മുംബൈ: മീരാറോഡില്‍ വര്‍ക്ക് ഷോപ്പിനകത്ത് മലയാളി പ്ലമ്പിങ് തൊഴിലാളി കൊല്ലപ്പെട്ട നിലയില്‍. പത്തനംതിട്ട പെരുമ്പുളിക്കല്‍ വളത്തുണ്ടില്‍ ജോണ്‍സണ്‍ വര്‍ഗീസി (44) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മീരാറോഡ് ഗോകുല്‍ വില്ലേജിലെ ജി.ആര്‍. എന്‍ജിനിയറിങ് വര്‍ക്‌സില്‍ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്കടിയേറ്റ് മുഖം വികൃതമായ നിലയിലാണ്. സംഭവവുമായി ബന്ധപ്പെട്ട് ജി.ആര്‍.എന്‍ജിനീയറിങ് വര്‍ക്‌സിലെ തൊഴിലാളിയായ മധ്യപ്രദേശ് സ്വദേശി പഞ്ചിമിനെ പോലീസ് തിരയുന്നുണ്ട്.
ജോണ്‍സണ്‍ മീരാറോഡില്‍ കഴിഞ്ഞ ആറ് കൊല്ലമായി താമസിച്ചു വരികയാണ്. രാജു ചെറിയാന്‍ എന്ന മലയാളിയാണ് എന്‍ജിനീയറിങ് വര്‍ക്‌സിന്റെ ഉടമ. ജോലി കഴിഞ്ഞ് ഇവിടെത്തന്നെയാണ് ജോണ്‍സണും പഞ്ചിമും കിടക്കാറ്. പണമോ മറ്റ് വസ്തുക്കളോ നഷ്ടപ്പെട്ടതായി അറിവില്ല. രാജു ചെറിയാന്‍ രാവിലെ സ്ഥാപനം തുറന്നപ്പോഴാണ് ജഡം കണ്ടെത്തിയത്. ഉടന്‍തന്നെ മീരാറോഡ് പോലീസില്‍ വിവരം അറിയിച്ചു. തലയ്ക്കടിയേറ്റ് രക്തം വാര്‍ന്നത് മൂലമാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.
സംഭവം അറിഞ്ഞ് അന്ധേരിയിലുള്ള ജോണ്‍സന്റെ സഹോദരി റോസമ്മയും ഭര്‍ത്താവ് ഡാനിയേലും എത്തി. ശവസംസ്‌കാരം ചൊവ്വാഴ്ച 12 ന് മീരാറോഡ് ക്രിസ്ത്യന്‍ സെമിത്തേരിയില്‍ നടക്കും.ജോണ്‍സന്റെ പിതാവ് ശമുവേലും അമ്മ രാഹേലുമാണ്. അവിവാഹിതനാണ്.