
കുവൈത്ത് സിറ്റി: ആഭ്യന്തരയുദ്ധം പ്രതിസന്ധിയിലാക്കിയ സിറിയന്‍ ജനതയെ സഹായിക്കാന്‍ ചുരുങ്ങിയത് 120 കോടി ഡോളറിന്റെ സഹായനിധിയായി. സിറിയന്‍ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ബുധനാഴ്ച കുവൈത്ത് സിറ്റിയില്‍ ചേര്‍ന്ന അന്താരാഷ്ട്ര സമ്മേളനത്തിലാണ് വിവിധ രാജ്യങ്ങള്‍ ഈ തുക വാഗ്ദാനം ചെയ്തത്. 150 കോടി ഡോളര്‍ സ്വരൂപിക്കാനാണ് യു.എന്‍. സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്റെ പദ്ധതി.
സമ്മേളനം ഉദ്ഘാടനം ചെയ്ത കുവൈത്ത് അമീര്‍ ശൈഖ് സബാ അല്‍ അഹമ്മദ് അല്‍ സബാ 30 കോടി ഡോളര്‍ സംഭാവന നല്‍കി. സിറിയയിലെ പ്രശ്‌നം അതിഗുരുതരമാണെന്ന് ബാന്‍ കി മൂണ്‍ പറഞ്ഞു. മനുഷ്യത്വത്തിന്റെ പേരില്‍ പ്രത്യേകിച്ചും സിറിയന്‍ സര്‍ക്കാര്‍ ആക്രമണം അവസാനിപ്പിക്കാന്‍ ഉടന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സിറിയന്‍ ജനതയ്ക്ക് അടിയന്തര സാമ്പത്തിക സഹായം നല്‍കിയില്ലെങ്കില്‍ കൂടുതല്‍ പേര്‍ മരിക്കും.
അതിനിടെ, അലെപ്പോയിലെ കൂട്ടക്കൊലയ്ക്കുപിന്നില്‍ വിമത സംഘടനയായ അള്‍ നുസ്‌റ ഫ്രണ്ടാണെന്ന് സിറിയയിലെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി മൂണ്‍ വ്യക്തമാക്കി. സംഘടനയുമായി സഹകരിക്കാത്തവരെയാണ് കൊന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദൂരെനിന്നും മൃതദേഹങ്ങള്‍ ഒഴുകിയെത്താന്‍ മാത്രം വെള്ളം നദിയിലില്ലാത്തതിനാല്‍ ബുസ്താന്‍ അല്‍ ഖസറില്‍ വെച്ചുതന്നെയായിരിക്കും കൊല നടന്നത്. വിമതര്‍ക്ക് സ്വാധീനമുള്ള മേഖലയില്‍ വെച്ചാണ് പലരും കൊല്ലപ്പെട്ടതെന്ന് പ്രദേശവാസികള്‍ പറഞ്ഞതായി ബി.ബി.സി. റിപ്പോര്‍ട്ട് ചെയ്തു. 70 പേരുടെ മൃതദേഹങ്ങളാണ് ഖുവൈഖ് നദിക്കരയില്‍നിന്ന് കണ്ടെത്തിയത്.