ഷിന്‍ഡെയുടെ പ്രസ്താവന ആയുധമാക്കി ലഷ്‌കര്‍

Published on  22 Jan 2013
ലാഹോര്‍: ആര്‍.എസ്.എസ്സും ബി.ജെ.പി.യും ഭീകരത വളര്‍ത്തുന്നുവെന്ന കേന്ദ്ര ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെയുടെ പ്രസ്താവന പാക് ഭീകരസംഘടനയായ 'ലഷ്‌കര്‍ ഇ തൊയ്ബ'യുടെ സ്ഥാപകന്‍ ഹാഫീസ് സയീദ് ആയുധമാക്കുന്നു.

പാക് സംഘടനകള്‍ തീവ്രവാദം വളര്‍ത്തുന്നുവെന്ന് ആരോപിക്കുന്ന ഇന്ത്യയുടെ യഥാര്‍ഥമുഖം ഇതോടെ വെളിപ്പെട്ടിരിക്കുകയാണെന്ന് മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനെന്ന് കരുതപ്പെടുന്ന ഹാഫീസ് സയീദ് ലാഹോറില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

പാക് സംഘടനകളെ തീവ്രവാദികളെന്നാണ് ഇന്ത്യ മുദ്രകുത്തുന്നത്. അഞ്ചു കൊല്ലം കഴിഞ്ഞിട്ടും ഒന്നും തെളിയിക്കാനായിട്ടില്ല-സയീദ് പറഞ്ഞു.

പാകിസ്താനില്‍ ഭീകരത വളര്‍ത്തുന്നത് ഇന്ത്യന്‍ സംഘടനകളാണെന്ന് സയീദ് ആരോപിച്ചു. ഈ സാഹചര്യത്തില്‍ ഇന്ത്യയെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കാന്‍ പാകിസ്താന്‍ യു.എന്നില്‍ സമ്മര്‍ദം ചെലുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജസ്ഥാനിലെ ജയ്പുരില്‍ ഞായറാഴ്ച നടന്ന എ.ഐ.സി.സി. സമ്മേളനത്തിലാണ് ആഭ്യന്തരമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ബി.ജെ.പി.യും ആര്‍.എസ്.എസ്സും ഭീകരപരിശീലന ക്യാമ്പുകള്‍ നടത്തുന്നതായി ആരോപിച്ചത്.