LATEST NEWS » KERALA
  Jan 31, 2013
സംസ്ഥാന വിവരാവകാശ കമ്മീഷന്‍ കുടിയിറക്കല്‍ ഭീഷണിയില്‍
കൊച്ചി: സംസ്ഥാന വിവരാവകാശ കമ്മീഷന്‍ തിരുവനന്തപുരത്തെ ഓഫീസില്‍ നിന്ന് കുടിയിറക്കപ്പെടുന്നു. സെക്രട്ടേറിയറ്റിന് പിന്നില്‍ പുന്നന്‍ റോഡില്‍ കമ്മീഷന്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടം കേരള നഗര, ഗ്രാമ വികസന ധനകാര്യ കോര്‍പ്പറേഷന് അനുവദിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയതോടെയാണ് കമ്മീഷന് ഓഫീസ് ഒഴിയേണ്ട അവസ്ഥ വന്നിട്ടുള്ളത്. എന്നാല്‍ വിവരാവകാശ കമ്മീഷന് സര്‍ക്കാര്‍ പകരം സ്ഥലം അനുവദിച്ചിട്ടില്ല. മുഖ്യമന്ത്രി ഇടപെട്ട് നടപടിയെടുത്തില്ലെങ്കില്‍ കമ്മീഷന്റെ പ്രവര്‍ത്തനം തടസ്സപ്പെടുമെന്ന ആശങ്കയും നിലനില്‍ക്കുന്നു.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലെ കേരള ഗ്രാമവികസന ബോര്‍ഡിന്റെ പ്രവര്‍ത്തനം നിലച്ചതോടെ ആ കെട്ടിടമാണ് 2005 ല്‍ സംസ്ഥാന വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ അനുവദിച്ചത്. ഇവിടെ ഉണ്ടായിരുന്ന ചെറിയ കെട്ടിടത്തിനുപുറമേ കമ്മീഷന്‍ സ്വന്തം ഫണ്ടുപയോഗിച്ച് കോടതി മുറി ഉള്‍പ്പെടെ പുതിയ കെട്ടിടവും പണിതു. 25 സെന്‍റ് വരുന്ന സ്ഥലവും കെട്ടിടവും വിവരാവകാശ കമ്മീഷന് മാറ്റിനല്‍കാന്‍ 2012 ല്‍ സര്‍ക്കാരിന് അപേക്ഷയും നല്കി.

ഈ അപേക്ഷ നിരസിച്ചുകൊണ്ടാണ് സ്ഥലവും കെട്ടിടവും പുതുതായി രൂപവത്കരിക്കപ്പെട്ട നഗര, ഗ്രാമവികസന ധനകാര്യ കോര്‍പ്പറേഷന് അനുവദിച്ച് ഉത്തരവിറങ്ങിയിട്ടുള്ളത്. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സാമ്പത്തിക ആവശ്യങ്ങളും കൈകാര്യം ചെയ്യുന്ന ഈ കോര്‍പ്പറേഷന്‍ നിലവില്‍ വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നതെന്നും തദ്ദേശസ്വയംഭരണ വകുപ്പ് ജനവരി 28 ന് ഇറക്കിയ ഉത്തരവില്‍ പറയുന്നു.

Latest news