LATEST NEWS » WORLD
  Mar 24, 2013
പാകിസ്താന് വീണ്ടും ആണവറിയാക്ടര്‍ നല്‍കാന്‍ ചൈന ഒരുങ്ങുന്നു
വാഷിങ്ടണ്‍: പാകിസ്താന് മൂന്നാമതൊരു ആണവറിയാക്ടര്‍കൂടി നല്‍കാന്‍ ചൈന ഒരുങ്ങുന്നു. പഞ്ചാബ് പ്രവിശ്യയിലെ ചാഷ്മയില്‍ റിയാക്ടര്‍ നിര്‍മിക്കാന്‍ ഇരുരാജ്യങ്ങളുംതമ്മില്‍ ധാരണയായെന്നാണ് വെളിപ്പെടുത്തല്‍. യു.എസ്. രഹസ്യാന്വേഷണവിഭാഗവും നയതന്ത്രപ്രതിനിധികളും ഇക്കാര്യം സ്ഥിരീകരിച്ചതായി 'വാഷിങ്ടണ്‍ ഫ്രീ ബീക്കണ്‍' എന്ന വെബ്‌സൈറ്റാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് അന്താരാഷ്ട്ര ആണവായുധ ധാരണയുമായി ബന്ധപ്പെട്ട് ചൈന നല്‍കിയ ഉറപ്പിന്റെ ലംഘനമാണെന്ന് യു.എസ്. അധികൃതര്‍ പറഞ്ഞതായും വെബ്‌സൈറ്റ് പറയുന്നു.

നിലവില്‍ ചൈന നല്‍കിയ രണ്ട് റിയാക്ടറുകള്‍ ചാഷ്മയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പാകിസ്താന്‍ ആണവോര്‍ജ കമ്മീഷന്‍ പ്രതിനിധികള്‍ ഫിബ്രവരിയില്‍ ചൈന സന്ദര്‍ശിച്ചപ്പോഴാണ് ഇതുസംബന്ധിച്ച കരാറില്‍ ഒപ്പിട്ടത്. ആയിരം മെഗാവാട്ട് ശേഷിയുള്ള പ്ലാന്‍റാണ് നിര്‍മിക്കുന്നത്.

ആണവനിരായുധീകരണം പ്രോത്സാഹിപ്പിക്കുന്നതിന് രൂപവത്കരിച്ച ആണവവിതരണ ഗ്രൂപ്പില്‍ (എന്‍.എസ്. ജി) ചൈനയും അംഗമാണ്. എന്‍.എസ്.ജി. മാര്‍ഗനിര്‍ദേശപ്രകാരം പാകിസ്താന് ആണവറിയാക്ടര്‍ നല്‍കുന്നതില്‍ ചൈനയ്ക്ക് വിലക്കുണ്ട്. അതുകൊണ്ടുതന്നെ രഹസ്യമായാണ് ധാരണയുണ്ടാക്കിയതെന്നും വെബ്‌സൈറ്റ് പറയുന്നു. എന്നാല്‍ വാര്‍ത്ത സംബന്ധിച്ച് ചൈനയും പാകിസ്താനും പ്രതികരിച്ചിട്ടില്ല.

Latest news