LATEST NEWS » INDIA
  Mar 24, 2013
ഹിസ്ബുള്‍ തീവ്രവാദിയുടെ അറസ്റ്റ്: ഡല്‍ഹി പോലീസിന്റെ വാദം പൊളിയുന്നു
വി.വി. വിജു
ന്യൂഡല്‍ഹി: നേപ്പാള്‍ അതിര്‍ത്തി കടക്കുന്നതിനിടെ ഉത്തര്‍പ്രദേശിലെ ഗോരഖ്പുരില്‍ നിന്ന് ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയെ അറസ്റ്റുചെയ്ത സംഭവത്തില്‍ ഡല്‍ഹി പോലീസ് വെട്ടിലായി. തീവ്രവാദ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിന്റെ ഭാഗമായി കശ്മീര്‍ പോലീസുമായുള്ള ധാരണയനുസരിച്ച് കീഴടങ്ങാനായി തിരിച്ചുവരുമ്പോഴാണ് സയ്യിദ് ലിയാഖത്ത് ഷാ അറസ്റ്റിലായത്.

അധികൃതരെ അറിയിച്ച് കുടുംബസമേതമാണ് ഇവര്‍ എത്തിയത്. എന്നാല്‍ ഡല്‍ഹിയില്‍ നിന്ന് രഹസ്യവിവരം കിട്ടിയെന്ന് പറഞ്ഞാണ് ഉത്തര്‍പ്രദേശിലെത്തി ലിയാഖത്തിനെ പോലീസ് അറസ്റ്റുചെയ്തത്. ഹോളി ആഘോഷത്തിനിടെ ഡല്‍ഹിയിലെ വിവിധ സ്ഥലങ്ങളില്‍ സേ്ഫാടനം ആസൂത്രണം ചെയ്യാനാണ് ഇയാള്‍ എത്തിയതെന്നാണ് പോലീസ് പറഞ്ഞത്. ഇതിനായി ഇവര്‍ ആത്മഹത്യാ (ഫിദായീന്‍) സ്‌ക്വാഡ് രൂപവത്കരിക്കാനാണ് ഇവിടെയെത്തിയത്.

തെക്കന്‍ ഡല്‍ഹിയിലെ പ്രമുഖ മാളിലും ഓള്‍ഡ് ഡല്‍ഹിയിലെ ചാന്ദ്‌നി ചൗക്കിലും സേ്ഫാടനങ്ങള്‍ നടത്താന്‍ ലിയാഖത്ത് ആളുകളെ നിയമിച്ചിട്ടുണ്ടെന്ന വാദവുമായി ഡല്‍ഹിപോലീസ് ശനിയാഴ്ചയും രംഗത്തെത്തി. അതിനായി പാകിസ്താന്‍ ഇയാള്‍ക്ക് ആയുധം നല്‍കിയെന്നും പറയുന്നു. പാര്‍ലമെന്‍റ് ആക്രമണക്കേസില്‍ അഫ്‌സല്‍ ഗുരുവിനെ തൂക്കിക്കൊന്നതില്‍ പ്രതിഷേധിച്ചാണ് ആക്രമണങ്ങള്‍ എന്നും പോലീസ് പറഞ്ഞു.

കഴിഞ്ഞ ജനവരി രണ്ടിന് മുത്തഹിദ ജിഹാദ് കൗണ്‍സില്‍ യോഗം ചേര്‍ന്നതിനുശേഷമാണ് സേ്ഫാടനങ്ങള്‍ ആസൂത്രണം ചെയ്തതെന്നാണ് വെള്ളിയാഴ്ച ലിയാഖത്തിനെ അറസ്റ്റുചെയ്ത വിവരം അറിയിക്കാന്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഫിബ്രവരി ഒമ്പതിനാണ് ഗുരുവിനെ തൂക്കിലേറ്റിയത്.

ലിയാഖത്തിനെ അറസ്റ്റുചെയ്ത സംഭവം ജമ്മു-കശ്മീര്‍ നിയമസഭയിലും ശനിയാഴ്ച വിഷയമായി. അധികൃതരെ അറിയിച്ചാണ് ഇയാള്‍ വന്നതെന്ന കാര്യവും ഒരംഗം ഉന്നയിച്ചു.

ഭാര്യ അക്തറുന്നീസ ഗീലാനി, വളര്‍ത്തുമകള്‍ സബീന ഗീലാനി എന്നിവരുള്‍പ്പെടെ കുടുംബമായാണ് ലിയാഖത്ത് നേപ്പാള്‍ അതിര്‍ത്തിക്കടുത്തെത്തിയതെന്ന് കശ്മീരില്‍ നിന്നുള്ള വാര്‍ത്തകളില്‍ പറയുന്നു. ഇവരോടൊപ്പം കശ്മീരിലെ മറ്റൊരു കുടുംബവും ഉണ്ടായിരുന്നു. മുസാഫറാബാദില്‍ നിന്ന് കറാച്ചി-കാഠ്മണ്ഡുവഴി വടക്കന്‍ കശ്മീരിലുള്ള വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍.

ഇവിടെ നിന്ന് തീവണ്ടിയില്‍ വീട്ടിലെത്താം. എന്നാല്‍ ഇന്ത്യാ-നേപ്പാള്‍ അതിര്‍ത്തിയായ സനൗലി ചെക്ക്‌പോസ്റ്റ് കടക്കുന്നതിനിടെ ലിയാഖത്തിനെ പോലീസ് പിടിച്ചു. അക്തറുന്നീസ 1995-ല്‍ ഇന്ത്യന്‍ സൈന്യവുമായി ഏറ്റുമുട്ടലില്‍ മരിച്ച നൂര്‍ ഹസന്‍ ഗീലാനിയുടെ ഭാര്യയായിരുന്നു. ലിയാഖത്തിന്റെ ആദ്യഭാര്യ നമീന ബീഗം കശ്മീരിലാണ്. വിവാഹം കഴിഞ്ഞ് ആറുവര്‍ഷമായപ്പോഴാണ് ലിയാഖത്തിനെ ആയുധധാരികള്‍ പിടിച്ചുകൊണ്ടുപോയതെന്ന് അവര്‍ പറയുന്നു. പതിനഞ്ചുവര്‍ഷത്തിനുശേഷം പാകിസ്താനിലെ മന്‍ഷേറയില്‍ ജോലി ചെയ്യുകയാണെന്ന് അറിയിച്ച് കത്തുവന്നു. പിന്നീട് മൊബൈല്‍ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. പാകിസ്താന്‍ പാസ്‌പോര്‍ട്ടിലാണ് തങ്ങള്‍ വന്നതെന്നും അവര്‍ പറഞ്ഞു.

കശ്മീരില്‍ കീഴടങ്ങാന്‍ തയ്യാറായി വരുന്ന തീവ്രവാദികള്‍ സാധാരണ കാഠ്മണ്ഡുവഴിയാണ് വരുന്നത്. ഇതുവരെ കീഴടങ്ങിയ 150 തീവ്രവാദികളില്‍ 115 പേരും ഇതുവഴിയാണ് വന്നത്. ഇവര്‍ക്ക് സമാധാനപരമായി താമസിക്കാന്‍ അവസരവും ഒരുക്കുന്നുണ്ട്. ഇക്കാര്യത്തില്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ അനൗദ്യോഗിക അനുമതിയും കശ്മീര്‍ അധികൃതര്‍ക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്ന സംഘടന തന്നെ ആഭ്യന്തര പ്രശ്‌നങ്ങള്‍ കാരണം തകര്‍ന്നുകൊണ്ടിരിക്കുകയാണ്. അതിനാല്‍ ഇവര്‍ക്ക് സഹായം നല്‍കാന്‍ പാകിസ്താനും തയ്യാറാകുന്നില്ല.Latest news

- -