LATEST NEWS » WORLD
  Jan 31, 2013
മുംബൈ ഭീകരാക്രമണക്കേസിന് മുന്തിയ പരിഗണനയെന്ന് ഹില്ലരി
വാഷിങ്ടണ്‍: മുംബൈ ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് അമേരിക്ക മുഖ്യപരിഗണന നല്‍കുന്നുണ്ടെന്ന് സ്ഥാനമൊഴിയുന്ന യു.എസ്. വിദേശകാര്യ സെക്രട്ടറി ഹില്ലരി ക്ലിന്‍റന്‍ പറഞ്ഞു. മുംബൈ ഭീകരാക്രമണക്കേസിലെ നടപടികള്‍ എളുപ്പത്തില്‍ അവസാനിക്കില്ലെന്നും അവര്‍ പറഞ്ഞു.

വെള്ളിയാഴ്ച വിദേശകാര്യസെക്രട്ടറി പദവിയില്‍നിന്ന് വിരമിക്കുന്നതിനുമുമ്പ് ലോകമെമ്പാടുമുള്ള പ്രേക്ഷകരോട് ഉപഗ്രഹസംവിധാനംവഴി തത്സമയം സംവദിക്കുകയായിരുന്നു അവര്‍. മസാച്യൂസെറ്റ് സെനറ്റര്‍ ജോണ്‍കെറിയാണ് ഹില്ലരിയുടെ പിന്‍ഗാമിയായി വിദേശകാര്യ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്. കെറിയുടെ നിയമനത്തിന് സെനറ്റ് അംഗീകാരം നല്‍കി.

മുംബൈകേസില്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ 35 വര്‍ഷം തടവിന് ശിക്ഷിച്ച ഷിക്കാഗോ കോടതി വിധിയെ സംഭാഷണത്തിനിടെ ഹില്ലരി ന്യായീകരിച്ചു. ഈ ശിക്ഷ അയാള്‍ അര്‍ഹിച്ചതാണ്. ഹെഡ്‌ലിയില്‍നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ മുംബൈ ഭീകരാക്രമണംപോലെയുള്ള സംഭവങ്ങള്‍ തടയാന്‍ സഹായിക്കും. ഹെഡ്‌ലിയില്‍നിന്ന് ഇതിനോടകം നിര്‍ണായകമായ പല വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. ഹെഡ്‌ലിയുടെ ശിക്ഷ കുറഞ്ഞുപോയതില്‍ ഇന്ത്യ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. ഹെഡ്‌ലിക്ക് വധശിക്ഷ നല്‍കണമെന്നായിരുന്നു ഇന്ത്യയുടെ ആവശ്യം.

മേഖലയില്‍ സമാധാനം കൈവരിക്കാന്‍ ഇന്ത്യയും പാകിസ്താനും ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും ഹില്ലരി ആവശ്യപ്പെട്ടു. പാകിസ്താന്റെ സുരക്ഷയ്ക്ക് ഭീഷണിയായി അവിടെ തീവ്രവാദം വളരുകയാണ്. ഇതിനെതിരെ അവര്‍ കര്‍ശന നടപടിയെടുക്കണമെന്നും അവര്‍ പറഞ്ഞു.

രാഷ്ട്രീയത്തിലേക്ക് ഇനിയൊരു മടങ്ങിവരവിന് സാധ്യതയില്ലെന്ന് അമേരിക്കന്‍ ദേശീയ റേഡിയോയ്ക്ക് അനുവദിച്ച മറ്റൊരു അഭിമുഖത്തില്‍ അവര്‍ വ്യക്തമാക്കി. 2016-ലെ പ്രസിഡന്‍റ് തിരഞ്ഞെടുപ്പില്‍ ഹില്ലരി മത്സരിച്ചേക്കുമെന്ന് അഭ്യൂഹം ഉണ്ടായിരുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് 65-കാരിയായ ഹില്ലരിയെ കഴിഞ്ഞമാസം ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയിരുന്നു.

Latest news