TOP STORIES TODAY
  Jan 31, 2013
സ്മരണകളില്‍ കുളിരണിഞ്ഞ് ഇന്നസെന്‍റും ഡോ. രാധാകൃഷ്ണനും

ഇരിങ്ങാലക്കുട:അസുഖംമൂലംവിശ്രമിക്കുന്ന നടന്‍ ഇന്നസെന്‍റിനെ കാണാന്‍ ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. രാധാകൃഷ്ണനെത്തി. ബുധനാഴ്ച രാവിലെ 9.50ന് വീട്ടിലെത്തിയ നാട്ടുകാരനും സഹപാഠിയുമായ രാധാകൃഷ്ണനെ കണ്ടപ്പോള്‍ ഇന്നസെന്‍റിന്റെ അസുഖവും ക്ഷീണവുമെല്ലാം എങ്ങോ പോയ്മറഞ്ഞു.

ബാല്യസ്മരണകളിലൂടെയുള്ള ഒരുയാത്രയായിരുന്നു ഇരുവരും തമ്മില്‍ നടന്നത്. ഓര്‍മ്മപുതുക്കലില്‍ ഇന്നസെന്‍റും രാധാകൃഷ്ണനും പഴയ സ്‌കൂള്‍ കുട്ടികളായി. സ്വതസിദ്ധമായ നര്‍മ്മത്തിലൂടെ കൂട്ടുകാരന്റെ കുസൃതികള്‍ ഓര്‍ത്ത് ഡോ. രാധാകൃഷ്ണന്‍അരമണിക്കൂറിലേറെ ചെലവഴിച്ചു.

നാഷണല്‍ സ്‌കൂളില്‍ രാധാകൃഷ്ണന്റെ ജ്യേഷ്ഠന്‍ ശിവദാസനും ഇന്നസെന്‍റുമായിരുന്നു സഹപാഠികള്‍. ഇന്നസെന്‍റ് നാലില്‍ തോറ്റപ്പോള്‍ ശിവദാസന്‍ നാലരക്ലാസിലേക്ക് ജയിച്ചു. ജയിച്ചുപോകുന്ന ശിവദാസന്‍ ഇന്നസെന്‍റിനെ കെട്ടിപ്പിടിച്ച് കുറെ കരഞ്ഞു... ഇന്നസെന്‍റ് കഥ പറഞ്ഞുതുടങ്ങി: വേറെ ക്ലാസില്‍ പോകുന്നതുകൊണ്ടുള്ള വിഷമം കൊണ്ടാകുമെന്നാണ് താന്‍ കരുതിയത്. അതുകൊണ്ടുതന്നെ അയാളെ സാന്ത്വനിപ്പിച്ചു. സാര്യല്ല്യടാ... എന്റെകൂടെ പഠിച്ചവര്‍ പലരും ജയിച്ചുപോയിട്ടുണ്ട്... എനിക്കൊന്നും അതിലൊരു വിഷമവുമില്ലാ. അപ്പോ ശിവദാസന്‍ പറഞ്ഞു, അതല്ലടാ... എന്റെ അനിയന്‍ രാധാകൃഷ്ണന്‍ ഈക്ലാസിലേയ്ക്ക് ജയിച്ചുവരുന്നുണ്ട്... അവനെ നീ ചീത്തയാക്കരുതെന്ന്. പിന്നീടൊരിക്കല്‍ അപ്പനും ഇക്കാര്യം പറഞ്ഞിട്ടുണ്ട്- എടാ... ഈ ബാലചന്ദ്രന്‍, വിജയന്‍, രാധാകൃഷ്ണന്‍ ഇവരൊക്കെ എത്രനല്ല പിള്ളേരാ... നീയോ ചീത്തയായി... ഇനി അവരെക്കൂടി നീ ചീത്തയാക്കരുതെന്ന്. അതുപറഞ്ഞ് ചിരിച്ച ഇന്നസെന്‍റ് പെട്ടന്ന് ഗൗരവത്തിലായി. സത്യത്തില്‍ താനാരേയും ചീത്തയാക്കിയിട്ടില്ല. അവരെല്ലാം ഇപ്പോഴും തന്റെ ഏറ്റവും നല്ല സുഹൃത്തുക്കള്‍ തന്നെയാണെന്ന് ഇന്നസെന്‍റ് ഉറപ്പിച്ച് പറഞ്ഞു.

നല്ലവണ്ണം പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന രാധാകൃഷ്ണനും താനും വലിയ കൂട്ടുകാരായി. ഒരിക്കല്‍ കാലില്‍ തോര്‍ത്തുകെട്ടി ഓട്ടമത്സരം നടത്തി. ഓട്ടത്തിനിടയില്‍ താന്‍ കാലുടക്കി വീണു. എന്നാല്‍ രാധാകൃഷ്ണന്‍ ഓടി ഈ നിലയിലെത്തി. പിന്നീട് 40 വര്‍ഷത്തിനുശേഷമാണ് തങ്ങള്‍ ഒരുമിച്ച് കണ്ടത്. അന്ന് ഹൈദരാബാദിലായിരുന്നു രാധാകൃഷ്ണന്‍. താനവിടെ റാമോജി ഫിലിം സിറ്റിയില്‍ കാക്കക്കുയില്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിന് ചെന്നതായിരുന്നു. അവിടെവെച്ച് രാധാകൃഷ്ണനെ വിളിച്ചു. രാധാകൃഷ്ണന്‍ ഭാര്യയുമൊത്ത് ഷൂട്ടിങ്ങ് കാണാനെത്തിയപ്പോള്‍ മോഹന്‍ലാലിനെയും മറ്റുള്ളവരെയും പരിചയപ്പെടുത്തിക്കൊടുത്തു.

നാല്‍പത് മിനിറ്റോളം ഇരുവരും സംസാരിച്ചിരുന്നു. അസുഖം വന്നതില്‍പ്പിന്നെ എങ്ങനെ സമയം ചെലവഴിക്കുന്നുവെന്ന് രാധാകൃഷ്ണന്‍ ചോദിച്ചു. നല്ല പാട്ടുകള്‍ കേള്‍ക്കും... പിന്നെ ഒരു പുസ്തകത്തിന്റെ രചനയിലാ... ഈ അസുഖം വന്നതുകൊണ്ടുള്ള വിഷമങ്ങളല്ല, ഈ അസുഖം ഇത്രയേ ഉള്ളൂവെന്ന് ആളുകളെ ബോധ്യപ്പെടുത്താനുള്ള ചില നുറുങ്ങുകള്‍.

പോകാന്‍ നേരത്ത് വീട്ടുകാരൊരുമിച്ച് ഫോട്ടോയെടുക്കാനും പഴയ കളിക്കൂട്ടുകാരന്‍ മറന്നില്ല. പോലീസ് അകമ്പടിയോടെ കാറില്‍ കയറി പോകുന്ന കൂട്ടുകാരനെ നോക്കി ചാരുകസേരയില്‍ കിടന്ന് ഇന്നസെന്‍റ് വേറൊരു തമാശകൂടിപറഞ്ഞു. പോലീസിന്റെ കൂടെ അവന്‍ പോണ പോക്ക് കണ്ടാ... ചിലപ്പോ നമ്മളേം പോലീസ് കൊണ്ടോം... പക്ഷെ ഇതേപോലെ അകമ്പടിയായിട്ടല്ല. എല്ലാവര്‍ക്കും ചിരിക്കാന്‍ ഇന്നസെന്‍റിന് ആ വാചകം മുഴുവനാക്കേണ്ടിവന്നില്ല.

Other News in this section
ഇടുക്കിഡാം കാണാന്‍ വന്‍തിരക്ക്‌
ചെറുതോണി (ഇടുക്കി): ഓണത്തിന് ഇടുക്കിഡാം കാണാന്‍ ഇക്കുറി ആയിരങ്ങളെത്തി. ഓണോത്സവത്തിന്റെ ഭാഗമായി ഡാം തുറന്നു നല്‍കിയതുമൂലമാണ് തിരക്കേറിയത്. അന്യസംസ്ഥാനക്കാരാണ് കൂടുതല്‍ എത്തിയത്. ബോട്ടിങ്ങായിരുന്നു മുഖ്യആകര്‍ഷണമായത്. ശനിയാഴ്ച 6714 പേര്‍ ഡാം സന്ദര്‍ശിച്ചു. ബോട്ടിങ്ങിന് അഞ്ചുപേരുടെ സംഘത്തിന് 750 രൂപയാകും. ഡാം സന്ദര്‍ശിക്കാന്‍ മുതിര്‍ന്നവര്‍ക്ക് 20 രൂപയും കുട്ടികള്‍ ..

Latest news

- -