എട്ടുകോടി തട്ടിയെടുത്ത കേസില്‍ അച്ഛനും മകനും അറസ്റ്റില്‍

Published on  31 Jan 2013
തിരുവനന്തപുരം: എന്‍ജിനീയറിങ് ബിരുദധാരികളായ അറുനൂറോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി വാഗ്ദാനം നല്‍കി എട്ടുകോടി രൂപ തട്ടിയെടുത്ത കേസില്‍ അച്ഛനും മകനും അറസ്റ്റിലായി. കോട്ടയം കാരാപ്പുഴ അമ്പലക്കടവ് അറയ്ക്കല്‍ ഹൗസില്‍ കെ. ജയകൃഷ്ണന്‍ (32), കരുണാകരന്‍നായര്‍ (72) എന്നിവരെയാണ് തമ്പാനൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവം നടന്ന് അഞ്ചുവര്‍ഷത്തിനുശേഷമാണ് ഇരുവരും പിടിയിലായത്. നേപ്പാളിലെ സുന്‍സാരി ജില്ലയിലെ ധാരന്‍ എന്ന സ്ഥലത്ത് ഇരുവരും ഒളിവില്‍ താമസിക്കുകയായിരുന്നു. ജയകൃഷ്ണന്‍, അര്‍ജുന്‍ കൃഷ്ണന്‍ എന്ന പേരിലാണ് നേപ്പാളില്‍ അറിയപ്പെട്ടിരുന്നതെന്ന് പോലീസ് പറഞ്ഞു. 2008ല്‍ ഇവര്‍ കുടുംബത്തോടൊപ്പം ബംഗാള്‍വഴി നേപ്പാളിലേക്ക് കടക്കുകയായിരുന്നു. അവിടെ ആര്യന്‍സ് ലിമിറ്റഡ് എന്ന പേരില്‍ ഇന്‍റര്‍നെറ്റ് വഴി കമ്പ്യൂട്ടര്‍ സോഫ്റ്റ്‌വേര്‍ കച്ചവടം നടത്തിവരികയായിരുന്നു ഇവര്‍.

വാറന്‍റ് കേസില്‍ നേരത്തെ കരുണാകരന്‍ നായരെ സി. ബി.ഐ. അറസ്റ്റ്‌ചെയ്തിരുന്നു. തുടര്‍ന്ന് കേരളാ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ജയകൃഷ്ണനും കുടുങ്ങിയത്. തലമുടി വിഗ്ഗ് വച്ചും മീശ വടിച്ചും വേഷംമാറി നടക്കുകയായിരുന്നു ഇവര്‍.

അച്ഛനും മകനും ചേര്‍ന്ന് 2006 ല്‍ തമ്പാനൂര്‍ എസ്.എസ്. കോവില്‍ റോഡില്‍ ആര്യന്‍സ് ഇന്‍ഫോവേ എന്ന സ്ഥാപനം തുടങ്ങിയാണ് തട്ടിപ്പ് നടത്തിയതെന്ന് പോലീസ് അറിയിച്ചു. എന്‍ജിനീയറിങ് ബിരുദധാരികള്‍ക്ക് ആറുമാസത്തിനുള്ളില്‍ ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് പറഞ്ഞ് പരസ്യം നല്‍കിയാണ് ഇവര്‍ ഉദ്യോഗാര്‍ത്ഥികളെ ആകര്‍ഷിച്ചത്. ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് ഒരുലക്ഷംരൂപ വീതം വാങ്ങിയശേഷം ഇവര്‍ മുങ്ങുകയായിരുന്നു. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ഝാന്‍സി റാണി എന്ന സ്ത്രീയുടെ പരാതി ഉള്‍പ്പെടെ എട്ടുകേസുകളില്‍ പ്രതികളാണ് ഇവരെന്നും പോലീസ് അറിയിച്ചു. ഇവര്‍ക്കായി പോലീസ് രണ്ടുതവണ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും റിമാന്‍റ് ചെയ്തു.