ചൗട്ടാല അനുയായികളും പോലീസും ഏറ്റുമുട്ടി

Published on  22 Jan 2013
ന്യൂഡല്‍ഹി: അധ്യാപക നിയമന അഴിമതിക്കേസില്‍ ഓംപ്രകാശ് ചൗട്ടാലയ്‌ക്കെതിരെ സി.ബി.ഐ കോടതി വിധിപറയാനിരിക്കെ ഇന്ത്യന്‍ നാഷണല്‍ ലോക്ദള്‍ പ്രവര്‍ത്തകരും പോലീസും കോടതിക്ക് പുറത്ത് ഏറ്റുമുട്ടി. ഡല്‍ഹി രോഹിണി കോടതിക്ക് പുറത്ത് തടിച്ചുകൂടിയ പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തള്ളിമാറ്റാന്‍ ശ്രമിച്ചതോടെ പോലീസ് ലാത്തിവീശി. ടിയര്‍ഗ്യാസ് പ്രയോഗവും നടന്നു.

ഹരിയാന മുന്‍ മുഖ്യമന്ത്രിയായ ഓംപ്രകാശ് ചൗട്ടാലയും മകന്‍ അജയ് ചൗട്ടാലയും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയായിരിക്കെ 1999-2000 കാലത്ത് ചട്ടങ്ങള്‍ മറികടന്ന് 3000 ജൂനിയര്‍ അധ്യാപകരെ നിയമിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് ഇരുവരേയും കുറ്റക്കാരായി കോടതി കണ്ടെത്തിയത്.