ഫെയ്‌സ്ബുക്കില്‍ ബണ്ടി ചോറിന് മുഖ്യമന്ത്രിയുടെ മുഖം; ജീവനക്കാരനെതിരെ നടപടി

Published on  31 Jan 2013
തിരുവനന്തപുരം: ബണ്ടി ചോറിന്റെ ഉടലില്‍ മുഖ്യമന്ത്രിയുടെ മുഖം ചേര്‍ത്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത സംഭവത്തില്‍ ജീവനക്കാരനെ വിവരസമ്പര്‍ക്ക വകുപ്പില്‍നിന്ന് ഒഴിവാക്കി.

വിവരസമ്പര്‍ക്ക വകുപ്പിലെ വെബ് വിഭാഗത്തില്‍ ജോലിചെയ്തിരുന്ന സന്തോഷിനെതിരെയാണ് നടപടി. സി.ഡിറ്റിലെ ടെക്‌നിക്കല്‍ അസിസ്റ്റന്‍റായ സന്തോഷ് ഇവിടെ ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്യുകയായിരുന്നു. ഡെപ്യൂട്ടേഷന്‍ റദ്ദാക്കി സന്തോഷിനെ സി.ഡിറ്റിലേക്ക് തിരിച്ചയച്ചു. സൈബര്‍ സെല്ലില്‍ ഇതുസംബന്ധിച്ച് കേസ് നല്‍കിയിട്ടുണ്ട്.

വകുപ്പിലെ കമ്പ്യൂട്ടറില്‍നിന്ന് മുമ്പും സര്‍ക്കാരിനെതിരെ സന്തോഷ് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നതായി പരാതിയുണ്ടായിരുന്നു. അടുത്തിടെ മുഖ്യമന്ത്രിയെ ബണ്ടി ചോറാക്കിക്കൊണ്ടുള്ള ചിത്രവും പ്രത്യക്ഷപ്പെട്ടു. സൈബര്‍ സെല്ലിന്റെ അന്വേഷണത്തില്‍ സന്തോഷിന്റെ കമ്പ്യൂട്ടറില്‍ നിന്നാണ് ഈ ചിത്രം പ്രചരിച്ചതെന്ന് കണ്ടെത്തി. ഇതിനെത്തുടര്‍ന്നാണ് ഒഴിവാക്കിയത്.