
തിരുവനന്തപുര:വിവാദ ഇടനിലക്കാരന്‍ കെ.എ.റൗഫുമായി ഡി.ഐ.ജി. ശ്രീജിത്ത് അനധികൃത ഇടപാടുകള്‍ നടത്തിയെന്ന ആരോപണത്തിന്റെ നിജസ്ഥിതി അറിയാന്‍ ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പോലീസ് മേധാവി കെ.എസ്.ബാലസുബ്രമണ്യത്തോട് റിപ്പോര്‍ട്ട് തേടി.
സംസ്ഥാന പോലീസിലെ ഉത്തരവാദപ്പെട്ട സ്ഥാനത്തിരിക്കുന്ന എസ്.ശ്രീജിത്തിന്, റൗഫുമായി അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇതുസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് വേണമെന്നുമാണ് ആഭ്യന്തരമന്ത്രി പോലീസ് മേധാവിയോട് ആവശ്യപ്പെട്ടിട്ടുള്ളത്. ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ നിരന്തരം തലവേദന സൃഷ്ടിച്ച റൗഫിനെതിരെ സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നിലപാട് വ്യക്തമാക്കിയിരുന്നു. റൗഫ് സ്ഥിരം കുറ്റവാളിയാണെന്നും സമൂഹത്തിന് ഭീഷണിയാണെന്നുമായിരുന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. റൗഫിന്റെ പല ഇടപാടുകളിലും സംശയം തോന്നിയ പോലീസ്അയാളുടെ ഫോണ്‍ ചോര്‍ത്താന്‍ തുടങ്ങിയിരുന്നു. റൗഫിന്റെ ഫോണ്‍ സന്ദേശങ്ങളിലാണ് ഡി.ഐ.ജി ശ്രീജിത്തുമായുള്ള ബന്ധങ്ങള്‍ പുറത്തുവന്നത്. തുടര്‍ന്ന് ഇതുസംബന്ധിച്ച് പോലീസ് മേധാവിക്ക് ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കി. കര്‍ണാടകത്തിലെ മടിക്കേരിയില്‍ റൗഫുമായി ചേര്‍ന്ന് ശ്രീജിത്ത് ഭൂമി തട്ടിയെടുക്കാന്‍ ശ്രമം നടത്തിയതായി ആരോപണമുണ്ട്. റൗഫുമായുള്ള ബന്ധങ്ങളെത്തുടര്‍ന്ന് ശ്രീജിത്തിനെ പോലീസിലെ പല പൊതുപരിപാടികളില്‍ നിന്നും ഒഴിവാക്കിയിരുന്നു. ശ്രീജിത്തിന്റെ ഇടപാടുകളെക്കുറിച്ച് പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അനൗദ്യോഗിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ശ്രീജിത്ത് കുറ്റക്കാരനെന്ന് തെളിഞ്ഞാല്‍ ഉടനടി നടപടിയുണ്ടാകുമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി.
റൗഫിന്റെ ഫോണ്‍ സന്ദേശങ്ങളുടെ സൂചനകള്‍ മുന്‍നിര്‍ത്തി അയാള്‍ക്കെതിരേയും പോലീസ് വിവരശേഖരണം തുടങ്ങി. രണ്ട് ഡിവൈ.എസ്.പി.മാരെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചതും കള്ളപ്പണം വെളുപ്പിക്കാന്‍ കൂട്ടുനിന്നതും സംബന്ധിച്ചുള്ള ഫോണ്‍ സന്ദേശങ്ങളെക്കുറിച്ചാണ് പോലീസ് അന്വേഷണം തുടങ്ങിയത്.