വാഷിങ്ടണ്‍: രാജ്യത്തിന്റെ നിയമനിര്‍മാണ ആസ്ഥാനമായ ക്യാപിറ്റോള്‍ മന്ദിരത്തിനുപുറത്ത് ആയിരങ്ങളെ സാക്ഷി നിര്‍ത്തി ബരാക് ഒബാമ യു.എസ്സിന്റെ 44-ാമത് പ്രസിഡന്‍റായി തിങ്കളാഴ്ച വീണ്ടും സത്യപ്രതിജ്ഞ ചെയ്തു.
ഭരണഘടനപ്രകാരം സത്യപ്രതിജ്ഞ ചെയ്യേണ്ട ദിവസമായ ജനവരി 20ന് അദ്ദേഹം വൈറ്റ് ഹൗസിലെ ലളിതമായ ചടങ്ങില്‍ പ്രസിഡന്‍റ്പദത്തിലെ രണ്ടാമൂഴത്തിന് തുടക്കം കുറിച്ചിരുന്നു. 20-ാം തീയതി ഞായറാഴ്ചയായതിനാലാണ് തിങ്കളാഴ്ച പൊതുചടങ്ങില്‍ ഒബാമ വീണ്ടും സത്യപ്രതിജ്ഞ ചെയ്തത്.
യു.എസ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ജോണ്‍ റോബര്‍ട്‌സ് ആണ് രണ്ടുചടങ്ങുകളിലും സത്യവാചകം ചൊല്ലിക്കൊടുത്തത്.
രാജ്യത്തെ അടിമവ്യാപാരത്തിന് അന്ത്യം കുറിച്ച പ്രസിഡന്‍റ് എബ്രഹാം ലിങ്കന്റെയും യു.എസ്സിലെ കറുത്ത വര്‍ഗക്കാരുടെ വിമോചനനായകന്‍ മാര്‍ട്ടിന്‍ ലൂഥര്‍ കിങ് ജൂനിയറിന്റെയും ബൈബിളുകളില്‍ കൈവെച്ചാണ് ഒബാമ തിങ്കളാഴ്ച സത്യവാചകം ചൊല്ലിയത്. ഭാര്യ മിഷേലിന്റെ കുടുംബ ബൈബിളില്‍ തൊട്ടായിരുന്നു ഞായറാഴ്ചത്തെ സത്യപ്രതിജ്ഞ.
പൂര്‍വികരുടെ വാക്കുകളെ വര്‍ത്തമാനകാലത്തിന്റെ യാഥാര്‍ഥ്യങ്ങളുമായി ബന്ധിപ്പിക്കുന്നതിനുള്ള യാത്ര ആരംഭിക്കുകയായെന്ന് ഒബാമ തിങ്കളാഴ്ച സത്യപ്രതിജ്ഞക്കുശേഷം നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു. സമാധാനത്തിലധിഷ്ഠിതമായ ലോകം സൃഷ്ടിക്കാന്‍ യു.എസ്. പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.