ചെന്നൈ: മുന്‍ ഡി.എം.കെ. സര്‍ക്കാര്‍ഭരണകാലത്ത് നിര്‍മിച്ച ഓമന്തരൂറിലെ പുതിയ സെക്രട്ടേറിയറ്റ് മന്ദിരത്തില്‍ ആസ്പത്രി പ്രവര്‍ത്തനം തുടങ്ങി. കൊട്ടും കുരവയും കാര്യമായ ഉദ്ഘാടനച്ചടങ്ങുകളൊന്നുമില്ലാതെ, ബുധനാഴ്ച രാവിലെയാണ് ജയലളിത സര്‍ക്കാര്‍ ആസ്പത്രിയുടെ പ്രവര്‍ത്തനം ഔദ്യോഗികമായി തുടങ്ങിയത്. പുതിയ സെക്രട്ടേറിയറ്റ് മന്ദിരം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയാക്കി മാറ്റാന്‍ അഞ്ച് ദിവസം മുമ്പുമാത്രമാണ് മദ്രാസ് ഹൈക്കോടതി പച്ചക്കൊടി വീശിയത്. കേസില്‍ ജയിച്ചതിന്റെ ചൂടാറും മുമ്പുതന്നെ ജയലളിത സര്‍ക്കാര്‍ എളിയ രീതിയിലാണെങ്കിലും ബുധനാഴ്ച ആസ്പത്രി തുറക്കുകയായിരുന്നു. മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടര്‍ വംസധാരയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയാണ് ഇവിടെ സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നതെങ്കിലും ബുധനാഴ്ച പ്രവര്‍ത്തനം തുടങ്ങിയത് കാര്‍ഡിയോളജി, ന്യൂറോളജി വിഭാഗത്തിലുള്ള ഔട്ട്‌പേഷ്യന്‍റ് സൗകര്യത്തോടുകൂടി മാത്രമാണ്.
പുതിയ സെക്രട്ടേറിയറ്റ് മന്ദിരം മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്പത്രിയാക്കി മാറ്റാനുളള സര്‍ക്കാറിന്റെ തീരുമാനത്തെ തെറ്റായി വ്യാഖ്യാനിക്കാനാവില്ലെന്നും സാധാരണക്കാരും പാവപ്പെട്ടവരുമായ രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്തുമെന്ന സര്‍ക്കാറിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമാണിതെന്നും കേസില്‍ വാദംകേട്ട ജസ്റ്റിസ് കെ.എന്‍. ബാഷ, ജസ്റ്റിസ് എന്‍. പോള്‍ വസന്തകുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചിരുന്നു. സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ത്ത് നല്കപ്പെട്ട എല്ലാ ഹര്‍ജികളും തള്ളുകയും ചെയ്തിരുന്നു.
2011 മെയില്‍ അധികാരത്തില്‍വന്ന ജയലളിത സര്‍ക്കാര്‍ ആദ്യം ചെയ്തത് ഡി.എം.കെ. ഭരണകാലത്ത് 1,000 കോടിയിലധികം രൂപ ചെലവില്‍ നിര്‍മിച്ച ഓമന്തരൂറിലെ പുതിയ നിയമസഭാ മന്ദിരം വെറും നോക്കുകുത്തിയാക്കി പഴയ ഇടമായ സെന്‍റ് ജോര്‍ജ് കോട്ടയിലേക്കുതന്നെ ഭരണസിരാകേന്ദ്രം മാറ്റുകയായിരുന്നു. അധികം വൈകാതെതന്നെ കെട്ടിടം രാജ്യാന്തര നിലവാരത്തിലുള്ള സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആസ്പത്രിയാക്കി മാറ്റുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.