ഐസ്‌ക്രീം കേസ്: സര്‍ക്കാരിന്റെ ഹര്‍ജി ജനവരി 29-ലേയ്ക്ക് മാറ്റി

Published on  22 Jan 2013
കൊച്ചി: ഐസ്‌ക്രീം അട്ടിമറിക്കേസില്‍ വി.എസ്.അച്യുതാനന്ദന് കേസ് ഡയറി നല്‍കണമെന്ന ഉത്തരവിനെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ജനവരി 29-ലേയ്ക്ക് മാറ്റി. അഡ്വക്കറ്റ് ജനറലിന്റെ അസൗകര്യം കണക്കിലെടുത്താണ് നടപടി. അതേസമയം നിരന്തരം വാദം മാറ്റിവയ്‌ക്കേണ്ടിവരുന്ന സാഹചര്യമുണ്ടാക്കരുതെന്ന് കോടതി വിമര്‍ശിച്ചു. അഡ്വക്കറ്റ് ജനറല്‍ ചേംബറിലെത്തി കേസ് നീട്ടിവയ്ക്കണമെന്ന് നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് കോടതി വെളിപ്പെടുത്തി. കോടതി നടപടികളില്‍ സുതാര്യത ഉറപ്പ് വരുത്തേണ്ടത് കോടതിയുടെ ചുമതലയാണെന്ന് ജസ്റ്റിസ് വി.കെ.മോഹനന്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ഹര്‍ജി മജിസ്‌ട്രേട്ട് കോടതിയുടെ നടപടികള്‍ നീട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്ന് വി.എസിന്റെ അഭിഭാഷകന്‍ കുറ്റപ്പെടുത്തി. കഴിഞ്ഞ തവണ മജിസ്‌ട്രേട്ട് കോടതി കേസ് പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയില്‍ കേസ് നിലനില്‍ക്കുന്നവെന്ന കാരണത്താല്‍ കേസ് നീട്ടിവെച്ചത് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.