LATEST NEWS » INDIA
  Mar 24, 2013
പ്രതിരോധമേഖലയില്‍ വിദേശനിക്ഷേപം കൂട്ടാന്‍ ശുപാര്‍ശ
പി.കെ. മണികണ്ഠന്‍
ന്യൂഡല്‍ഹി: അമേരിക്കയും യൂറോപ്യന്‍ യൂണിയനുമൊക്കെ നടപ്പാക്കിയതുപോലെ ഇന്ത്യന്‍ പ്രതിരോധമേഖലയിലും വിദേശനിക്ഷേപം വന്‍തോതില്‍ വര്‍ധിപ്പിക്കണമെന്ന് കേന്ദ്ര വാണിജ്യ- വ്യവസായ മന്ത്രാലയത്തിന്റെ ആവശ്യം. ഇപ്പോള്‍ പ്രതിരോധമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം 26 ശതമാനമാണ്. ഇത് 74 ശതമാനമാക്കി കൂട്ടണമെന്ന് വാണിജ്യ-വ്യവസായമന്ത്രി ആനന്ദ് ശര്‍മ പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിനയച്ച കത്തില്‍ ആവശ്യപ്പെട്ടു.

ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്‍റും സമീപകാലത്ത് ഇന്ത്യ സന്ദര്‍ശിക്കവേ പ്രതിരോധമേഖലയില്‍ നിക്ഷേപം നടത്താന്‍ അതിയായ താത്പര്യമറിയിച്ചിരുന്നുവെന്നും ആനന്ദ് ശര്‍മ പറഞ്ഞു. ചില്ലറവില്‍പ്പനരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിച്ചതിന്റെ എതിര്‍പ്പുകളും വിവാദങ്ങളും നിലനില്‍ക്കെയാണ് പ്രതിരോധരംഗത്തും ഇത്തരമൊരു നിക്ഷേപത്തിനുള്ള നീക്കം.

നിരീക്ഷണസംവിധാനം, പ്രതിരോധഉപകരണങ്ങളുടെ നിര്‍മാണനിയന്ത്രണം, പ്രതിരോധസേനകളുടെ വിന്യാസം തുടങ്ങിയവയിലൊക്കെ അന്താരാഷ്ട്ര സുരക്ഷാമാനദണ്ഡങ്ങള്‍ നിലനിര്‍ത്താനും പാലിക്കാനും ഇന്ത്യയ്ക്ക് കഴിയും. ഇതിനായി പ്രതിരോധനിര്‍മാണവിഭാഗം സെക്രട്ടറിയെ വിദേശനിക്ഷേപക പ്രോത്സാഹനബോര്‍ഡില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാവും. ഇന്ത്യന്‍ പ്രതിരോധ ഉപകരണങ്ങളുടെ കയറ്റുമതി അനുവദിക്കാത്ത രാജ്യങ്ങളുടെ നെഗറ്റീവ് പട്ടിക കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന് തയ്യാറാക്കി സൂക്ഷിക്കുകയുമാവാം.

അന്താരാഷ്ട്രതലത്തിലുള്ള പ്രതിരോധഉത്പാദനരംഗത്തെ വന്‍കിടക്കാരുമായി ആശയവിനിമയം നടത്തിയതിന്റെ അനുഭവത്തിലാണ് ആനന്ദ് ശര്‍മയുടെ ഈ ശുപാര്‍ശ. ഇന്ത്യയിലെ പ്രതിരോധരംഗത്ത് മുതല്‍മുടക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഫ്രഞ്ച് പ്രസിഡന്‍റും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അന്താരാഷ്ട്രതലത്തില്‍ത്തന്നെ പ്രതിരോധമേഖല പുതിയ സാങ്കേതികവിദ്യയില്‍ പ്രാപ്തി നേടുകയാണ്. മികച്ച തൊഴിലവസരമേഖലയായും പ്രതിരോധരംഗം മാറിക്കഴിഞ്ഞു. അമേരിക്കയും യൂറോപ്യന്‍ യൂണിയനും നൂറുശതമാനം വിദേശ നിക്ഷേപം നടപ്പാക്കി. വിദഗ്ധപരിശോധന, അംഗീകാര നടപടികളുടെ സൂക്ഷ്മത എന്നിവയിലൂടെ സുരക്ഷാപ്രശ്‌നങ്ങളും ഈ രാജ്യങ്ങളില്‍ പരിഹരിക്കുന്നു. ഈ മാതൃകയില്‍ ഇന്ത്യയിലും പ്രതിരോധനിര്‍മാണമേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം അനുവദിക്കാമെന്നാണ് ആനന്ദ് ശര്‍മയുടെ കത്തിന്റെ ഉള്ളടക്കം.

തനതുരീതിയില്‍ നിര്‍മിക്കുന്ന പ്രതിരോധ ഉപകരണങ്ങളുടെ കൈമാറ്റത്തിന് ഇപ്പോഴുള്ള 26 ശതമാനം വിദേശനിക്ഷേപം പര്യാപ്തമല്ല. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ 41 ലക്ഷം ഡോളര്‍ വിദേശനിക്ഷേപമേനമുക്ക് ലഭിച്ചിട്ടുള്ളൂ. ആഭ്യന്തരസംരംഭകര്‍ക്ക് പൂര്‍ണപങ്കാളിത്തം അനുവദിച്ചിട്ടുണ്ടെങ്കിലും പരിമിതമായ ഓര്‍ഡറുകളേ എടുക്കാനാവുന്നുള്ളൂ. നേരിട്ടുള്ള വിദേശനിക്ഷേപം കൂട്ടുന്നത് ആഭ്യന്തരഉത്പാദനരംഗത്തെ കുതിപ്പിനും അത്യാധുനികസാങ്കേതികവിദ്യയുടെ സഹായത്തോടെ പ്രതിരോധനിര്‍മാണ അടിത്തറ ശക്തിപ്പെടുത്താനും സഹായകമാവും - ആനന്ദ് ശര്‍മ കത്തില്‍ ചൂണ്ടിക്കാട്ടി.

ചില്ലറവില്പനരംഗത്തെ വിദേശനിക്ഷേപത്തെച്ചൊല്ലി യാണ് തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിച്ചത്. സര്‍ക്കാര്‍ സ്വന്തം നിലപാടുമായി മുന്നോട്ടുപോയെങ്കിലും എതിര്‍പ്പുകള്‍ അവസാനിച്ചിട്ടില്ല. ടെലികോംരംഗത്ത് നേരിട്ടുള്ള വിദേശനിക്ഷേപം വര്‍ധിപ്പിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ പുരോഗമിക്കുന്നുണ്ടെന്നാണ് സൂചനകള്‍. ഇക്കാര്യത്തില്‍ കേന്ദ്ര ടെലികോംമന്ത്രി കപില്‍സിബല്‍ തന്നെ സൂചനനല്‍കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പ്രതിരോധനിര്‍മാണരംഗത്തും വിദേശനിക്ഷേപം കൂട്ടാനുള്ള ഇപ്പോഴത്തെ ശുപാര്‍ശ.

Latest news