TOP STORIES TODAY
  Jan 31, 2013
വഴിവക്കില്‍ വീണ 'ഭാഗ്യം'വാരിയെടുത്ത് ജനം മുങ്ങി

തൃപ്പൂണിത്തുറ: വാനില്‍ നിന്ന് നടുറോഡിലേക്ക് തെറിച്ചുവീണ പെട്ടി പൊട്ടിയപ്പോള്‍ ഭാഗ്യക്കുറികള്‍ ചിതറിപ്പറന്നു. ഓടിയെത്തിയ വഴിപോക്കരും വാഹന യാത്രക്കാരുമെല്ലാം 'ഭാഗ്യം' വാരിക്കൂട്ടി കടന്നു.
നോട്ടുകെട്ടുകളാണെന്ന് കരുതിയാണ് കൂടുതലും പേരും ഓടിയെത്തിയത്. ടിക്കറ്റുകള്‍ നഷ്ടപ്പെട്ടതറിഞ്ഞ് വാനിലുണ്ടായിരുന്നവര്‍ തിരിച്ചെത്തിയപ്പോഴേക്കും ഭൂരിഭാഗവും അപ്രത്യക്ഷമായിരുന്നു.
തൃപ്പൂണിത്തുറ വടക്കേക്കോട്ട കവലയ്ക്കടുത്ത് പോപ്പുലര്‍ മാരുതിക്ക് മുന്നില്‍ ബുധനാഴ്ച വൈകീട്ട് നാലിനായിരുന്നു സംഭവം. സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഫിബ്രവരി 9ന് നറുക്കെടുക്കുന്ന കെ. ആര്‍-73 'കാരുണ്യ' ഭാഗ്യക്കുറി ടിക്കറ്റുകളാണ് റോഡില്‍ വീണത്. കാക്കനാട് കെ.പി.ബി.എസ്സില്‍ നിന്ന് കൊല്ലം ജില്ലാ ഭാഗ്യക്കുറി ഓഫീസിലേക്ക് കൊണ്ടുപോയതാണ് ഒരു കോടി രൂപ ഒന്നാം സമ്മാനമുള്ള ടിക്കറ്റുകള്‍. വാനിന്റെ പിറകിലെ ലോക്കിന്റെ വെല്‍ഡിംഗ് വിട്ടതിനെ തുടര്‍ന്നാണ് ഡോര്‍ താനേ തുറന്ന് ഭാഗ്യക്കുറി ടിക്കറ്റടങ്ങിയ കാര്‍ഡ് ബോര്‍ഡ് പെട്ടി വഴിയില്‍ വീണത്. വാഹനത്തിലുണ്ടായിരുന്നവര്‍ ആദ്യം ഇതറിഞ്ഞില്ല. പിന്നാലെ വന്ന മറ്റൊരു വാഹനം പെട്ടിയില്‍ കയറിയതോടെ പെട്ടി പൊട്ടി വഴിയില്‍ 'ഭാഗ്യപ്രളയ'മായി. ഇതുകണ്ട് അന്തംവിട്ട ജനം ടിക്കറ്റ് വാരിക്കൂട്ടി. അതുവഴി വന്ന ഒരു സ്വകാര്യബസ്സിലെ ജീവനക്കാര്‍ വണ്ടി നിര്‍ത്തി 'കോടി' കൈക്കലാക്കി.
രണ്ടുലക്ഷം ഭാഗ്യക്കുറി ടിക്കറ്റുകളാണ് വാനില്‍ ആകെ ഉണ്ടായിരുന്നത്. അതില്‍ മുപ്പതിനായിരം ടിക്കറ്റുകളടങ്ങിയ പെട്ടിയാണ് റോഡില്‍ വീണത്. കുറെ ടിക്കറ്റുകള്‍ തിരികെ കിട്ടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് തൃപ്പൂണിത്തുറ പോലീസ് അറിയിച്ചു.
സംഭവത്തെ തുടര്‍ന്ന് റോഡില്‍ ഗതാഗതം തടസ്സപ്പെട്ടതോടെ പോലീസും എത്തി. അതിനിടെ വാന്‍ തിരികെ എത്തി. ഇവിടെ വാഹനങ്ങള്‍ കയറിയതടക്കമുള്ള ടിക്കറ്റുകള്‍ വാനിലുണ്ടായിരുന്നവര്‍ എടുത്തു. തുടര്‍ന്ന് തൃപ്പൂണിത്തുറ പോലീസ് സ്‌റ്റേഷനില്‍ വിവരം അറിയിച്ചു.
സ്ത്രീകളും ഭാഗ്യക്കുറി ടിക്കറ്റ് റോഡില്‍ നിന്നെടുക്കാന്‍ ഉത്സാഹിച്ചു. ഭാഗ്യക്കുറി ടിക്കറ്റുകള്‍ ഇവിടെ നിന്ന് ലഭിച്ച ചിലര്‍ ടിക്കറ്റുകള്‍ ബന്ധപ്പെട്ടവരെ ഏല്‍പിക്കുന്നതിനായി 'മാതൃഭൂമി'യുടെ തൃപ്പൂണിത്തുറ ബ്യൂറോയിലെത്തിയിരുന്നു. ടിക്കറ്റുകള്‍ തുടര്‍ന്ന് അവര്‍ പോലീസിലേല്‍പ്പിച്ചു.
Other News in this section
സ്‌നേഹയ്ക്കുവേണ്ടി 'ഗംഗാ' പ്രവാഹം
സ്‌നേഹയുടെ ചികിത്സാനിധിയിലേക്ക് 'ഗംഗ' ബസ്സിലെ കണ്ടക്ടര്‍ യാത്രക്കാരില്‍നിന്ന് സംഭാവനകള്‍ ശേഖരിക്കുന്നു പള്ളുരുത്തി: 'ഗംഗ' എന്ന സ്വകാര്യബസ് വെള്ളിയാഴ്ച സര്‍വീസ് നടത്തിയത് കുമ്പളങ്ങി സെന്റ് പീറ്റേഴ്‌സ് സ്‌കൂള്‍ വിദ്യാര്‍ഥിനി സ്‌നേഹയ്ക്കുവേണ്ടിയാണ്. കാരുണ്യത്തിന്റെ വഴിയിലൂടെയുള്ള ഈ യാത്രയില്‍, മനസ്സുനിറയെ കനിവുമായി നാട്ടുകാരും ചേര്‍ന്നു. ഇടക്കൊച്ചിമട്ടാഞ്ചേരി ..
സെപ്റ്റിക് ടാങ്കില്‍ വീണ കുഞ്ഞനിയനെ മൂന്നര വയസ്സുള്ള ചേട്ടന്‍ രക്ഷിച്ചു
ഓളപ്പരപ്പില്‍ ഒഴുകാതെ 'കായല്‍വീട്‌
ഭൂമിയുടെ ബാല്യത്തിലും ജലമുണ്ടായിരുന്നെന്ന് പഠനം
'ഞങ്ങളെ രക്ഷിക്കൂ, വീട് വിറ്റ് സര്‍ക്കാറിന്റെ കടം വീട്ടാം'
മരുന്നുവിലനിര്‍ണയം സ്റ്റേ ആവശ്യം തള്ളി
ഭൂമിയുടെ ബാല്യം നരകതുല്യമെങ്കിലും ജലസാന്നിധ്യമുള്ളതായിരുന്നു: പഠനം

Latest news