തിരുവനന്തപുരം: ഡീസല്‍ വിലവര്‍ധന കാരണം പോലീസിന്റെ കീഴിലുള്ള തലസ്ഥാനത്തെ ഏക ഡീസല്‍ പമ്പ് പൂട്ടുന്നു.
എസ്.എ.പി. ക്യാമ്പില്‍ പ്രവര്‍ത്തിക്കുന്ന ഡീസല്‍ പമ്പ് ഉടന്‍ പൂട്ടുമെന്ന ഉത്തരവ് 29നാണ് പുറത്തിറക്കിയത്. പോലീസ് ആസ്ഥാനത്തെ ഐ.ജി. മനോജ് എബ്രഹാമാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്.
വന്‍തോതില്‍ ഡീസല്‍ വാങ്ങുന്നതിനാല്‍ പോലീസ് വകുപ്പിന്റെ ഡീസല്‍ പമ്പിനെ വന്‍കിട ഉപഭോക്താക്കളുടെ പട്ടിയിലാണ് എണ്ണക്കമ്പനി പെടുത്തിയിട്ടുള്ളത്. വന്‍കിട ഉപഭോക്താക്കള്‍ വിപണിയിലെ എണ്ണ വിലയേക്കാള്‍ 11.53 രൂപ അധികമായി നല്‍കേണ്ടതുണ്ട്. ഇത് പോലീസിന് അധികബാധ്യത ഉണ്ടാകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പമ്പ് പൂട്ടാന്‍ തിരുമാനമെടുത്തത്. പോലീസ് വകുപ്പിന് ഏറ്റവും കൂടുതല്‍ വാഹനങ്ങള്‍ ഉള്ളത് തലസ്ഥാനത്താണ്.
പോലീസ് വകുപ്പിന്റെ കീഴില്‍ 6000ത്തോളം വാഹനങ്ങളാണുള്ളത്. ഇതില്‍ ആയിരത്തോളം വാഹനങ്ങള്‍ എസ്.എ.പി.യിലെ പമ്പില്‍നിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. ഡി.ജി.പി മുതല്‍ പോലീസിന്റെ പട്രോളിങ്‌ബൈക്കുകള്‍വരെ ഇന്ധനം നിറയ്ക്കുന്നത് എസ്.എ.പിയിലെ പമ്പില്‍ നിന്നാണ്. കൂടാതെ മറ്റ് ജില്ലകളില്‍നിന്നും വിവിധ ആവശ്യങ്ങള്‍ക്കായി തലസ്ഥാനത്ത് എത്തുന്ന വാഹനങ്ങളും ഇന്ധനം നിറയ്ക്കുന്നത് ഇവിടെനിന്നാണ്. പമ്പ് പൂട്ടുന്നതോടെ കൊമേഴ്‌സ്യല്‍ പമ്പുകളില്‍നിന്നും ഇന്ധനം നിറയ്ക്കാനാണ് നിര്‍ദ്ദേശം. അതത് വാഹനങ്ങള്‍ ഏത് പമ്പില്‍ നിന്നാണ് ഇന്ധനം നിറയ്ക്കുന്നുവെന്ന വിശദാംശം ഉടന്‍ നല്‍കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
പുതിയ നിര്‍ദ്ദേശം പോലീസ് പട്രോളിങ്ങിനെ കാര്യമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പോലീസ് സ്റ്റേഷനുകളിലെ ജീപ്പുകള്‍ക്ക് 200 ലിറ്ററാണ് പരിധി. കമ്മീഷണറുടെ പ്രത്യേകാനുമതിയോടെ ഇത് 500 ലിറ്റര്‍വരെ നിറയ്ക്കാം. പലഘട്ടങ്ങളിലായാണ് ഈ പരിധി ഉയര്‍ത്തി നല്‍കുന്നത്. സ്വകാര്യ പമ്പുകളിലേക്ക് മാറുന്നതോടെ ഇത് നടപ്പിലാക്കാന്‍ ബുദ്ധിമുട്ടാകും. സ്‌പെഷല്‍ യൂണിറ്റുകള്‍ക്ക് 100 ലിറ്ററാണ് പരിധി. ക്രൈംബ്രാഞ്ച്, വിജിലന്‍സ് എന്നിവയ്ക്ക് പരിധി ബാധകമല്ല.
സ്വകാര്യ പമ്പുകളില്‍ നിന്നും പരിധിയില്‍ കൂടുതല്‍ ഇന്ധനം നിറയ്ക്കാന്‍ തടസ്സം നേരിടും. ബില്ലുകള്‍ കൃത്യസമയത്ത് നല്‍കാത്തതിനാല്‍ സ്വകാര്യ പമ്പുകള്‍ നിശ്ചിത അളവില്‍കൂടുതല്‍ ഇന്ധനം നല്‍കില്ല. തിരുവനന്തപുരം ഒഴിച്ച് മറ്റ് ജില്ലകളില്‍ പരിധിയില്‍കൂടുതല്‍ ഇന്ധനം നിറയ്ക്കാന്‍ പരാതിയുമായി വരുന്നവരെയും സ്ഥലത്തെ പ്രധാന വ്യവസായികളെയുമാണ് ആശ്രയിക്കുന്നത്. തിരുവനന്തപുരം സിറ്റിയിലെ സ്റ്റേഷനുകള്‍ മാത്രമാണ് ഇതുവരെ സ്വകാര്യ വ്യക്തികളെ ആശ്രയിക്കാതെ ഇന്ധനം നിറയ്ക്കുന്നത്.