LATEST NEWS » KERALA
  Mar 24, 2013
ലോകസഭാ തിരഞ്ഞെടുപ്പില്‍ ഇടതുമായി സഹകരിക്കണമെന്ന് വയലാര്‍ രവി
വയലാര്‍ രവി പിന്നീട് തിരുത്തി


കോട്ടയം: ഇടതുപക്ഷവുമായി കോണ്‍ഗ്രസ്സിന് വലിയ അഭിപ്രായവ്യത്യാസമില്ലാത്തതിനാല്‍ അവരുമായി ലോകസഭാ തിരഞ്ഞെടുപ്പില്‍ യോജിച്ച് പോകണമെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി. എന്നാല്‍, ഈ സഹകരണം കേരളത്തില്‍ വേണ്ടെന്ന് ഉമ്മന്‍ചാണ്ടി തിരിച്ചടിച്ചു. മുഖ്യമന്ത്രി രൂക്ഷമായി വിമര്‍ശിച്ചതിനെ തുടര്‍ന്ന് രവി നിലപാട് തിരുത്തി. സഹകരണം ദേശീയതലത്തില്‍ വേണമെന്നാണ് താനുദ്ദേശിച്ചതെന്നും വയലാര്‍ രവി പറഞ്ഞു.
കോട്ടയം പ്രസ്‌ക്ലബ്ബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കവെയാണ് ഇടതുപക്ഷവുമായി സഹകരിക്കണമെന്ന് വയലാര്‍ രവി അഭിപ്രായപ്പെട്ടത്. യു.പി.എ.സര്‍ക്കാരിനെ ഇടതുപക്ഷം പിന്തുണച്ച സമയത്ത് അവരുടെ അഭിപ്രായങ്ങള്‍ സര്‍ക്കാര്‍ കേട്ടിരുന്നതായും അദ്ദേഹം പറഞ്ഞു.
എന്നാല്‍, ഇടതുപക്ഷവുമായി ധാരണവേണമെന്ന ചിന്ത കേരളത്തില്‍ ഇല്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ഇടതുമായി ധാരണവേണമെന്ന വയലാര്‍ രവിയുടെ പരാമര്‍ശത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പത്രലേഖകരോട് ഇക്കാര്യം പറഞ്ഞത്. ഇതൊക്കെ ദേശീയ പ്രശ്‌നങ്ങളാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദേശീയ രാഷ്ട്രീയത്തെക്കുറിച്ചുതന്നെയാണ് താന്‍ കോട്ടയത്ത് പറഞ്ഞതെന്ന് കേന്ദ്രമന്ത്രി വയലാര്‍ രവി പിന്നീട് കൊച്ചിയില്‍ 'മാതൃഭൂമി'യോട് പറഞ്ഞു. ഉമ്മന്‍ചാണ്ടി സൂചിപ്പിച്ചതും താന്‍ പറഞ്ഞ കാര്യംതന്നെയാണ്. നിലവില്‍ കേരളത്തിലും ബംഗാളിലും ഇടതുപക്ഷവുമായി സഹകരിക്കാന്‍ യാതൊരു സാഹചര്യവുമില്ലെന്നും വയലാര്‍ രവി വിശദീകരിച്ചു.

Latest news