LATEST NEWS » INDIA
  Mar 24, 2013
വസ്ത്രത്തെപ്പറ്റി എം.എല്‍.എ.യുടെ കമന്‍റ്: കബഡി പരിശീലക തലകറങ്ങി വീണു
ഗുഡ്ഗാവ്: പൊതുചടങ്ങിനിടെ തന്റെ വസ്ത്രധാരണത്തെക്കുറിച്ച് കോണ്‍ഗ്രസ് എം.എല്‍.എ. നടത്തിയ പരാമര്‍ശം കേട്ട് ദേശീയ കബഡി പരിശീലക വേദിയില്‍ ബോധംകെട്ടുവീണു. ദ്രോണാചാര്യ അവാര്‍ഡ് ജേതാവുകൂടിയായ സുനില്‍ ദബാസാണ് ബോധരഹിതയായത്.

ഗുഡ്ഗാവിലെ ദ്രോണാചാര്യ ഗവ. കോളേജില്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ വിഭാഗം മേധാവിയാണ് ദബാസ്. കോളേജിന്റെ വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥിയായി എത്തിയപ്പോഴാണ് ദബാസിന്റെ വേഷത്തെക്കുറിച്ച് ബാദ്ഷാപുര്‍ എം.എല്‍.എ. റാവു ധരംപാല്‍ മോശം പരാമര്‍ശം നടത്തിയത്. 'നിങ്ങള്‍ മികച്ച കളിക്കാരിയും പരിശീലകയുമാണ്. അതുകൊണ്ട് നന്നായി വേഷം ധരിക്കണം' എന്നായിരുന്നു ജീവനക്കാരെ പരിചയപ്പെടുത്തുന്ന സമയത്ത് എം.എല്‍.എ. നടത്തിയ പരാമര്‍ശം. ജീന്‍സും ഷര്‍ട്ടും ധരിച്ചാണ് ദബാസ് ചടങ്ങിനെത്തിയത്. എം.എല്‍.എ. വേദിയില്‍വച്ച് പരസ്യമായി വീണ്ടും ഈ വാചകങ്ങള്‍ പ്രയോഗിച്ചതോടെ ദബാസ് ബോധരഹിതയാവുകയായിരുന്നു.

ദബാസിനെ ഉടന്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എം.എല്‍.എ. അപമാനിച്ചതുകൊണ്ടാണ് അവര്‍ ബോധരഹിതയായതെന്ന് ആരോപിച്ച് വിദ്യാര്‍ഥികള്‍ പ്രതിഷേധിച്ചു. എന്നാല്‍, ''നിങ്ങള്‍ എന്റെ മകളെപ്പോലെയാണെന്നും നന്നായി വസ്ത്രം ധരിക്കണമെന്ന്'' മാത്രമാണ് ദബാസിനോട് പറഞ്ഞുള്ളൂ എന്നാണ് എം.എല്‍.എ. അറിയിച്ചത്.

Latest news