LATEST NEWS » KERALA
  Jan 31, 2013
രണ്ടു വയസ്സുകാരിക്ക് യാത്രാനുമതി നിഷേധിച്ചു: അഞ്ച് ലക്ഷം നഷ്ടപരിഹാരം നല്‍കണം
തൊടുപുഴ: കുട്ടിയെ ഒപ്പം കൊണ്ടുപോകാന്‍ ഇന്ത്യന്‍ എംബസിയുടെ സാക്ഷ്യപത്രം ഇല്ലെന്ന കാരണത്താല്‍ രണ്ടു വയസ്സുകാരിക്ക് യാത്രാനുമതി നിഷേധിച്ച കേസില്‍ വിമാനക്കമ്പനി അഞ്ചു ലക്ഷം രൂപ നല്‍കണമെന്ന് ഉപഭോക്തൃ കോടതി വിധി. ടിക്കറ്റെടുത്തപ്പോള്‍തന്നെ വ്യവസ്ഥകള്‍ പറയാതിരുന്നത് സേവനന്യൂനതയാണെന്ന് കാട്ടിയാണ് വിധി.

2011ലാണ് കേസിനാസ്പദമായ സംഭവം. അയര്‍ലന്‍ഡില്‍ ജോലിചെയ്യുന്ന മലയാളികളായ ബോബി കുര്യന്‍ - സോണിയ ഫ്രാന്‍സിസ് ദമ്പതിമാരുടെ മകള്‍ എവലിന്‍ ബോബി ജനിച്ചത് അവിടെയായിരുന്നു. തണുപ്പ് കഠിനമായപ്പോള്‍ മകളെ ജന്മനാടായ കോട്ടയം കാളകെട്ടിയിലുള്ള ഇലഞ്ഞിമറ്റം വീട്ടില്‍ അപ്പൂപ്പന്റെയും അമ്മൂമ്മയുടെയും ഒപ്പമാക്കി ദമ്പതിമാര്‍ മടങ്ങി. എന്നാല്‍ പിരിഞ്ഞിരിക്കാന്‍ വയ്യെന്നായപ്പോള്‍ മകളെ അയര്‍ലന്‍ഡിലേക്ക് തിരികെ കൊണ്ടുപോകാന്‍ ശ്രമം തുടങ്ങി. ഇവരുടെ സുഹൃത്തുക്കളും ഒപ്പം ജോലി ചെയ്യുന്നവരുമായ ഉലഹന്നാന്‍ തോമസ്-ഷിബി ജോര്‍ജ് ദമ്പതിമാര്‍ അപ്പോള്‍ നാട്ടില്‍നിന്ന് അയര്‍ലന്‍ഡിലേക്ക് തിരിക്കുന്നുണ്ടായിരുന്നു. ഇവരുടെ ഒപ്പം കുട്ടിയെ കൊണ്ടുവരാന്‍ വിദേശ എയര്‍ലൈന്‍സില്‍ ടിക്കറ്റ് ബുക്ക്‌ചെയ്തു. ഇതിനുള്ള അധികാരപത്രവും നല്‍കി. കുട്ടിയുടെ വല്യമ്മ ഗ്രേസിക്കുട്ടിയും ഇവരുടെ ഒപ്പം യാത്രയ്ക്കുണ്ടായിരുന്നു. എന്നാല്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ അധികാര പത്രത്തില്‍ അയര്‍ലന്‍ഡിലെ ഇന്ത്യന്‍ എംബസി അധികൃതര്‍ സാക്ഷ്യപ്പെടുത്തിയിട്ടില്ലെന്ന് പറഞ്ഞ് കുട്ടിക്ക് യാത്രാനുമതി നിഷേധിച്ചു.

തുടര്‍ന്ന് കുട്ടിയും അമ്മ സോണിയയും അമ്മൂമ്മയും ചേര്‍ന്ന് എറണാകുളം ഉപഭോക്തൃ തര്‍ക്കപരിഹാര ഫോറത്തില്‍ പരാതി നല്‍കുകയായിരുന്നു. ഫോറം പ്രസിഡന്‍റ് എ. രാജേഷ്, അംഗങ്ങളായ പോള്‍ ഗോമസ്, സി.കെ. ലേഖമ്മ എന്നിവരാണ് വിധി പറഞ്ഞത്. നഷ്ടപരിഹാരം ഒരു മാസത്തിനകം നല്‍കണമെന്നും അല്ലെങ്കില്‍ 12 ശതമാനം പലിശകൂടി നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

അഭിഭാഷകരായ എസ്. അശോകന്‍, പ്രസാദ് ജോസഫ് എന്നിവര്‍ ഹര്‍ജിക്കാര്‍ക്കുവേണ്ടി ഹാജരായി.

Latest news