
മുംബൈ: ബി.ജെ.പി പ്രസിഡന്റ് നിതിന്‍ ഗഡ്കരിയുടെ കമ്പനിയുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന സ്ഥാപനങ്ങളില്‍ ആദായ നികുതി വകുപ്പിന്റെ പരിശോധന. ഗഡ്കരിയുടെ ഉടമസ്ഥതയിലുള്ള പുര്‍ത്തി ഗ്രൂപ്പിന് നിക്ഷേപമുള്ള വ്യാജ കമ്പനികളുടെ ഓഫീസുകളിലാണ് പരിശോധന നടന്നത്.
ഒമ്പതിടങ്ങളിലായിരുന്നു പരിശോധന നടത്തിയത്. പ്രത്യേകമായ സ്വത്തുക്കളോ ഇടപാടുകളോ ഇല്ലാതെ ബിനാമി രൂപത്തില്‍ പുര്‍ത്തി ഗ്രൂപ്പിനുവേണ്ടി വ്യാവസായിക ഇടപാടുകള്‍ നടത്തുന്ന സ്ഥാപനങ്ങളാണ് ഇവ. ഈ സ്ഥാപനങ്ങളുടെ മേല്‍വിലാസത്തെക്കുറിച്ചും ഇവര്‍ നടത്തുന്ന ഇടപാടുകളെക്കുറിച്ചും പരിശോധിച്ചുവരികയാണെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. ആദായ നികുതി വകുപ്പിന്റെ പൂണെ ശാഖയുടെ നിര്‍ദേശപ്രകാരമാണ് മുംബൈയിലുള്ള ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. ആവശ്യമെങ്കില്‍ ഈ കമ്പനികളുടെ ഡയറക്ടര്‍മാരുടെ മൊഴികള്‍ രേഖപ്പെടുത്തുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പുര്‍ത്തി ഗ്രൂപ്പിന് അനധികൃതമായി നിക്ഷേപമുണ്ടെന്ന ആരോപണം അന്വേഷിക്കുന്ന ആദായ നികുതി ഉദ്യോഗസ്ഥരുടെ മുമ്പാകെ തിങ്കളാഴ്ച ഹാജരാകാന്‍ ഗഡ്കരിയോട് ആവശ്യപ്പെട്ടിരുന്നെങ്കിലും അദ്ദേഹം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് ഗഡ്കരിയോട് ഫിബ്രവരി ഒന്നിന് ഹാജരാകാന്‍ ആദായ നികുതി വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.