LATEST NEWS » KERALA
  Jan 31, 2013
ലാഭകരമല്ലാത്ത സ്‌കൂളുകള്‍ കൂടുന്നു; 4600 കവിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ലാഭകരമല്ലാത്ത സ്‌കൂളുകളുടെ എണ്ണം 4614. ഇതില്‍ 2343 എണ്ണം എയ്ഡഡും 2271 എണ്ണം സര്‍ക്കാര്‍ സ്‌കൂളുകളുമാണ്. ലാഭകരമല്ലാത്ത സ്‌കൂളുകളില്‍ കൂടുതലും എല്‍.പി വിഭാഗത്തിലാണ്. എയ്ഡഡ് സ്‌കൂളുകളില്‍ 1982 എണ്ണവും സര്‍ക്കാര്‍ വിഭാഗത്തില്‍ 1719 എണ്ണവും എല്‍.പി വിഭാഗത്തില്‍ നിന്ന് ലാഭകരമല്ലാത്തവയുടെ പട്ടികയില്‍പ്പെടുന്നു.

പൊതു വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ 2011 -2012 വര്‍ഷത്തെ കണക്കാണിത്.

സര്‍ക്കാര്‍ യു.പി സ്‌കൂളുകളില്‍ 394 എണ്ണവും എയ്ഡഡ് വിഭാഗത്തില്‍ 313 ഉം സര്‍ക്കാര്‍ കണക്കില്‍ ലാഭകരമല്ലാത്തവയാണ്. ഹൈസ്‌കൂളുകളുടെ കൂട്ടത്തില്‍ സര്‍ക്കാര്‍ വിഭാഗത്തില്‍ 158 ഉം എയ്ഡഡ് വിഭാഗത്തില്‍ 48 ഉം ലാഭകരമല്ലാത്തവയാണ്.

ആകെ സ്‌കൂളുകളുടെ എണ്ണം നോക്കിയാല്‍ 37 ശതമാനവും അണ്‍ ഇക്കണോമിക്കാണ്. പൊതുവിദ്യാലയങ്ങളില്‍ കുട്ടികളുടെ എണ്ണം കുറഞ്ഞതാണ് ലാഭകരമല്ലാത്ത സ്‌കൂളുകളുടെ എണ്ണം കൂടാന്‍ കാരണം. മുന്‍ വര്‍ഷം 3200 സ്‌കുളുകളായിരുന്നു ലാഭകരമല്ലാത്തവയുടെ പട്ടികയില്‍ ഉണ്ടായിരുന്നത്.

കുട്ടികളുടെ എണ്ണത്തില്‍ ഗണ്യമായ കുറവാണ് ഓരോ വര്‍ഷവും പൊതുവിദ്യാലയങ്ങളില്‍ ഉണ്ടാകുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ചുമാത്രം രണ്ട് ലക്ഷം കുട്ടികള്‍ സര്‍ക്കാര്‍, എയ്ഡഡ് സ്‌കുളുകളിലായി കുറഞ്ഞിരുന്നു. മുന്‍വര്‍ഷം സര്‍ക്കാര്‍ സ്‌കൂളുകളില്‍ 1,40,848 കുട്ടികളും എയ്ഡഡ് വിഭാഗത്തില്‍ 1,36,739 കുട്ടികളുമാണ് സംസ്ഥാനത്തുള്ളത്. ആകെ 2,77,587 കുട്ടികള്‍. എല്ലാ വര്‍ഷവും കുട്ടികളുടെ എണ്ണം ക്രമേണ കുറഞ്ഞുവരികയാണ്.

സംസ്ഥാനത്തെ ജനന നിരക്കിലുള്ള കുറവ്, കേന്ദ്ര സിലബസിനോടുള്ള താത്പര്യം മൂലം സ്വകാര്യ സ്‌കൂളുകളിലേക്കുള്ള കൂടുമാറ്റം എന്നിവയൊക്കെ പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ എണ്ണക്കുറവിന് കാരണമാകുന്നു.

ഒന്നു മുതല്‍ ഏഴ് വരെ ക്ലാസ്സുകളുള്ള സ്‌കൂളുകളില്‍ 50 ഉം അഞ്ച് മുതല്‍ പത്ത് വരെ ക്ലാസുകളുള്ള സ്‌കൂളുകളില്‍ 100 ഉം കുട്ടികള്‍ ഇല്ലാത്തവയെയാണ് ലാഭകരമല്ലാത്തവയായി കണക്കാക്കുന്നത്.

ലാഭകരമല്ലാത്ത സ്‌കൂളുകള്‍ ഏറ്റവും കൂടുതലുള്ളത് കണ്ണൂരിലാണ് - 685 എണ്ണം. പത്തനംതിട്ട - 506, എറണാകുളം- 440 എന്നിവയാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. വയനാട്ടിലാണ് ഏറ്റവും കുറവ് അണ്‍ ഇക്കണോമിക് സ്‌കൂളുകള്‍ - 74.

വിദ്യാഭ്യാസ അവകാശനിയമം നടപ്പിലായതോടെ ലാഭകരമല്ലാത്ത എയ്ഡഡ് സ്‌കൂളുകളില്‍ നേരത്തെ നിയമിതരായ അധ്യാപകര്‍ക്ക് ജോലിസ്ഥിരതയുണ്ട്. എന്നാല്‍ പുതുതായി നിയമനം നടത്തുന്നതിന് ഒഴിവുകള്‍ സര്‍ക്കാരിലേക്ക് നേരത്തെ റിപ്പോര്‍ട്ട് ചെയ്ത് അംഗീകാരം വാങ്ങണം.

Latest news