കൊലക്കേസ്; തെളിവായത് പ്രതികളുടെ മൊഴികളും നഖക്ഷതങ്ങളും

Published on  31 Jan 2013
കൊച്ചി: അസ്വാഭാവിക മരണമെന്ന് ലോക്കല്‍ പോലീസ് എഴുതിത്തള്ളിയ റോസിലി കൊലക്കേസ് പത്തുവര്‍ഷത്തിന് ശേഷം തെളിയിച്ചത് ക്രൈംബ്രാഞ്ചിന്റെ അന്വേഷണമികവിന് തെളിവായി. ചില നിര്‍ണായക തെളിവുകളാണ് പ്രതികളെ കുടുക്കാന്‍ സഹായകമായത്.

പ്രതികളായ അയ്യപ്പന്റെയും സതീഷിന്റെയും മൊഴികളും അന്വേഷണത്തില്‍ നാട്ടുകാരുടെ സഹകരണവും ഏറെ പ്രയോജനപ്പെട്ടതായി എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി കെ.ജി. സൈമണ്‍ പറഞ്ഞു. 2003 ല്‍ വെള്ളിക്കുളങ്ങര പോലീസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിച്ച കേസാണിത്. പശുവിന്റെ കയര്‍ കഴുത്തില്‍ കുടുങ്ങി മരണം സംഭവിച്ചുവെന്നായിരുന്നു ലോക്കല്‍ പോലീസിന്റെ നിഗമനം.

എന്നാല്‍ കേസന്വേഷിച്ച ക്രൈംബ്രാഞ്ചിന്റെ കണ്ണുകള്‍ മരിച്ചുകിടക്കുന്ന റോസിലിയുടെ ചിത്രത്തിലുടക്കി. വസ്ത്രങ്ങള്‍ അസ്വാഭാവികമായി മാറിക്കിടന്നതും ഇരുകൈകളിലെയും കഴുത്തിലെയും നഖത്തിന്റെ പാടുകളും കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്ന അടയാളങ്ങളായി. റോസിലി ആക്രമിക്കപ്പെട്ടപ്പോള്‍ ബഹളം കേട്ടവരുടെ മൊഴികളും നിര്‍ണായകമായി. സതീഷിനെ മുമ്പ് പലതവണ ചോദ്യം ചെയ്തപ്പോള്‍ ശ്രദ്ധയില്‍പ്പെട്ട മൊഴികളിലെ വൈരുദ്ധ്യം സംശയത്തിന് ആക്കം കൂട്ടി. ഇതിന് പുറമെ സംഭവത്തിന് ശേഷം ഇരുവരും താമസം മാറ്റിയതും സംശയം വര്‍ധിപ്പിച്ചു. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തതിനെ തുടര്‍ന്ന് ഇനി പോലീസ് എന്നെ വിളിച്ചാല്‍ പറയാനുള്ളത് ഞാന്‍ പറയും എന്ന് അയ്യപ്പന്‍ സുഹൃത്തിനോട് പറഞ്ഞവിവരവും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു. റോസിലിയുമായി വഴക്കുണ്ടാക്കി കൊല്ലുമെന്ന് പറഞ്ഞവരെ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.

രണ്ടുകൈ, വെള്ളിക്കുളങ്ങര, ചായിപ്പന്‍കുഴി, കുറ്റിച്ചിറ തുടങ്ങിയ സ്ഥലങ്ങളിലെ ആനക്കൊമ്പ് വേട്ടക്കാര്‍, കഞ്ചാവ് കൃഷിക്കാര്‍, ചാരായം വാറ്റുകാര്‍, എന്നിവരുള്‍പ്പെടെ മുന്നൂറോളം പേരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇവരില്‍പ്പെട്ടവര്‍ റോസിലി കേസില്‍ പങ്കുണ്ടെന്ന് പരസ്പരം പഴിചാരി അന്വേഷണം സങ്കീര്‍ണമാക്കാനും വഴിതിരിച്ചുവിടാനും ശ്രമം നടത്തിയത് അന്വേഷണം സങ്കീര്‍ണമാക്കി.

സംഭവത്തെ തുടര്‍ന്ന് സ്ഥലം വിട്ടവരെയും ആത്മഹത്യ ചെയ്തവരെയും കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.

 

 

 

Latest news