LATEST NEWS
  Jan 22, 2013
ചൗട്ടാലയ്ക്കും മകനും 10 വര്‍ഷം തടവ് ശിക്ഷ

ന്യൂഡല്‍ഹി: അധ്യാപക നിയമനവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ ഹരിയാന മുന്‍ മുഖ്യമന്ത്രിയും ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ നേതാവുമായ ഓംപ്രകാശ് ചൗട്ടാലയ്ക്കും മകന്‍ അജയ് ചൗട്ടാലയ്ക്കും 10 വര്‍ഷം തടവ് ശിക്ഷ. 3206 ജൂനിയര്‍ ബേസിക് ട്രെയിന്‍ഡ് ടീച്ചര്‍മാരുടെ നിയമനത്തില്‍ വന്‍ അഴിമതി നടന്ന കേസിലാണ് സി.ബി.ഐ പ്രത്യേക കോടതിയുടെ സുപ്രധാനമായ വിധി. വിധികേട്ട് രോഷാകുലരായ ചൗട്ടാല അനുയായികള്‍ കോടതിക്ക് നേരെ കല്ലേറ് നടത്തുകയും പടക്കമെറിയുകയും ചെയ്തു.

ചൗട്ടാലയുടെ സ്‌പെഷല്‍ ഡ്യൂട്ടി ഓഫീസര്‍ വിദ്യാധര്‍, രാഷ്ട്രീയകാര്യ സെക്രട്ടറി ഷേര്‍സിങ് ബദ്ഷാമി, പൊതുവിദ്യാഭ്യാസ ഡയറക്ടറായിരുന്ന സഞ്ജീവ് കുമാര്‍ എന്നിവര്‍ക്കും 10 വര്‍ഷം വീതം തടവ് വിധിച്ചിട്ടുണ്ട്. ഓം പ്രകാശ് ചൗട്ടാലയും മകനും എം.എല്‍.എ.യുമായ അജയ് ചൗട്ടാലയുമടക്കം 53 പേര്‍ കുറ്റക്കാരാണെന്ന് പ്രത്യേക സി.ബി.ഐ. കോടതി നേരത്തെ കണ്ടെത്തിയിരുന്നു.

ആദ്യ പട്ടികയില്‍ 62 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതില്‍ ആറു പേര്‍ വിചാരണഘട്ടത്തില്‍ മരിച്ചു. അധ്യാപകരെ തിരഞ്ഞെടുക്കുന്നതില്‍ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി സഞ്ജീവ് കുമാര്‍ സുപ്രീം കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി നല്‍കിയതോടെയാണ് കേസിന്റെ തുടക്കം. മുന്‍ സര്‍ക്കാര്‍ തിരഞ്ഞെടുത്ത 2000 അധ്യാപകരുടെ പട്ടികയില്‍ മാറ്റം വരുത്താന്‍ ചൗട്ടാല സമ്മര്‍ദം ചെലുത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. എന്നാല്‍, കുമാറാണ് മാറ്റങ്ങള്‍ വേണമെന്ന് നിര്‍ബന്ധിച്ചതെന്ന് ചൗട്ടാലയും കുറ്റപ്പെടുത്തി. തുടര്‍ന്ന് സി.ബി.ഐ.ക്ക് സുപ്രീം കോടതി കേസ് കൈമാറി. നാല് കൊല്ലത്തെ അന്വേഷണത്തിനിടയില്‍ ചൗട്ടാലയുടെ വീട് സി.ബി.ഐ. റെയ്ഡ് ചെയ്തിരുന്നു. ഇരുവരെയും ചോദ്യം ചെയ്തു.

ഒരോ ഉദ്യോഗാര്‍ഥിയും നിയമനത്തിനായി മൂന്ന് മുതല്‍ നാല് ലക്ഷം വരെയാണ് കൈക്കൂലി നല്‍കിയതെന്ന് സി.ബി.ഐ. കണ്ടെത്തി. നേരത്തേയുള്ള പട്ടികയ്ക്കുപകരം പുതിയത് തയ്യാറാക്കാന്‍ സഞ്ജീവ് കുമാറിന് വിദ്യാഭ്യാസ വകുപ്പിന്റെ ചുമതല വഹിച്ച ചൗട്ടാല നിര്‍ദേശം നല്‍കി. 2008 ല്‍ ചൗട്ടാലമാര്‍ക്കും മറ്റുള്ളവര്‍ക്കുമെതിരെ സി.ബി.ഐ. കുറ്റപത്രം സമര്‍പ്പിച്ചു.

ഡല്‍ഹിയിലെ ഹരിയാണഭവനില്‍ 18 ജില്ലകളിലെയും തിരഞ്ഞെടുപ്പ് സമിതി അധ്യക്ഷന്‍മാരെ വിളിച്ചവരുത്തിയാണ് രണ്ടാമത്തെ പട്ടിക തയ്യാറാക്കിയതെന്ന സി.ബി.ഐ. കണ്ടെത്തല്‍ കോടതി അംഗീകരിച്ചു. രേഖകള്‍ കൃത്രിമമായി ചമച്ചെന്ന ആരോപണവും ശരിവെച്ചിട്ടുണ്ട്.

അഞ്ച് തവണ ഹരിയാനയില്‍ മുഖ്യമന്ത്രിപദം അലങ്കരിച്ച 78 കാരനായ ചൗട്ടാലയുടെ രാഷ്ട്രീയ ജീവിതത്തിന് ഏറ്റ കനത്ത തിരിച്ചടിയായി വിധി. ചൗട്ടാലയ്‌ക്കെതിരെ സി.ബി.ഐ കോടതി വിധിപറയുന്നതിന് മുമ്പ് തന്നെ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ പ്രവര്‍ത്തകരും പോലീസും കോടതിക്ക് പുറത്ത് ഏറ്റുമുട്ടി. രോഹിണി കോടതിക്ക് പുറത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി. ടിയര്‍ഗ്യാസ് പ്രയോഗവും നടന്നു. 8000 ത്തോളം ഐ.എന്‍.എല്‍.ഡി പ്രവര്‍ത്തകരാണ് ചൊവ്വാഴ്ച കോടതിക്ക് പുറത്ത് തടിച്ചുകൂടിയത്‌

Latest news

- -