അധ്യാപക നിയമന അഴിമതിക്കേസ് ചൗട്ടാലയുടെ കൂട്ടുപ്രതിക്ക് ജാമ്യം

Published on  31 Jan 2013
ന്യൂഡല്‍ഹി: ഹരിയാണയിലെ അധ്യാപകനിയമന അഴിമതിക്കേസില്‍ വിചാരണക്കോടതി ശിക്ഷിച്ച 55 പ്രതികളിലൊരാള്‍ക്ക് ഡല്‍ഹി ഹൈക്കോടതി ഇടക്കാല ജാമ്യം നല്‍കി. മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവുമായ ഓം പ്രകാശ് ചൗട്ടാലയ്ക്ക് പത്ത് കൊല്ലത്തെ തടവുശിക്ഷ ലഭിച്ചത് ഈ കേസിലാണ്.

നാല് കൊല്ലത്തെ തടവുശിക്ഷ ലഭിച്ച രേഖ ശര്‍മയ്ക്കാണു ഹൈക്കോടതി അഞ്ചാഴ്ചത്തെ ഇടക്കാല ജാമ്യം നല്‍കിയത്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണിത്.

ഡിസ്ട്രിക്റ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എജ്യുക്കേഷന്‍ ആന്‍ഡ് ട്രെയ്‌നിങ്ങി (ഡയറ്റ്) ല്‍ സീനിയര്‍ ലക്ചററായിരുന്നു രേഖ ശര്‍മ. 1999-2000 കാലത്ത് മൂവായിരത്തിലേറെ ജൂനിയര്‍ ടീച്ചര്‍മാരെ വഴിവിട്ടു നിയമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇവര്‍ ശിക്ഷിക്കപ്പെട്ടത്.

ഓം പ്രകാശ് ചൗട്ടാല മുഖ്യമന്ത്രിയായിരുന്ന കാലത്താണ് അഴിമതി നടന്നത്. ചൗട്ടാലയും മകന്‍ അഭയ് ചൗട്ടാലയുമടക്കം പത്ത് പ്രതികള്‍ക്ക് പത്ത് വര്‍ഷത്തെയും 45 പേര്‍ക്കു നാല് കൊല്ലത്തെയും തടവാണു ജനവരി 16 നു പ്രത്യേക സി.ബി.ഐ. കോടതി വിധിച്ചത്.