ഹാലിശഹാര്‍: പരസ്പരം മാലയണിയിച്ചു. വധുവിന്റെ നെറ്റിയില്‍ സിന്ദൂരവും തൊട്ടു. ഏറെ നേരം നീണ്ടുനിന്ന ചടങ്ങുകള്‍ക്ക് ശേഷം വധൂ വരന്മാരായ ശൗഭീക് ദേയും ദോലന്‍ സര്‍ക്കാരും വിവാഹിതരായി. നിമിഷങ്ങള്‍ പോലും കഴിഞ്ഞില്ല. വെള്ളിത്തിരയിലെന്ന പോലെ വിവാഹ മണ്ഡപത്തിന്റെ പിന്നില്‍ ഒളിച്ചിരുന്ന വില്ലന്‍ വരന്റെ നെറ്റിയിലേക്ക് നിറയൊഴിച്ചു. എന്താണ് സംഭവിച്ചതെന്ന് അറിയുന്നതിന് മുമ്പ് തന്നെ വരന്‍ താഴെ വീണു പിടഞ്ഞു. പക്ഷെ വരന്റെ ഘാതകാനും രക്ഷപ്പെടാന്‍ കഴിഞ്ഞില്ല. വേദിയിലുണ്ടായിരുന്ന വരന്റെ ബന്ധുക്കളുടെയും അതിഥികളുടെയും ഇടിയും തൊഴിയുമേറ്റ് രാജീവ് ബോസ് എന്ന വില്ലന്റെയും കഥ കഴിഞ്ഞു. വധുവായ ദോലന്‍ സര്‍ക്കാര്‍ ഘാതകനായ രാജീവ് ബോസിന്റെ പഴയ പ്രണയിനി ആണെന്നതാണ് വരനെ കൊല്ലാനുള്ള കാരണമെന്ന് അയല്‍ക്കാരും ബന്ധുക്കളും പറയുന്നു. രാജീവ് ബോസ് വധുവിനെ ഇടയ്ക്കിടയ്ക്ക് ശല്യപ്പെടുത്താറുണ്ടായിരുന്നു എന്നും ഇക്കാര്യം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നതായും വധുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. എല്ലാ കാര്യങ്ങളറിഞ്ഞിട്ടും വധുവിന്റെ വീട്ടുകാര്‍ ഇക്കാര്യം തങ്ങളില്‍ നിന്ന് മറച്ചുവെക്കുകയായിരുന്നുവെന്ന് വരന്റെ ബന്ധുക്കള്‍ കുറ്റപ്പെടുത്തി.
യഥാര്‍ത്ഥ വില്ലന്‍ മറ്റാരോ ആകാനുള്ള സാധ്യതയും പോലീസ് തള്ളിക്കളയുന്നില്ല. യഥാര്‍ത്ഥ വില്ലന്‍ ഒരു പക്ഷെ രാജീവിനെ വാടകക്കെടുത്തതായിരിക്കാം എന്ന് പോലീസ് സംശയിക്കുന്നു.
ശനിയാഴ്ച രാത്രി പശ്ചിമ ബംഗാളിലെ ഹാലി ശഹരിലുള്ള നവ നഗറിലാണ് ഈ ദുരന്തം സംഭവിച്ചത്. സംഭവ സ്ഥലത്ത് നിന്നും പോലീസ് ശൗഭീക്കിനെ കൊല്ലാനുപയോഗിച്ച റിവോള്‍വര്‍ കണ്ടെടുത്തിട്ടുണ്ട്
രവി പാലൂര്‍