എന്‍.എസ്.എസുമായി കരാറുണ്ടാക്കിയതായി അറിയില്ല: ഉമ്മന്‍ ചാണ്ടി

Published on  31 Jan 2013
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ എന്‍.എസ്.എസും കോണ്‍ഗ്രസും തമ്മില്‍ കരാര്‍ ഉണ്ടാക്കിയതായി തനിക്ക് അറിയില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗതീരുമാനങ്ങള്‍ വിശദീകരിച്ചശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''കോണ്‍ഗ്രസ് മതേതര പാര്‍ട്ടിയാണ്. മതേതര നിലപാട് ബലികഴിച്ച് ഒന്നും ചെയ്യില്ല. കെ.പി.സി.സി പ്രസിഡന്‍റ് എന്ന നിലയില്‍ രമേശ് ചെന്നിത്തലയ്ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കണമെങ്കില്‍ അദ്ദേഹം മാത്രം തീരുമാനിച്ചാല്‍ മതി. കെ.പി.സി.സി പ്രസിഡന്‍റിനെ മത്സരിപ്പിക്കാന്‍ എന്‍.എസ്.എസുമായി കരാര്‍ ഉണ്ടാക്കിയതായി അറിവില്ല. വിലാസ് റാവു ദേശ്മുഖാണ് ഇടനില നിന്നതെന്ന വാദത്തോടും യോജിപ്പില്ല. തിരഞ്ഞെടുപ്പിനുശേഷം പലതവണ ദേശ്മുഖിനെ ഞാന്‍ കണ്ടതാണ്. അപ്പോഴൊന്നും അദ്ദേഹം ഇതേക്കുറിച്ച് സൂചിപ്പിച്ചിട്ടില്ല. ഇനി ഉറപ്പുവരുത്താന്‍ അദ്ദേഹം ജീവിച്ചിരിപ്പുമില്ല''- മുഖ്യമന്ത്രി പറഞ്ഞു.

''ഞാനും കെ.പി.സി.സി പ്രസിഡന്‍റും യോജിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഞങ്ങളെ ഹൈക്കമാന്‍ഡ് വിശ്വാസത്തിലെടുത്തിട്ടുമുണ്ട്. എന്‍.എസ്.എസ് വിഷയത്തില്‍ കോണ്‍ഗ്രസ് നിലപാട് വ്യക്തമാണ്. രമേശ് ചെന്നിത്തല കഴിഞ്ഞദിവസം പറഞ്ഞതും അതാണ്. കോണ്‍ഗ്രസിന്റെ ആശയമാണ് അദ്ദേഹം ഉയര്‍ത്തിപ്പിടിച്ചത്. രമേശ് പറഞ്ഞതിനോടെല്ലാം എനിക്ക് യോജിപ്പാണ്.

കെ.പി.സി.സി പ്രസിഡന്‍റാവുന്നതിന് മുമ്പുതന്നെ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. ഒന്നോ രണ്ടോ ദിവസത്തെ പ്രവര്‍ത്തനചരിത്രമല്ല അദ്ദേഹത്തിനുള്ളത്. വിവാദത്തെക്കുറിച്ച് പുതുതായി ഒന്നും പറയാനില്ല. ഞാന്‍ പറഞ്ഞത് ശരിയാണെന്ന് കാലം തെളിയിക്കും. ഓരോ ദിവസം കഴിയുംതോറും അത് തെളിഞ്ഞുവരുന്നു. ഞാനൊരു പൊതുപ്രവര്‍ത്തകനാണ്. ഞാന്‍ പറയുന്ന കാര്യങ്ങള്‍ ശരിയാകണമെന്ന് എനിക്ക് നിര്‍ബന്ധമുണ്ട്. ഞാന്‍ തെറ്റുചെയ്താല്‍ ജനങ്ങളോട് മറുപടി പറയേണ്ടിവരും. എനിക്കെതിരെ എന്‍.എസ്.എസ്. ഗൂഢാലോചന നടത്തുന്നുവെന്ന് അഭിപ്രായമില്ല. എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ അത് ആശയവിനിമയത്തിന്‍േറതാകാം''- മുഖ്യമന്ത്രി പറഞ്ഞു.

 

 

 

Latest news