണൂര്‍ വനിതാ ജയിലിലേക്കും മറ്റ് പ്രതികളെ കോഴിക്കോട് ജില്ലാ ജയിലിലേക്കും കൊണ്ടുപോയി. കേസിലെ ഒന്നും രണ്ടും പ്രതികള്‍ ആലപ്പുഴയില്‍ മുമ്പ് മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളതിനാല്‍ പരമാവധി ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചില്ല.

ഒന്നുമുതല്‍ മൂന്നുവരെ പ്രതികള്‍ കളവ് നടത്തിയതിന് ഏഴുവര്‍ഷം വീതം കഠിനതടവും 20,000 രൂപ വീതം പിഴയും പിഴയടച്ചില്ലെങ്കില്‍ മൂവരും ഒരു വര്‍ഷം കൂടി ശിക്ഷയും അനുഭവിക്കണം. അതുപോലെ രാത്രിയിലെ അക്രമത്തിന് 10 വര്‍ഷം വീതം കഠിന തടവും 20,000 രൂപവീതം പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കില്‍ ഒരുവര്‍ഷം കൂടി ശിക്ഷ അനുഭവിക്കണം. കുറ്റകരമായ ഗൂഢാലോചനയ്ക്ക് ഈ പ്രതികള്‍ രണ്ടുവര്‍ഷം വീതം കഠിനതടവും 10,000 രൂപവീതം പിഴയും ഒടുക്കണം. പിഴ നല്‍കാത്ത പക്ഷം ആറുമാസം കൂടി ശിക്ഷ അനുഭവിക്കണം. അലമാര പൊളിച്ചതിന് ഒരുവര്‍ഷം കഠിനതടവും വിധിച്ചിട്ടുണ്ട്. ബാങ്കിന്റെ തറ തുരക്കുന്നതിനുള്ള കട്ടറും മറ്റ് ഉപകരണങ്ങളും ഉള്‍പ്പെട്ട തെളിവുകള്‍ നശിപ്പിച്ചതിന് രണ്ടാംപ്രതി ഷിബുവിന് വകുപ്പ് 201 പ്രകാരം രണ്ടുവര്‍ഷം കഠിനതടവും 10,000 രൂപ പിഴയും കോടതി പ്രത്യേകം വിധിച്ചു. നാലാം പ്രതി കനകേശ്വരിക്ക് ഗൂഢാലോചനയ്ക്ക് രണ്ടുവര്‍ഷം തടവും 10,000 രൂപ പിഴയും കളവ് നടത്തിയതിന് അഞ്ചുവര്‍ഷം തടവും 20,000 രൂപ പിഴയും ഭവനഭേദനത്തിന് അഞ്ചുവര്‍ഷം തടവും 20,000 രൂപ പിഴയുമാണ് വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. കെ.പി. ദാമോദരന്‍ നമ്പ്യാര്‍, അഡ്വ. ഇ.കെ. വാസന്‍, അഡ്വ. ബി.വി. ദീപു എന്നിവര്‍ ഹാജരായി.

അപൂര്‍വത നിറഞ്ഞ കവര്‍ച്ച


കേരളത്തെ നടുക്കിയ ചേലേമ്പ്ര ബാങ്ക് കവര്‍ച്ച നടക്കുന്നത് 2007 ഡിസംബര്‍ 30നാണ്. ദേശീയപാതയില്‍ ഇടിമൂഴിക്കലില്‍ ചേലേമ്പ്ര സൗത്ത് മലബാര്‍ ഗ്രാമീണബാങ്കിന്റെ താഴത്തെ നില ഹോട്ടലിനായി വാടകയ്‌ക്കെടുത്ത പ്രതികള്‍ ബാങ്കിന്റെ തറതുരന്ന് കവര്‍ച്ച നടത്തുകയായിരുന്നു. സ്‌ട്രോങ് റൂമില്‍ സൂക്ഷിച്ചിരുന്ന 79.88 കിലോഗ്രാം സ്വര്‍ണവും 24.80 ലക്ഷം രൂപയുമാണ് അപഹരിച്ചത്. ആഭരണങ്ങളും പണവും സൂക്ഷിച്ച അലമാര ഗ്യാസ്‌കട്ടര്‍ ഉപയോഗിച്ച് മുറിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ 64.12 കിലോഗ്രാം സ്വര്‍ണം കണ്ടെടുത്തിരുന്നു. 88.51 ലക്ഷം രൂപ, 40 ലക്ഷം രൂപയുടെ ഭൂമിയുടെ രേഖകള്‍, നാല് കാറുകള്‍ എന്നിവയും കണ്ടെടുത്തു. തെളിവുകള്‍ ഇല്ലാതെ നടത്തിയ കവര്‍ച്ചയില്‍ 20 ലക്ഷത്തോളം ഫോണ്‍കോളുകള്‍ നിരീക്ഷിച്ചാണ് പ്രതികളെക്കുറിച്ച് സൂചന ഉണ്ടാക്കുന്നത്. വീട്ടമ്മയുള്‍പ്പെടെ നാലുപേര്‍ സൂത്രധാരകരായുള്ള അപൂര്‍വത നിറഞ്ഞ കവര്‍ച്ചയായിരുന്നു ചേലേമ്പ്രയിലേത്. ഏറ്റവും കൂടുതല്‍ കളവ് മുതല്‍ കണ്ടെടുത്തെന്ന പ്രത്യേകതയും ഈ കേസിനുണ്ട്.

Latest news