LATEST NEWS » KERALA
  Jan 31, 2013
ഉത്‌പാദനം കുറഞ്ഞു; വില കൂടി കോഴിക്ക് 120 രൂപ; കുഞ്ഞിന് 34
ജിജോ സിറിയക്‌
കൊച്ചി: കോഴിയിറച്ചിക്ക് വില കുതിക്കുന്നു. ഇറച്ചിക്കോഴിയുടെ ചില്ലറ വില കിലോ 120 രൂപയായി. ജീവനോടെ തൂക്കിത്തരുന്ന വിലയാണിത്. ഇറച്ചി മാത്രമാണെങ്കില്‍ 170 രൂപ വരെ നല്‍കണം. കോഴിയുടെ ഉത്പാദനം ഗണ്യമായി കുറഞ്ഞതും ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് വില കയറാന്‍ കാരണം. അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കിയതോടെ നികുതിവെട്ടിച്ചുള്ള കോഴിവരവും കുറഞ്ഞു.
ഇതോടൊപ്പം കോഴിക്കുഞ്ഞിനും വില കൂടി. 15-20 രൂപയ്ക്ക് ലഭിച്ചിരുന്ന കുഞ്ഞിന് 33-34 രൂപയായി. മാസം ഒരു കോടിയോളം കോഴിക്കുഞ്ഞുങ്ങളാണ് കേരളത്തില്‍ വില്‍ക്കുന്നത്. ഇതില്‍ 80 ശതമാനത്തോളം തമിഴ്‌നാട്ടില്‍ നിന്നാണ് വരുന്നത്.
വില കൂടിയതിനാല്‍ കോഴിക്കുഞ്ഞുങ്ങളെ എടുക്കേണ്ടതില്ലെന്നാണ് കര്‍ഷകരുടെ തീരുമാനം. 34 രൂപയ്ക്ക് വാങ്ങുന്ന കുഞ്ഞിനെ ആറാഴ്ച വളര്‍ത്തി നല്‍കുമ്പോള്‍ കിലോയ്ക്ക് 75 രൂപയെങ്കിലും കിട്ടണം. വിലയിടിഞ്ഞാല്‍ വന്‍ നഷ്ടമുണ്ടാകും. റിസെ്കടുക്കാന്‍ താത്പര്യമില്ലാത്തതിനാലാണ് കോഴിക്കുഞ്ഞുങ്ങളെ തത്കാലം എടുക്കാത്തതെന്ന് കേരള പൗള്‍ട്രി ഫാം അസോസിയേഷന്‍ വര്‍ക്കിങ് പ്രസിഡന്‍റ് സുകുമാരന്‍ പാറപ്പുറം പറഞ്ഞു.
നിലവില്‍ കര്‍ഷകരില്‍ നിന്ന് 80 രൂപയ്ക്കാണ് മൊത്തക്കച്ചവടക്കാര്‍ കോഴി വാങ്ങുന്നത്. ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ വില കുത്തനെ ഇടിഞ്ഞതോടെ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം നേരിട്ടു. പക്ഷിപ്പനി ഭീതിയെത്തുടര്‍ന്ന് മൊത്തവില 30 രൂപയില്‍ താഴെ വന്നിരുന്നു. കോഴിക്കുഞ്ഞിന് 5 രൂപ വരെ വിലവന്നു. തമിഴ്‌നാട്ടില്‍ ലക്ഷക്കണക്കിന് കുഞ്ഞുങ്ങളെ ജീവനോടെ കുഴിച്ചുമൂടി. അക്കാലത്തെ നഷ്ടംനികത്താന്‍ തമിഴ്‌നാട് ലോബി ഉത്പാദനം കുറച്ച് വില കൂട്ടുകയാണെന്ന് ഒരു വിഭാഗം വ്യാപാരികള്‍ പറയുന്നു. കോഴിക്കുഞ്ഞുങ്ങളെ കര്‍ഷകര്‍ എടുക്കാത്ത സ്ഥിതിവന്നാല്‍ വീണ്ടും വില കൂടുമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
പെരുന്നാള്‍-വിവാഹ സീസണ്‍ ആയതോടെയാണ് കോഴിയിറച്ചിക്ക് ഡിമാന്‍ഡ് കൂടിയത്. നിലവിലെ വിലയ്ക്ക് കോഴിവിഭവങ്ങള്‍ നല്‍കുന്നത് നഷ്ടമാണെന്ന് ഹോട്ടലുടമകളും പറയുന്നു. മുന്‍കൂട്ടി സദ്യക്ക് ഓര്‍ഡര്‍പിടിച്ച കാറ്ററിങ് യൂണിറ്റുകള്‍ക്കും വിലക്കയറ്റം തിരിച്ചടിയായി. കോഴിക്കുഞ്ഞിന് 18 രൂപയില്‍ത്താഴെ കിട്ടിയാലേ പിടിച്ചുനില്‍ക്കാന്‍ കഴിയൂ എന്ന് പൗള്‍ട്രി ഫാം അസോസിയേഷന്‍ പറയുന്നു. കോഴിത്തീറ്റയ്ക്ക് 50 കിലോയ്ക്ക് 1600 രൂപയാണ്. കൂടാതെ മരുന്ന്, കറന്‍റ്ചാര്‍ജ്, പരിചരണച്ചെലവ് ഇവയൊക്കെയാകുമ്പോള്‍ മൊത്തവില കിലോയ്ക്ക് 75-ല്‍ കുറഞ്ഞാല്‍ നഷ്ടമുണ്ടാകുമെന്ന് കര്‍ഷകര്‍ പറയുന്നു.

വിപണിയില്‍ ഇടപെടുമെന്ന് പൗള്‍ട്രി കോര്‍പ്പറേഷന്‍

കോഴിയിറച്ചി വില നിയന്ത്രിക്കാന്‍ വിപണിയില്‍ ഇടപെടുമെന്ന് കേരള സ്റ്റേറ്റ് പൗള്‍ട്രി ഡവലപ്‌മെന്‍റ് കോര്‍പ്പറേഷന്‍ എംഡി ഡോ. അനി എസ്. ദാസ് പറഞ്ഞു. 93 രൂപയ്ക്കാണ് കോര്‍പ്പറേഷന്‍ കോഴിയെ നല്‍കുന്നത്. ചില്ലറ കച്ചവടം കൂടാതെ ഹോട്ടലുകള്‍ക്കും ഈ വിലയ്ക്ക് കോഴി നല്‍കാന്‍ തീരുമാനമായിട്ടുണ്ട്. കോര്‍പ്പറേഷന്‍ ബന്ധപ്പെട്ടവര്‍ക്ക് ഫാമുകളില്‍നിന്നുതന്നെ കോഴിയെ തൂക്കിനല്‍കും.
കൂടുതല്‍ കോഴിഫാമുകള്‍ തുടങ്ങും. എറണാകുളം മേഖലയില്‍ മൂന്നു ഫാമുകള്‍ ഉടന്‍ ആരംഭിക്കും. കൂടുതല്‍ വില്പനശാലകളും തുറക്കും.
27 രൂപയ്ക്കാണ് കോര്‍പ്പറേഷന്‍ ഇറച്ചിക്കോഴിക്കുഞ്ഞുങ്ങളെ നല്‍കുന്നത്. ഇതിന്റെ ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കും. നിലവില്‍ മാസം ഒരു ലക്ഷം കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുന്നുണ്ട്. ഫിബ്രവരിയില്‍ 1.5 ലക്ഷമാക്കുമെന്നും ഡോ. അനി എസ്. ദാസ് പറഞ്ഞു.


Latest news

- -