LATEST NEWS » KERALA
  Jan 31, 2013
മദ്യം, മയക്കുമരുന്ന് കേസുകള്‍ കൂടുന്നു; കൊലപാതകങ്ങളും
ബി. രാജേഷ്‌കുമാര്‍
കൊച്ചി: സംസ്ഥാനത്ത് ആശങ്ക സൃഷ്ടിച്ച് കൊലപാതകം, കൂട്ടക്കവര്‍ച്ച, മാലപൊട്ടിക്കല്‍, ആരാധനാലയങ്ങളിലെ കവര്‍ച്ച, മദ്യം, മയക്കുമരുന്ന് കേസുകള്‍ എന്നിവ വര്‍ധിക്കുന്നതായി റിപ്പോര്‍ട്ട്. ലഹരിയുമായി ബന്ധപ്പെട്ട കേസുകള്‍ക്ക് ആനുപാതികമായി വാഹനാപകടങ്ങളും ഏറെ കൂടിയിട്ടുണ്ട്.

ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം കൊലപാതക കേസുകള്‍ 348 ല്‍ നിന്ന് 365 ആയാണ് ഉയര്‍ന്നിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഡിസംബര്‍ വരെ ഏറ്റവും കൂടുതല്‍ വധക്കേസുകള്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്ന തിരുവനന്തപുരം റേഞ്ചിലാണ് റിപ്പോര്‍ട്ട് ചെയ്തത്-131 എണ്ണം. തൊട്ടുപിന്നില്‍ 89 കേസുകളുമായി ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകള്‍ ഉള്‍പ്പെടുന്ന എറണാകുളം റേഞ്ചാണ്. 2011 ലും ഈയിനത്തില്‍ തിരുവനന്തപുരം റേഞ്ചായിരുന്നു മുന്നില്‍-101 കേസുകള്‍. മുതലിന് വേണ്ടിയുള്ള കൊലപാതകങ്ങള്‍ 12 ല്‍ നിന്നും 34 ആയാണ് വര്‍ധിച്ചിരിക്കുന്നത്. 15 കേസുകളുമായി തിരുവനന്തപുരം റേഞ്ചാണ് ഒന്നാമത്. കൂട്ടക്കവര്‍ച്ച 70 ല്‍ നിന്ന് 72 ആയി. 19 കേസുകളുമായി എറണാകുളം റേഞ്ചാണ് ഒന്നാമത്.

ജനസംഖ്യയും വാഹനങ്ങളും കൂടിയതിന് ആനുപാതികമായാണ് കേസുകളുടെ എണ്ണം ഏറിയതെന്ന് പോലീസ് വൃത്തങ്ങള്‍ പറയുന്നു. സംസ്ഥാനത്ത് കേസുകള്‍ രജിസ്റ്റര്‍ചെയ്യുന്നത് കൂടിയതാണ് മറ്റൊരു കാരണമെന്നും അവര്‍ വിശദീകരിക്കുന്നു.

മദ്യപിച്ച് മോശമായി പെരുമാറിയതുമായി ബന്ധപ്പെട്ട് 63661 കേസുകളാണ് കഴിഞ്ഞവര്‍ഷമുണ്ടായതെങ്കില്‍ 2011 ല്‍ ഇത് 14436 ആയിരുന്നു. സംസ്ഥാനത്ത് വര്‍ധിച്ചുവരുന്ന മദ്യാസക്തിക്ക് തെളിവാണ് ഈ വര്‍ധനയെന്ന് വിലയിരുത്തപ്പെടുന്നു. തിരുവനന്തപുരം റേഞ്ച് തന്നെയാണ് ഇക്കാര്യത്തിലും ഒന്നാംസ്ഥാനത്ത്, 23850 കേസുകള്‍. എല്ലാ റേഞ്ചിലും ഭീമമായ വര്‍ധനയാണ്. തിരുവനന്തപുരം മേഖലയില്‍ 2722 ല്‍ നിന്ന് കേസുകള്‍ 23850 ആയി ഉയര്‍ന്നു. എറണാകുളത്ത് വര്‍ധന 3122 ല്‍ നിന്ന് 13252 ആണ് . തൃശ്ശൂരിലേത് 7707 ല്‍ നിന്ന് 23311 ആയി ഉയര്‍ന്നു. കണ്ണൂരിലാകട്ടെ 885 ല്‍ 3248 ആയി ഉയര്‍ന്നു. 64756 പേരാണ് 2012 ല്‍ ഇതുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. 2011 ല്‍ ഇവരുടെ എണ്ണം 14658 ആയിരുന്നു.

മദ്യപിച്ച് വാഹനമോടിച്ചതുമായി ബന്ധപ്പെട്ട് 198060 കേസുകളാണ് എടുത്തത്. 2011 ല്‍ ഇത് 163966 ആയിരുന്നു.

മയക്കുമരുന്ന്, കഞ്ചാവ് എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലും വര്‍ധനയാണ്. 691 ല്‍ നിന്ന് 700 ആയി കേസുകള്‍ വര്‍ധിച്ചു. ഇത്തരം കേസുകളില്‍ 785 പേരാണ് അറസ്റ്റിലായത്. 234 എണ്ണവുമായി എറണാകുളം റേഞ്ചാണ് ഒന്നാമത്.

അബ്കാരി ആക്ടുമായി ബന്ധപ്പെട്ട് കേസുകള്‍ 42752 ല്‍ നിന്ന് 52221 ആയി ഉയര്‍ന്നു. ഇത്തരം കേസുകളില്‍ അറസ്റ്റിലായവരുടെ എണ്ണം 62984 ആണ്. 2011 ല്‍ 56628 ആയിരുന്നു.

പൊതുസ്ഥലത്തെ പുകവലി, പുകയില ഉത്പന്നങ്ങളുടെ വില്‍പ്പന എന്നിവയുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ്. എട്ടില്‍ നിന്നും 1140 ആയി കേസുകള്‍ ഉയര്‍ന്നു. കണ്ണൂര്‍ റേഞ്ചിലാണ് കൂടുതല്‍ കേസുകള്‍. 537 എണ്ണം. അറസ്റ്റിലായവരുടെ എണ്ണം ഒമ്പതില്‍ നിന്ന് 613 ആയി.

ബൈക്കിലെത്തിയും അല്ലാതെയും സ്ത്രീകളുടെ മാലപൊട്ടിച്ചതുമായി ബന്ധപ്പെട്ട കേസുകളും ഏറെ വര്‍ധിച്ചു, 630 ല്‍ നിന്നും 693 ആയി.

ആരാധാനാലയങ്ങളിലെ കവര്‍ച്ചക്കേസുകളുടെ എണ്ണം 213 ല്‍ നിന്നും 254 ആയി. 87 കേസുകളുമായി എറണാകുളം റേഞ്ചാണ് ഒന്നാമത്. പോയവര്‍ഷം ഇവിടെ 70 കേസുകളായിരുന്നു.

പിടിച്ചുപറിക്കേസുകള്‍ കുറച്ചു കുറഞ്ഞിട്ടുണ്ട്. 689 ല്‍ നിന്നും 682 ആയി. ഭവനഭേദനം, വാഹനമോഷണം, ബലാല്‍സംഗം, സ്ത്രീകളെ അപമാനിക്കുന്നതുമായി ബന്ധപ്പെട്ട കേസുകള്‍ എന്നിവയില്‍ സംസ്ഥാനാടിസ്ഥാനത്തില്‍ കുറവ് രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും ചില റേഞ്ചുകളില്‍ ഇവയില്‍ ചിലത് കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

Latest news