LATEST NEWS
  Mar 24, 2013
പിഴവ്: ആസ്‌പത്രിയും ഡോക്ടറും 22 ലക്ഷം നഷ്ടപരിഹാരം നല്‍കണം
ഉപഭോക്തൃ കമ്മീഷന്‍ ഇതേവരെ വിധിച്ചതില്‍ ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരം


തിരുവനന്തപുരം: ശസ്ത്രക്രിയാവേളയിലെ പിഴവുമൂലം ജീവിതകാലം മുഴുവന്‍ ദുരിതത്തിലായ സ്ത്രീക്ക് 22 ലക്ഷംരൂപ നഷ്ടപരിഹാരം നല്‍കാന്‍ സംസ്ഥാന ഉപഭോക്തൃ തര്‍ക്കപരിഹാര കമ്മീഷന്റെ ഉത്തരവ്.

കമ്മീഷന്റെ ചരിത്രത്തില്‍ വിധിക്കപ്പെട്ട ഏറ്റവും ഉയര്‍ന്ന നഷ്ടപരിഹാരത്തുകയാണിത്. ആദ്യശസ്ത്രക്രിയയിലെ പിഴവുകാരണം 140 ദിവസത്തിനുള്ളില്‍ അഞ്ച് ശസ്ത്രക്രിയകള്‍ക്കാണ് ഈ സ്ത്രീ വിധേയയായത്.
കാക്കനാട് കുസുമഗിരി എടച്ചിററോഡ് 'സരോയ'യില്‍ ലീലാമ്മ ജോസഫിനാണ് 22 ലക്ഷംരൂപ നഷ്ടപരിഹാരവും 20,000 രൂപ കോടതിച്ചെലവും നല്‍കാന്‍ ഉത്തരവായത്.

ഇവരെ ചികിത്സിച്ച തിരുവനന്തപുരം ജി.ജി. ഹോസ്പിറ്റലും ശസ്ത്രക്രിയ നടത്തിയ ഡോ.വത്സമ്മ ചാക്കോയുമാണ് രണ്ടുമാസത്തിനകം നഷ്ടപരിഹാരം നല്‍കേണ്ടത്. വൈകിയാല്‍ 12 ശതമാനം പലിശയും നല്‍കണം.
എം.കെ.അബ്ദുള്ള സോന അധ്യക്ഷനും എ.രാധ അംഗവുമായ കമ്മീഷനാണ് ഈ വിധി പുറപ്പെടുവിച്ചത്. ഹര്‍ജിക്കാരിക്കുവേണ്ടി അഡ്വ.എസ്.രഘുകുമാറാണ് ഹാജരായത്.

മുംബൈയില്‍ താമസിക്കുകയായിരുന്ന ലീലാമ്മ തുടര്‍ച്ചയായ രക്തസ്രാവത്തെത്തുടര്‍ന്ന് അവിടെ പരിശോധനയ്ക്ക് വിധേയയായി. അടിയന്തരമായി ഗര്‍ഭപാത്രം നീക്കംചെയ്യണമെന്നും ശാരീരികമായ കാരണങ്ങളാല്‍ വയര്‍ തുറന്നുള്ള ശസ്ത്രക്രിയയേ നടത്താവൂ എന്നും മുംബൈയിലെ പ്രശസ്തരായ രണ്ട് ഗൈനക്കോളജിസ്റ്റുകള്‍ ഉപദേശിച്ചു. ബന്ധുക്കള്‍ തിരുവനന്തപുരത്തായതിനാല്‍ ശസത്രക്രിയയ്ക്കായി 2003 ല്‍ ഇവിടെയുള്ള ആസ്പത്രിയിലെത്തി.

2003 സപ്തംബര്‍ 17 നായിരുന്നു ശസ്ത്രക്രിയ. വയര്‍ കീറിയുള്ള ശസ്ത്രക്രിയയ്ക്ക് സമ്മതമാണെന്ന് രോഗിയില്‍ നിന്ന് എഴുതി വാങ്ങിയിരുന്നു. എന്നാല്‍ ഇവരോടോ ഭര്‍ത്താവിനോടോ ആലോചിക്കാതെ ലാപ്രോസ്‌കോപിക് ശസ്ത്രക്രിയയാണ് നടത്തിയതെന്ന് പരാതിയില്‍പ്പറയുന്നു. ശസ്ത്രക്രിയക്കിടയില്‍ ഡോക്ടറുടെ അനാസ്ഥകാരണം രോഗിയുടെ മൂത്രസഞ്ചി നാലായി മുറിഞ്ഞു. പിന്നീട് മൂത്രക്കുഴലുകള്‍ കൂടി ചേര്‍ത്തുവെച്ചാണ് അത് തുന്നിച്ചേര്‍ത്തത്. നില വഷളായപ്പോള്‍ മറ്റൊരു ഡോക്ടറെ വിളിച്ചുവരുത്തി വീണ്ടും ശസ്ത്രക്രിയ നടത്തി. പിന്നീട് ഇദ്ദേഹത്തിനാണ് പിഴവുപറ്റിയതെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു.

അടുത്തദിവസം മാത്രമാണ് വിദഗ്ദ്ധ ചികിത്സയ്ക്ക്മറ്റൊരു ആസ്പത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചത്. ഇതേ ഡോക്ടര്‍ ജോലിചെയ്തിരുന്ന ആസ്പത്രിയിലേക്ക് രോഗിയെ മാറ്റാന്‍ കുടുംബം തയ്യാറായി. മൂത്രസഞ്ചി ശരിയാക്കാന്‍ ഇവിടെ എട്ടുമണിക്കൂര്‍ നീണ്ട മേജര്‍ ശസ്ത്രക്രിയ നടത്തി. അഞ്ചുദിവസം തീവ്രപരിചരണ വിഭാഗത്തിലും കഴിഞ്ഞു.

നിയന്ത്രണമില്ലാതെ മൂത്രംപോകുന്നത് പിന്നെയും തുടര്‍ന്നു. മുംബൈയിലും ചെന്നൈയിലും വിദഗ്ദ്ധചികിത്സ നേടി. അഞ്ചു ശസ്ത്രക്രിയയ്ക്ക് വിധേയയായതുകൊണ്ടാണ് ജീവന്‍ നിലനിര്‍ത്താനായതെന്ന് ഹര്‍ജിക്കാരി പറയുന്നു. എന്നിട്ടും രോഗം പൂര്‍ണമായി ഭേദമായില്ല.
ചികിത്സാപ്പിഴവില്ലെന്ന് ആസ്പത്രി അധികൃതരും ഡോക്ടറും വാദിച്ചു. എന്നാല്‍ ലീലാമ്മയുടെ വാദം ശരിയാണെന്ന് ബോധ്യപ്പെട്ടതിനെത്തുടര്‍ന്നാണ് കമ്മീഷന്‍ ഇത്രയും ഉയര്‍ന്ന നഷ്ടപരിഹാരം വിധിച്ചത്.

Latest news

- -

 

 

 

 

 

 

 

 

 

- -