LATEST NEWS
  Mar 24, 2013
തീവണ്ടിയാത്രക്കൂലി വീണ്ടും കൂട്ടുന്നു
എസ്. പ്രകാശ്‌
യാത്രാനിരക്ക് വര്‍ധന ഒക്ടോബറോടെ
ഏപ്രില്‍ ഒന്നുമുതല്‍ ചരക്കുകൂലി 5.7% കൂടും




ന്യൂഡല്‍ഹി: തീവണ്ടിയാത്രക്കൂലി അടുത്ത ഒക്ടോബറോടെ വീണ്ടും കൂട്ടും.

ഇന്ധനവിലയിലെ വര്‍ധനയ്ക്ക് ആനുപാതികമായി യാത്രാനിരക്ക് പുനര്‍നിശ്ചയിക്കുന്നതിന് റെയില്‍വേബോര്‍ഡ് അനുമതി നല്‍കിയിട്ടുണ്ടെന്ന് ബോര്‍ഡ് ചെയര്‍മാന്‍ വിനയ് മിറ്റല്‍ അറിയിച്ചു. ഇതിന്റെ ഭാഗമായാണ് ആറുമാസം കഴിയുന്നതോടെ യാത്രക്കൂലി കൂട്ടുന്നത്. ചരക്കുകൂലിയിലും ഏപ്രില്‍ ഒന്നുമുതല്‍ 5.7 ശതമാനം വര്‍ധന നിലവില്‍വരും. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിസഭയാണ് അന്തിമതീരുമാനമെടുക്കേണ്ടത് -മിറ്റല്‍ പറഞ്ഞു. ഡല്‍ഹിയില്‍ ദേശീയ പത്രാധിപസമ്മേളനത്തില്‍ സംസാരിക്കയായിരുന്നു അദ്ദേഹം.

ചരക്കുകൂലി കൂട്ടുന്നതിനൊപ്പം യാത്രാനിരക്കും വര്‍ധിപ്പിക്കുന്നത് പരിഗണിച്ചിരുന്നു. എന്നാല്‍, ജനങ്ങള്‍ക്കുമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കേണ്ടെന്ന് കരുതിയാണ് ഇത് ആറുമാസത്തേക്ക് മാറ്റിവെച്ചത്. സപ്തംബര്‍-ഒക്ടോബറോടെ ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുക്കുമെന്ന് മിറ്റല്‍ പറഞ്ഞു. യാത്രക്കൂലി രണ്ടുമുതല്‍ മൂന്നുശതമാനംവരെ വര്‍ധിക്കാനാണ് സാധ്യത.

ഇന്ധനവിലയ്ക്ക് ആനുപാതികമായി യാത്രക്കൂലി നിശ്ചയിക്കുന്നതോടെ സ്വാഭാവികമായും നിരക്ക് വര്‍ധിക്കാനേ സാധ്യതയുള്ളൂ. 'റെയില്‍ താരിഫ് അതോറിറ്റി' കാലാകാലങ്ങളില്‍ ശുപാര്‍ശചെയ്യുന്ന തരത്തിലാകും ഇനി ചരക്ക്-യാത്ര കൂലി നിശ്ചയിക്കുക.

ഇന്ധനവിലവര്‍ധന കാരണം റെയില്‍വേക്ക് 800 കോടിയുടെ അധികഭാരമാണ് ഉണ്ടായിരിക്കുന്നത്. കാലാകാലങ്ങളില്‍ വൈദ്യുതി, ഡീസല്‍ വിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറവ് നിരക്കിലും പ്രതിഫലിക്കും. റെയില്‍വേ 15-17 ശതമാനം തുകയും ഇപ്പോള്‍ ചെലവിടുന്നത് ഇന്ധനത്തിനാണ്. കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ ഡീസല്‍വിലയില്‍ 39 ശതമാനവും വൈദ്യുതിനിരക്കില്‍ എട്ടുശതമാനവും വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.

പത്തുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ജനവരി 21-നാണ് കേന്ദ്രസര്‍ക്കാര്‍ റെയില്‍വേ യാത്രാനിരക്ക് വര്‍ധിപ്പിച്ചത്. എന്നാല്‍, പിന്നീട് റെയില്‍വേയെ വന്‍കിട ഡീസല്‍ ഉപഭോക്താക്കളുടെ പട്ടികയില്‍ പെടുത്തുകയും സബ്‌സിഡി ഒഴിവാക്കുകയും ചെയ്തതോടെ ഈ വര്‍ധനയുടെ നേട്ടം പ്രയോജനപ്പെടുത്താനായില്ല. തുടര്‍ന്നാണ് ഇന്ധനവിലവര്‍ധനയ്ക്ക് ആനുപാതികമായി വര്‍ഷത്തില്‍ രണ്ടുതവണയെങ്കിലും നിരക്ക് പരിഷ്‌കരിക്കണമെന്ന നിര്‍ദേശമുണ്ടായത്.

പാലക്കാട് കോച്ച്ഫാക്ടറി നിര്‍മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുമെന്ന് വിനയ് മിറ്റല്‍ പറഞ്ഞു. പദ്ധതിയില്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (സെയില്‍) പങ്കാളിത്തം നല്കണമെന്ന് കേരളത്തില്‍നിന്ന് സമ്മര്‍ദം ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ അവസാന തീരുമാനം ആയിട്ടില്ല. നിലവില്‍ അന്തര്‍ദേശീയ തലത്തിലുള്ള കമ്പനികള്‍ക്കാണ് പരിഗണന നല്കുന്നത് -മന്ത്രി പറഞ്ഞു.

Latest news