ന്യൂഡല്‍ഹി: ആധാര്‍ കാര്‍ഡിനെക്കുറിച്ചുള്ള ആശങ്കകള്‍ തുടരുന്നതിനിടെ സര്‍ക്കാര്‍ പുറത്തിറക്കിയ കലണ്ടറിലും പിശക്. കേന്ദ്രസര്‍ക്കാറിന്റെ പദ്ധതികള്‍ വിളംബരം ചെയ്ത്, ഔദ്യോഗിക ഏജന്‍സിയായ ഡയറക്ടറേറ്റ് ഓഫ് അഡ്വര്‍ടൈസിങ് ആന്‍ഡ് വിഷ്വല്‍ പബ്ലിസിറ്റി വിതരണം ചെയ്ത കലണ്ടറിലാണ് പിശക്. 2013 ജനവരിയില്‍ തുടങ്ങുന്ന പേജില്‍ ആധാര്‍ കാര്‍ഡുമായി പെണ്‍കുട്ടി നില്‍ക്കുന്നതാണ് ചിത്രം. തുടര്‍ന്നുള്ള കാര്‍ഡിന്റെ വിവരണത്തില്‍ 'സബിതകുമാരി, പ്രസാദ്‌ലാലിന്റെ മകന്‍' എന്നാണ് ഉള്ളത്. സ്ത്രീയെ പുരുഷനെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ഡല്‍ഹിയിലെ മുഴുവന്‍ വിലാസവുമുണ്ട്. എന്നാല്‍, കാര്‍ഡിന്റെ ചിത്രത്തില്‍ 'സ്ത്രീ' എന്ന് രേഖപ്പെടുത്തിയിട്ടുമുണ്ട്. ഇത് കലണ്ടറിന്റെ ആദ്യപേജാണെന്നതാണ് രസകരം. രാജ്യത്തെമ്പാടും നടപ്പാക്കുന്ന സവിശേഷ തിരിച്ചറിയല്‍ കാര്‍ഡിന്റെ പരസ്യത്തില്‍പോലും ഇത്തരം പിഴവുണ്ടായാല്‍ യഥാര്‍ഥ ആധാര്‍ കാര്‍ഡ് എങ്ങനെയായിരിക്കുമെന്നാണ് ആളുകള്‍ ചോദിക്കുന്നത്.
Latest news