TOP STORIES TODAY
  Jan 31, 2013
എഴുത്തച്ഛന്റെ കാലത്തെ സ്വര്‍ണക്കമ്മലും ജുമിക്കിയും
വി.വി. വിജു
ന്യൂഡല്‍ഹി: മലയാളി സ്ത്രീകള്‍ക്ക് സ്വര്‍ണാഭരണങ്ങളോടുള്ള പ്രിയത്തിന് എത്ര പഴക്കമുണ്ട്? കുറഞ്ഞത് ഭാഷാപിതാവ് എഴുത്തച്ഛന്റെ കാലത്തോളമെങ്കിലും എന്നാണ് ഉത്തരം. കമ്മലും ജുമിക്കിയും മറ്റും അക്കാലത്തുമുണ്ടായിരുന്നു എന്നതിന് സുന്ദരമായ തെളിവുകള്‍ ഇതാ - ന്യൂഡല്‍ഹിയിലെ ജന്‍പഥ് നാഷണല്‍ മ്യൂസിയത്തില്‍ പുരാവസ്തുവകുപ്പ് തുടങ്ങിയ 'റീ ഡിസ്‌കവറിങ് ഇന്ത്യ' എന്ന പ്രത്യേക പ്രദര്‍ശനത്തില്‍ വന്നാല്‍ അവ നേരിട്ടുകാണാം.

കാസര്‍കോട് ജില്ലയിലെ ബേക്കലില്‍ നിന്ന് കിട്ടിയ സ്വര്‍ണ ജുമിക്കിയും കമ്മലും ഇക്കേരി നായ്ക്കന്‍മാരുടെ കാലത്ത് നിര്‍മിച്ചവയാണെന്നാണ് വിലയിരുത്തല്‍. 1550-1700 വരെയാണ് ഇവരുടെ കാലഘട്ടം. ആര്‍ക്കിയോളജിക്കല്‍ സര്‍വേ 1961 മുതല്‍ 2011 വരെ ഇന്ത്യയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ ഖനനത്തില്‍ കണ്ടെടുത്ത പുരാവസ്തുക്കളുടെ പ്രദര്‍ശനത്തിലാണ് കേരളത്തില്‍ നിന്നുള്ള ഈ അപൂര്‍വ ആഭരണങ്ങളും പ്രദര്‍ശിപ്പിച്ചിട്ടുള്ളത്.

പഴയകാലത്തെ കരകൗശല വൈദഗ്ധ്യം വെളിപ്പെടുത്തുന്ന തരത്തിലാണ് ജുമിക്കിയുടെയും കമ്മലിന്റെയും രൂപകല്‍പന. നിരവധി ഇതളുകളുള്ള പൂവിന്റെ ആകൃതിയിലാണ് സ്വര്‍ണക്കമ്മല്‍. 2.31 ഗ്രാം ഭാരം. ഇപ്പോഴത്തെ കൂടുകമ്മലിന്റെ വകഭേദമായ ജുമിക്കിക്ക് 0.74 ഗ്രാം ഭാരമുണ്ട്. കര്‍ണാടകയിലെ ബെല്ലാരിയില്‍ നിന്നുകണ്ടെത്തിയ കര്‍ണാഭരണങ്ങളും ഇതോടൊപ്പമുണ്ട്.

ആഭരണങ്ങള്‍ മാത്രമല്ല ആയുധങ്ങളും പ്രദര്‍ശനത്തിനുണ്ട്. 1997-98 ലും 2000-01 ലും ബേക്കലില്‍ നടത്തിയ ഖനനങ്ങളിലായി ലോഹയുഗം മുതല്‍ ടിപ്പുസുല്‍ത്താന്റെ കാലംവരെയുള്ള രണ്ടായിരത്തോളം അവശിഷ്ടങ്ങള്‍ കണ്ടെത്തിയിരുന്നു. കോട്ടയം ജില്ലയിലെ കടനാട്ടുനിന്ന് കണ്ടെടുത്ത ഇരുമ്പ് ആയുധങ്ങളാണ് പ്രദര്‍ശിപ്പിച്ചവയിലെ മറ്റൊരു കൗതുകം. ലോഹയുഗകാലത്തെ ഫലാഗ്രം, കത്തി, പോര്‍മഴു എന്നിവയാണ് ഇതിലുള്ളത്. ബി.സി. 1100 മുതല്‍ 900 വരെയുള്ള കാലത്ത് ഉപയോഗിച്ചവയാണ് ഇത്. ഇരുമ്പുകൊണ്ടുള്ള ഫലാഗ്രത്തിന് 29.7 സെന്‍റിമീറ്റര്‍ നീളവും 3.5 സെന്‍റിമീറ്റര്‍ വീതിയും ഉണ്ട്. നടുവില്‍ ചതുരക്കള്ളികളോടുകൂടിയതാണ് പോര്‍മഴു. ഇത് 38.5 സെ.മീ. നീളവും 13.6 സെ.മീ. വീതിയും വരും. 2007-08-ല്‍ കോട്ടയം ജില്ലയിലെ മീനച്ചില്‍ താലൂക്കില്‍ നടത്തിയ ഖനനത്തിലാണ് ഇവ കണ്ടെത്തിയത്.
Other News in this section
ഇ-സാക്ഷരത നേടുന്നവര്‍ക്കെല്ലാം ഇന്റര്‍നെറ്റുള്ള മൊബൈല്‍ ഫോണ്‍ നല്‍കും
തിരുവനന്തപുരം: ഇ-സാക്ഷരത നേടുന്നവര്‍ക്കെല്ലാം ബി. എസ്.എന്‍.എല്ലിന്റെ പെന്റ് ഭാരത് മൊബൈല്‍ ഫോണ്‍ നല്‍കും. സമ്പൂര്‍ണ ഇ-സാക്ഷരതാ പരിപാടിയുടെ ഭാഗമായാണ് ഇന്റര്‍നെറ്റ് സൗകര്യത്തോടുകൂടിയ ഫോണ്‍ നവ ഇ-സാക്ഷരര്‍ക്ക് നല്‍കുന്നതെന്ന് മന്ത്രി പി.കെ.അബ്ദുറബ്ബ് പത്രസമ്മേളനത്തില്‍ പറഞ്ഞു. 18 മാസത്തേക്ക് 1999 മിനിട്ട് സംസാരിക്കാനുള്ള കോള്‍ നിരക്ക് ഇതിനായി നല്‍കണം. ഈ പദ്ധതിയുടെ സംസ്ഥാതല ..

Latest news