കൊച്ചി: ആയുധക്കരാര്‍ അഴിമതിക്കേസിലെ ഇടനിലക്കാരിയായ മുംബൈ സ്വദേശിനി സുബി മാലി സി.ബി.ഐ കൊച്ചി ഓഫീസില്‍ ഹാജരായി. ഇവരെ വിശദമായി ചോദ്യം ചെയ്യും. കേസില്‍ മൂന്നാം പ്രതിയാണ് സുബി. നേരത്തെ മുംബൈയില്‍ നിന്ന് കൊച്ചി സി.ബി.ഐ ഓഫീസില്‍ ഹാജരാകാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ സുബി മാലിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
ആന്ധ്രയിലെ മേഡക്കിലുള്ള ഇന്ത്യന്‍ ഓര്‍ഡനന്‍സ് ഫാക്ടറി, ചെന്നൈ ആവഡിയിലെ ഹെവി വെഹിക്കിള്‍സ് ഫാക്ടറി എന്നിവിടങ്ങളിലെ പത്ത് ഉദ്യോഗസ്ഥര്‍ക്കെതിരെയും സി.ബി.ഐ അന്വേഷണം വ്യാപിപ്പിക്കുന്നുണ്ട്. കൊച്ചി, ചെന്നൈ, ഡല്‍ഹി എന്നീ യൂണിറ്റുകളില്‍നിന്നുള്ള സിബിഐ സംഘം തിങ്കളാഴ്ച ഏതാനും ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തിട്ടുണ്ട്. ഈ കേസില്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്ന് സി.ബി.ഐ അറിയിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് ഫോര്‍ജിങ് ലിമിറ്റഡിന്റെ മുന്‍ എംഡി ഡോ.ഷാനവാസ്, സീനിയര്‍ മാനേജര്‍ വത്സന്‍ എന്നിവരെയും സി.ബി.ഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. ഓര്‍ഡനന്‍സ് ഫാക്ടറിയിലും ആവഡി ഹെവി വെഹിക്കിള്‍സ് ഫാക്ടറിയിലും ടാങ്കുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ നിര്‍മിക്കുന്നു. ഈ കേന്ദ്രസര്‍ക്കാര്‍ ഫാക്ടറികള്‍ക്ക് ടാങ്ക് സ്‌പെയര്‍പാര്‍ട്ടുകള്‍ നല്‍കുന്നതില്‍ ഇന്ത്യയിലെ നാല് സ്ഥാപനങ്ങളുടെ ഇടനിലക്കാരിയായി പ്രവര്‍ത്തിച്ചത് മുംബൈയിലുള്ള സുബിഷ് ഇംപെക്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ ഉടമ സുബി മാലയാണെന്ന് അന്വേഷണത്തില്‍ സി.ബി.ഐ കണ്ടെത്തിയിട്ടുണ്ട്. സ്‌പെയര്‍ പാര്‍ട്ടുകള്‍ വാങ്ങുന്നതിനുള്ള ടെന്‍ഡറുകള്‍ ബന്ധപ്പെട്ട സര്‍ക്കാരുദ്യോഗസ്ഥര്‍ പുനര്‍ വിജ്ഞാപനം ചെയ്തുകൊണ്ട് ഉത്തരവിറക്കിയപ്പോള്‍ നേരത്തെ നിശ്ചയിച്ച വിലയേക്കാള്‍ അറുപത് ശതമാനം വര്‍ധിപ്പിച്ചു. ഇതോടെ, ഇടനിലക്കാരിയായ സുബി മാല കോടികള്‍ തട്ടിയെടുത്തുവെന്നാണ് പ്രാരംഭ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. സുബി മാല കേന്ദ്രത്തില്‍ സ്വാധീനം ചെലുത്തിയാണ് കരാറില്‍ മാറ്റംവരുത്തിയത്. അവരുടെ ബാങ്ക് അക്കൗണ്ടുകള്‍ സി.ബി.ഐ പരിശോധിച്ചിരുന്നു.
അഴിമതി നിരോധന നിയമം, ഔദ്യോഗിക രഹസ്യ നിയമം എന്നീ വകുപ്പുകളനുസരിച്ചാണ് കേസുകള്‍ സി.ബി.ഐ അന്വേഷിക്കുന്നത്.