LATEST NEWS » KERALA
  Jan 31, 2013
എതിരാളികളെ നേരിടേണ്ടത് ആക്ഷേപിച്ചല്ല: പിണറായി
തിരുവനന്തപുരം: വി.എസ്. അച്യുതാനന്ദന്റെ വിവാദ പരാമര്‍ശങ്ങളെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കാന്‍ പിണറായി വിജയന്‍ തയ്യാറായില്ല. വി.എസ്സിന്റെ വെളിപ്പെടുത്തല്‍ വന്ന ദിവസം പിണറായിക്ക് രണ്ട് പൊതുപരിപാടികള്‍ ഉണ്ടായിരുന്നെങ്കിലും ഇതേപ്പറ്റി അദ്ദേഹം ഒന്നും പറഞ്ഞില്ല. മാതൃകാ നേതാക്കള്‍ എതിരാളികളെ ആക്ഷേപിച്ചല്ല നേരിടുന്നതെന്നും അവര്‍ അപവാദ പ്രചാരണങ്ങള്‍ക്കുമുന്നില്‍ തലകുനിക്കില്ലെന്നുമുള്ള ഓര്‍മപ്പെടുത്തല്‍ മാത്രം. ബേബിജോണിനെ അനുസ്മരിച്ചുകൊണ്ടാണ് പിണറായി ഇങ്ങനെ പറഞ്ഞത്.

ബേബിജോണിന്റെ അഞ്ചാം ചരമവാര്‍ഷികദിനത്തില്‍ ആര്‍.എസ്.പി (ബി) സംഘടിപ്പിച്ച അനുസ്മരണം ഉദ്ഘാടനം ചെയ്തത് പിണറായി വിജയനാണ്. ''ബേബിജോണ്‍ സി.പി.എമ്മിനോട് യോജിച്ചും വിയോജിച്ചും പ്രവര്‍ത്തിച്ചു. എന്നാല്‍ ജീവിതത്തിലുടനീളം അദ്ദേഹം സ്വീകരിച്ച നിലപാട് രാഷ്ട്രീയ പ്രവര്‍ത്തകര്‍ മാതൃകയാക്കേണ്ടതാണ്. രാഷ്ട്രീയമായാണ് അദ്ദേഹം എതിരാളികളെ നേരിട്ടത്. ഏതെങ്കിലും തരത്തില്‍ ആക്ഷേപിക്കാന്‍ ശ്രമിച്ചില്ല'' -പിണറായി പറഞ്ഞു.

വലിയതോതില്‍ വ്യക്തിഹത്യ നേരിടേണ്ടിവന്ന നേതാവാണ് ബേബിജോണെന്നും പിണറായി ഓര്‍മിപ്പിച്ചു. എന്നാല്‍ ഇതിന് മുന്നില്‍ അദ്ദേഹം ഒരിക്കലും തലകുനിച്ചില്ല. ബേബിജോണ്‍ ഒരു തൊഴിലാളിയെ കൊന്നുവെന്നായിരുന്നു പ്രചാരണം. പിന്നീട് വസ്തുത പുറത്തുവന്നു. കൊല്ലപ്പെട്ടെന്നു പറഞ്ഞയാള്‍ തിരിച്ചുവന്നു. തന്റെ തലയെടുപ്പ് വ്യക്തിപരമായ ആവശ്യങ്ങള്‍ക്കോ രാഷ്ട്രീയ പകപോക്കലിനോ ഉപയോഗിച്ചില്ല. സമുദായ ശക്തികളുടെ വ്യവസ്ഥകള്‍ക്ക് കീഴടങ്ങാനും അദ്ദേഹം തയ്യാറായിരുന്നില്ല-പിണറായി വിജയന്‍ പറഞ്ഞു.

ചടങ്ങിനുശേഷം പ്രതികരണത്തിനായി മാധ്യമപ്രവര്‍ത്തകര്‍ പിണറായിയെ വളഞ്ഞെങ്കിലും അദ്ദേഹം ഒന്നും പറഞ്ഞില്ല. പടിക്കെട്ടില്‍ വീഴാതെ സൂക്ഷിക്കണമെന്ന് അവരെ ഉപദേശിച്ചതേയുള്ളൂ.

അനുസ്മരണച്ചടങ്ങില്‍ ആര്‍.എസ്.പി (ബി) സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.ചന്ദ്രബാബു അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി മന്ത്രി ഷിബു ബേബിജോണ്‍, സി.പി.എം. ജില്ലാസെക്രട്ടറി കടകംപള്ളി സുരേന്ദ്രന്‍, എം.എല്‍.എമാരായ മുല്ലക്കര രത്‌നാകരന്‍, അബ്ദുറഹ്മാന്‍ രണ്ടത്താണി, കെ.എസ്.സനല്‍കുമാര്‍, പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് തോപ്പില്‍ സായ്, കോരാണി ഷിബു എന്നിവര്‍ പങ്കെടുത്തു.

പ്രസ് ക്ലബ്ബിന് സമീപത്തുനിന്ന് തുടങ്ങിയ ബേബിജോണ്‍ അനുസ്മരണറാലി സമ്മേളനവേദിയായ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സമാപിച്ചു.

Latest news