LATEST NEWS » KERALA
  Mar 24, 2013
ഫാക്ടിലേക്കുള്ള സള്‍ഫര്‍ ഇറക്കുമതിയില്‍ ഒന്നേകാല്‍ കോടിയുടെ ക്രമക്കേട്‌
കൊച്ചി, ചെന്നൈ, ഡല്‍ഹി എന്നിവടങ്ങളില്‍ സി.ബി.ഐ. റെയ്ഡ്


മുന്‍ സി.എം.ഡി. ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസ്


കൊച്ചി: കേന്ദ്ര പൊതുമേഖലാ വ്യവസായസ്ഥാപനമായ ഫാക്ടിന് വിദേശത്തുനിന്നുള്ള സള്‍ഫര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് ഒന്നേകാല്‍ കോടി രൂപയുടെ നഷ്ടം സംഭവിച്ചതായി സി.ബി.ഐ കണ്ടെത്തി. ഫാക്ട് മുന്‍ സി.എം.ഡി. ജോര്‍ജ് സ്ലീബയടക്കമുള്ളവരെ പ്രതികളാക്കി സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തു.

കേസുമായി ബന്ധപ്പെട്ട് കൊച്ചിക്ക് പുറമെ ചെന്നൈ, ഡല്‍ഹി എന്നിവടങ്ങളിലും നടത്തിയ റെയ്ഡില്‍ നിരവധി രേഖകളില്‍ വിദേശകറന്‍സികളും പിടിച്ചെടുത്തിട്ടുണ്ട്. തിങ്കളാഴ്ച കൊച്ചിയിലെ സി.ബി.ഐ. പ്രത്യേക കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. സ്ലീബയുടെ വീട്, ചെന്നൈയിലുള്ള ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ്, ഇറക്കുമതി കമ്പനിയായ മിന്‍കോര്‍, ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡിന്റെ ഡല്‍ഹിയിലുള്ള ഓഫീസ്, മാനേജിങ് ഡയറക്ടറുടെ വീട് എന്നിവടങ്ങളിലും സി.ബി.ഐ. റെയ്ഡ് നടത്തി. ഇവിടങ്ങളില്‍ നിന്ന് ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തതായി സി.ബി.ഐ. വൃത്തങ്ങള്‍ അറിയിച്ചു. വിദേശ കറന്‍സികളും ലഭിച്ചിട്ടുണ്ട്. ഇടപാടില്‍ ബന്ധമുണ്ടായിരുന്ന, ഇന്ത്യന്‍ പൊട്ടാഷ് കമ്പനി, മിന്‍കോര്‍ എന്നിവയുടെ മേധാവികള്‍ക്കെതിരെയും കേസ്സെടുത്തു.

2008 ല്‍ നടന്ന സള്‍ഫര്‍ ഇറക്കുമതിയുമായി ബന്ധപ്പെട്ട് സി.ബി.ഐ നേരത്തെ പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ ഭാഗമായാണ് റെയ്ഡുകള്‍ നടന്നത്. കൂടിയ വിലയ്ക്ക് സള്‍ഫര്‍ ഇറക്കുമതി ചെയ്തതിലൂടെ ഫാക്ടിന് ഒന്നേകാല്‍ കോടിയോളം രൂപയുടെ നഷ്ടം ഉണ്ടായതായാണ് പ്രാഥമിക കണ്ടെത്തല്‍. ഇതില്‍ കൂടുതല്‍ നഷ്ടം സംഭവിച്ചിട്ടുണ്ടോയെന്ന് സി.ബി.ഐ പരിശോധിക്കുന്നുണ്ട്. സള്‍ഫര്‍ ഇറക്കുമതി ചെയ്യുന്ന കാലത്ത് ജോര്‍ജ് സ്ലീബയായിരുന്നു ഫാക്ട് സി.എം.ഡി. മിന്‍കോര്‍ കമ്പനി വഴിയാണ് ഇന്ത്യന്‍ പൊട്ടാഷ് ലിമിറ്റഡ്, ഫാക്ടിനായി സള്‍ഫര്‍ ഇറക്കുമതി ചെയ്തത്.

ഫാക്ടില്‍, ഫാക്ടംഫോസും അമോണിയം സള്‍ഫേറ്റും ഉത്പാദിപ്പിക്കുന്നതിനുള്ള സള്‍ഫ്യൂറിക് ആസിഡ് ഉണ്ടാക്കുന്നതിനാണ് പ്രധാനമായും സള്‍ഫര്‍ ഇറക്കുമതി ചെയ്യുന്നത്. 2007-2008 കാലത്ത് സള്‍ഫറിന്റെ വില വന്‍ തോതില്‍ ഉയര്‍ന്നിരുന്നു. ഈ സമയത്തായിരുന്നു നാലായിരം ടണ്ണോളം സള്‍ഫര്‍ ഫാക്ടിനായി ഇറക്കുമതി ചെയ്തത്.

Latest news