പത്തനാപുരം: വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടര്‍ന്ന് വീടും പുരയിടവും ബാങ്ക് ജപ്തിചെയ്തതിന്റെ മനോവിഷമത്തില്‍ റബ്ബര്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു.
പുന്നല എസ്.ബി.ടി.യില്‍നിന്ന് വായ്പയെടുത്ത പുന്നല പേഴുംമൂട്ടില്‍ വിജയനെ (61) ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ കടശ്ശേരി വനത്തില്‍ തൂങ്ങിമരിച്ചനിലയിലാണ് കണ്ടെത്തിയത്. ബാങ്ക് അധികൃതര്‍ ചൊവ്വാഴ്ചയാണ് വീട്ടിലെത്തി ജപ്തി നോട്ടീസ് പതിച്ചത്. ഇതേത്തുടര്‍ന്ന് വിജയന്‍ ദുഃഖിതനായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു.
അഞ്ചുര്‍ഷം മുമ്പാണ് വസ്തുവിന്റെ ഈടിന്‍മേല്‍ വിജയന്‍ വായ്പയെടുത്തത്. സാമ്പത്തിക ബുദ്ധിമുട്ട് കാരണം തിരിച്ചടവ് മുടങ്ങിയതോടെ കടക്കെണിയിലായി. വസ്തു വിറ്റ് കടം വീട്ടാന്‍ ശ്രമം നടത്തിയെങ്കിലും വാങ്ങാമെന്ന് ഏറ്റയാള്‍ പിന്മാറിയതിനാല്‍ വില്പന നടന്നില്ല. ഇതിനിടെയാണ് ബാങ്ക് അധികൃതര്‍ ജപ്തി നടപടിയുമായി എത്തിയത്.
ലീലയാണ് വിജയന്റെ ഭാര്യ. മക്കള്‍: മനോജ്, മനു. മൃതദേഹം പുനലൂര്‍ താലൂക്ക് ആസ്പത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. പത്തനാപുരം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.