ആലുവ: വസ്തു വിറ്റ് കിട്ടിയ പണം കാറില്‍ കൊണ്ടുപോകവേ മോഷ്ടാക്കള്‍ കവര്‍ന്നു. ആലുവ അണ്ടിക്കമ്പനിയില്‍ നിറുത്തിയിട്ട കാറില്‍ നിന്നാണ് ഏഴേകാല്‍ ലക്ഷം രൂപ മോഷണം പോയത്. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം.
എടത്തല മുതിരക്കാട്ടുമുകള്‍ പാലഞ്ചേരി വീട്ടില്‍ വിനോദിന്റെ ഭാര്യ സന്ധ്യയുടേയും സന്ധ്യയുടെ സഹോദരന്റെ ഭാര്യയായ ജിഷയുടേയും പേരില്‍ മുതിരക്കാട്ടുമുകളിലുള്ള അഞ്ച് സെന്‍േറാളം ഭൂമി വിറ്റ് കിട്ടിയ പണമാണ് നഷ്ടപ്പെട്ടതായി പരാതി നല്‍കിയിരിക്കുന്നത്.
വസ്തു വില്‍പ്പനയുടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം, വിനോദും ഭാര്യയും പണവുമായി കാറില്‍ മടങ്ങുമ്പോള്‍ ഇടയ്ക്കുവെച്ച് മത്സ്യം വാങ്ങാനായി കാര്‍ നിര്‍ത്തി. കടയില്‍ നിന്ന് മുന്നിലേക്ക് കയറ്റി കാര്‍ നിറുത്തിയ ഇവര്‍ ഡാഷില്‍ പണം വെച്ച് പൂട്ടിയ ശേഷമാണ് പുറത്തിറങ്ങിയത്. മത്സ്യം വാങ്ങി ക്കൊണ്ടിരുന്നപ്പോഴാണ് വിനോദ് കാര്‍ ലോക്ക് ചെയ്തിട്ടില്ല എന്ന കാര്യം ഓര്‍ത്തത്. ഉടന്‍ കാറിനടുത്തെത്തിയെങ്കിലും, ഡാഷ് പൊളിച്ച് പണം എടുത്തുകൊണ്ടുപോയതായി ശ്രദ്ധയില്‍ പെട്ടു.
കാറില്‍ ഒപ്പമുണ്ടായിരുന്ന സന്ധ്യയുടെ സഹോദരന്‍ മണലിമുക്ക് കൊട്ടേക്കാട് വീട്ടില്‍ സന്തോഷും ഭാര്യ ജിഷയും പാതിവഴിയില്‍ ഇറങ്ങിയിരുന്നു. കുന്നത്തേരിയില്‍ ജോലിയുള്ള സന്ധ്യയെ അവിടെയാക്കി വീട്ടിലേക്ക് മടങ്ങാനാണ് വിനോദ് തീരുമാനിച്ചിരുന്നത്. മുതിരക്കാട്ടുമുകളില്‍ അഞ്ചുമാസം മുന്‍പ് താമസം ആരംഭിച്ച എറണാകുളം സ്വദേശിക്കാണ് വസ്തു വില്‍പ്പന നടത്തിയിരിക്കുന്നത്.
പണം നഷ്ടപ്പെട്ടതു സംബന്ധിച്ച് ആലുവ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരിക്കുകയാണ് വിനോദും കുടുംബവും.
കാറില്‍ സൂക്ഷിച്ച പണം മോഷണം പോകുന്നത് മാസങ്ങള്‍ക്കുള്ളില്‍ ആലുവയില്‍ ഇത് രണ്ടാമത്തെ തവണയാണ്. രണ്ട് സംഭവത്തിലും സമാനതകള്‍ ഏറെ ഉള്ളതിനാല്‍ മോഷണം നടത്തിയതിനു പിന്നില്‍ ഒരേ സംഘമാണെന്ന് സംശയിക്കുന്നു. വസ്തു വിറ്റ് കിട്ടിയ പണമാണ് രണ്ടു തവണയും നഷ്ടപ്പെട്ടത്. ഭൂമിയുടെ രജിസ്‌ട്രേഷന്‍ കഴിഞ്ഞ ശേഷം പണം കാറില്‍ സൂക്ഷിച്ചപ്പോഴാണ് പണം കവര്‍ച്ച ചെയ്യപ്പെടുന്നതും.
നവംബര്‍ മാസത്തില്‍ കളമശ്ശേരി വിടാക്കുഴ സ്വദേശിയായ അഷ്‌റഫിന്‍േറയും രാജന്‍േറയും വസ്തു വിറ്റ് ലഭിച്ച 11.40 ലക്ഷമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്. രജിസ്ട്രാര്‍ ഓഫീസിന് മുന്‍പില്‍ വെച്ച് മാസങ്ങള്‍ക്ക് മുന്‍പ് ചില്ലു തകര്‍ത്താണ് മോഷണമെങ്കില്‍, ഇത്തവണ കിലോമീറ്ററുകള്‍ മാറിയാണ് മോഷണം നടന്നത്. വ്യക്തമായ ആസൂത്രണം മോഷണങ്ങള്‍ക്കു പിന്നില്‍ നടന്നിരിക്കാമെന്നും സംശയിക്കുന്നുണ്ട്. കാറില്‍ പണവുമായി പോകുന്നവരെ നിരീക്ഷിച്ച് മോഷണം നടത്തുന്ന രീതിയാണ് ഇതിനു കാരണമാകുന്നത്.