LATEST NEWS
  Mar 24, 2013
നാവികരെ കൊല്ലത്ത് വിചാരണ ചെയ്യണം-മുഖ്യമന്ത്രി
തിരുവനന്തപുരം: മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്ന കേസിലെ പ്രതികളായ ഇറ്റാലിയന്‍ നാവികരുടെ വിചാരണ കൊല്ലം സെഷന്‍സ് കോടതിയില്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന് കത്തയച്ചു. സംഭവം നടന്നത് കൊല്ലത്തായതിനാല്‍, ഇതിനായി രൂപവത്ക്കരിക്കുന്ന പ്രത്യേക കോടതിയായി കൊല്ലം സെഷന്‍സ് കോടതിയെ പരിഗണിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

കേസുമായി ബന്ധപ്പെട്ട എല്ലാ റിക്കോര്‍ഡുകളും തെളിവുകളും ഇപ്പോള്‍ കൊല്ലം സെഷന്‍സ് കോടതിയിലാണുള്ളത്. ന്യൂഡല്‍ഹിയിലോ മറ്റെവിടെയെങ്കിലുമോ പ്രത്യേക കോടതി സ്ഥാപിക്കുന്ന പക്ഷം കേരളത്തിലുള്ള സാക്ഷികള്‍ക്ക് തെളിവ് നല്‍കാന്‍ അടിക്കടി ഡല്‍ഹിക്ക് പോകേണ്ടിവരും. മലയാളത്തിലുള്ള രേഖകള്‍ പരിഭാഷപ്പെടുത്തേണ്ടതായും വരും. ഇത് വിചാരണ വൈകിപ്പിക്കും. സുപ്രീംകോടതി ആവശ്യപ്പെട്ട പ്രകാരമുള്ള വേഗത്തിലുള്ള വിചാരണയ്ക്ക് കൊല്ലം സെഷന്‍സ് കോടതിയാണ് അനുയോജ്യമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഇറ്റാലിയന്‍ നാവികര്‍ മടങ്ങിവരുന്നതിന് തത്ത്വാധിഷ്ഠിതവും ശക്തവുമായ നിലപാടെടുത്തതിന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്, യു.പി.എ അധ്യക്ഷ സോണിയാ ഗാന്ധി, പ്രതിരോധമന്ത്രി എ.കെ.ആന്‍റണി, വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് എന്നിവരെ മുഖ്യമന്ത്രി അഭിനന്ദിച്ചു.

Latest news