ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ കൂട്ടബലാത്സംഗ കേസിന്റെ വിചാരണ ഡല്‍ഹിക്ക് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികളിലൊരാള്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് സുപ്രീം കോടതി നാളത്തേക്ക് മാറ്റി. ഹര്‍ജി ഇന്ന് പരിഗണിക്കുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും മറ്റ് കേസുകള്‍ നീണ്ടു പോയതിനാല്‍ നാളെ പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
ഉത്തര്‍പ്രദേശിലെ മഥുരയിലേക്ക് കേസ് മാറ്റണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് പ്രതിയായ മുകേഷിന്റെ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അധ്യക്ഷനായ ബെഞ്ചിനോട് ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയിലെ പൊതുവികാരം എതിരായതിനാല്‍ നീതിപൂര്‍വമായ വിചാരണ ലഭിക്കില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു. പോലീസും ജഡ്ജിമാരും സമ്മര്‍ദത്തിന് വഴങ്ങി തനിക്കെതിരെ ഉത്തരവുകളിറക്കുമെന്ന് ഭയക്കുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. മുഖ്യമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും പുറപ്പെടുവിക്കുന്ന പ്രസ്താവനകളും കോടതിയെ സമ്മര്‍ദത്തിലാക്കുന്നു. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട ബസിന്റെ ഡ്രൈവര്‍ രാം സിങ്ങിന്റെ സഹോദരനാണ് മുകേഷ്.